സിനിമ ഈ പറക്കുംതളിക. വെടക്കുപിടിച്ച ശകടമായ താമരാക്ഷന്‍പിള്ളയെയും കൂട്ടി കല്യാണച്ചെറുക്കന്റെ വീടിന് മുന്നിലെത്തിയിരിക്കുകയാണ് ദിലീപും ഹരിശ്രീ അശോകനും. അകത്ത് മര്യാദയ്ക്ക് ഒരുങ്ങിക്കൊണ്ടിരുന്ന മണവാളനെ രണ്ടുപേരും കൂടെ ഒരു വഴിക്കാക്കുന്നതാണ് തുടര്‍ന്നുള്ള രംഗങ്ങള്‍. പാതിമുറിഞ്ഞ മീശയുമായി നില്ക്കുന്ന ആ മണവാളന്റെ ധര്‍മസങ്കടം അന്ന് തീയേറ്ററില്‍ തീര്‍ത്തത് വലിയ ചിരി അലകളാണ്. അപ്പോള്‍ ക്യാമറയ്ക്കുമുന്നില്‍നിന്ന അതേ നില്പ് ഓര്‍ത്ത് അന്നത്തെ മണവാളന് കലാഭവന്‍ ഹനീഫ് ഇപ്പോഴും ചിരിക്കുന്നുണ്ട്.
‘ആ കല്യാണച്ചെറുക്കന്റെ കഥാപാത്രം നന്നാക്കുന്നതില്‍ ദിലീപിന് നല്ല പങ്കുണ്ട്. എന്റെ തലയുടെ മുന്നില്‍നിന്ന് ഇത്തിരി മുടി എടുത്തോട്ടെ എന്ന് ദിലീപാണ് ചോദിച്ചത്. ഞാന്‍ പറഞ്ഞു അതിനെന്താ, എടുത്തോന്ന്.കഥാപാത്രത്തിനുവേണ്ടി എന്തുചെയ്യാനും നമ്മള് തയ്യാറാണല്ലോ’ മുടിപോയ മണവാളന്റെ ഓര്‍മയില്‍ ഹനീഫ് ഉഷാറായി.
ചിത്രത്തില്‍ ഹനീഫിന് ഒരു രംഗം കൂടിയുണ്ടായിരുന്നു. അതും കൂടി ഉണ്ടായിരുന്നെങ്കില്‍ കഥാപാത്രത്തിന് പൂര്‍ണത വരുമായിരുന്നുവെന്ന് ഹനീഫ് വിശ്വസിച്ചിരുന്നു. അതില്‍ അദ്ദേഹത്തിന് വലിയ സങ്കടവുമുണ്ടായിരുന്നു.
സിനിമയില്‍ ഒരു രംഗം കൂടിയുണ്ടായിരുന്നു. ഇയാളുടെ കല്യാണം മുടങ്ങുന്നു.ജാതകത്തില്‍ രണ്ടാമതൊരു കല്യാണത്തിന് യോഗമില്ല. തുടര്‍ന്ന് അയാള്‍ സന്യാസം സ്വീകരിച്ച് മുടിയും താടിയുമൊക്കെ വളര്‍ത്തി കാഷായ വസ്ത്രം ധരിച്ചാണ് നടക്കുന്നത്. റോഡില്‍ വച്ച് ദിലീപിന്റെ കഥാപാത്രത്തെ വീണ്ടും കാണുമ്പോള്‍ ഞാന്‍ വടിവാളും ആയുധങ്ങളുമായി വരുന്നു. ഓര്‍മയുണ്ടോ ഈ മുഖം എന്ന് ഞാന്‍ ചോദിക്കുന്നു. അപ്പോള്‍ ദിലീപ് പറയും സുരേഷ് ഗോപിയാണോ എന്ന്. അപ്പോള്‍ ഞാന്‍ പറയും, അല്ല പണ്ട് നീ എന്റെ ഒരു കല്യാണം മുടക്കിയിട്ടുണ്ടെന്ന്. എന്നിട്ട് ഞാന്‍ അവരെ അടിച്ച് പഞ്ഞിക്കിടും. പക്ഷേ ഈ രംഗം സിനിമയില്‍ വന്നില്ല. സിനിമയുടെ ദൈര്‍ഖ്യം 32 മിനിറ്റ് കൂടുതലായിരുന്നു. അതുകൊണ്ട് ഒഴിവാക്കേണ്ടി വന്നു. അതിലൊരു വേദനയുണ്ട്. എന്നിരുന്നാലും ആദ്യരംഗം ഇന്നും വലിയ ഹിറ്റാണ്. അതൊരിക്കലും എന്റെ പ്രകടനം കൊണ്ടാണെന്ന് തോന്നുന്നില്ല. സിനിമ മൊത്തം രസകരമാണല്ലോ- ഹനിഫയുടെ വാക്കുകള്‍.