
നീണ്ട പതിനാല് വര്‍ഷത്തെ സിനിമാ ജീവിതം, ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍, മികച്ച മെലഡികള്‍, തകര്‍പ്പന്‍ ഡാന്‍സ് നമ്പറുകള്‍… ജ്യോതിര്‍മയി എന്ന താരത്തിന്റെ ഫിലിമോഗ്രഫിയില്‍ മികച്ച കുറേ സിനിമകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാല്‍ പെട്ടെന്നൊരു നാള് വെള്ളിത്തിരയോട് ബൈ പറഞ്ഞ് ജ്യോതിര്‍മയി ഒരു ഒളിച്ചോട്ടം നടത്തി. ഇടയ്ക്കെപ്പോഴോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മെയ്ക്കോവര് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചു. ഇപ്പോഴിതാ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് ജ്യോതിര്‍മയി. അതും ഭര്‍ത്താവ് അമല്‍ നീരദ് ഒരുക്കുന്ന ബോഗെയ്ന്‍വില്ലയിലൂടെ. ചിത്രത്തിന്റെ പ്രൊമോ സോങ്ങ് പുറത്ത് വന്നപ്പോള്‍ കിടിലന്‍ ഡാന്‍സ് നമ്പറുമായി വീണ്ടും താരം പ്രേക്ഷകരെ അമ്പരപ്പിച്ചു. ജ്യോതിര്‍മയി മനസ് തുറക്കുന്നു.
സ്തുതി പൊളിച്ചടുക്കി, ഈ ഒരു ഡാന്‍സ് നമ്പറിനെക്കുറിച്ചറിഞ്ഞപ്പോള് ആദ്യം മനസില്‍ വന്നത് എന്താണ്?
ആദ്യം കേട്ടപ്പോള്‍ ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. ഇതെങ്ങനെ ചെയ്യും എന്ന് ആലോചിച്ചു പേടിച്ചു സത്യത്തില്‍. ഇതൊക്കെ സിമ്പിള്‍ അല്ലേ എന്ന രീതിയിലാണ് കോറിയോഗ്രാഫേഴ്സ് നമുക്ക് സ്റ്റെപ്സ് ഒക്കെ കാണിച്ചുതന്നത്. ഞാനാണെങ്കില്‍ കുറച്ചു വര്‍ഷമായിട്ട് ഡാന്‍സ് പോയിട്ട് എക്സസൈസ് പോലും ചെയ്യാറില്ല. എന്നെക്കൊണ്ട് പറ്റില്ലെന്നുറപ്പായിരുന്നു. സ്വയം കാല് തല്ലിയൊടിച്ചാലോ എന്ന് വരെ ചിന്തിച്ചു ഇതില്‍നിന്ന് രക്ഷപ്പെടാന്‍ ആയിട്ട്. പക്ഷേ കോറിയോഗ്രാഫി ചെയ്ത ടീം ഭയങ്കരമായി ഞങ്ങളെ സഹായിച്ചു. പതുക്കെ പതുക്കെ ഞങ്ങളെ കൊണ്ട് കല്ലെടുപ്പിച്ചു എന്ന് പറയാം.
ഇത്രയും വലിയൊരു ഇടവേള സംഭവിച്ചത് എങ്ങനെയാണ്?
വലിയൊരു കാലയളവില്‍ ആരും എന്നെ സിനിമയിലേക്ക് വിളിച്ചില്ല എന്നതാണ് സത്യം. പിന്നെ വിളിച്ചതെന്റെ ഭര്‍ത്താവാണ്, അമല്‍ നീരദ്. എനിക്ക് ഭയങ്കര സംശയമായിരുന്നു ഇത്രയും വര്‍ഷത്തിനുശേഷം ഇത്രയും ശക്തമായ ഒരു കഥാപാത്രം എന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുമോ എന്ന്. ആ ഒരു ആത്മവിശ്വാസം എന്നില്‍ നിന്നും പോയിട്ടുണ്ടായിരുന്നു. നല്ല മാര്‍ക്കറ്റ് വാല്യൂ ഉള്ള, അഭിനയിക്കാന്‍ അറിയാവുന്ന ആരെയെങ്കിലും കൊണ്ട് അഭിനയിപ്പിച്ചാല്‍ പോരെ എന്ന് അമലിനോട് തന്നെ ചോദിച്ചു. ഈ കഥാപാത്രം താന്‍ തന്നെ ചെയ്താലേ ശരിയാവൂ എന്ന് പറഞ്ഞ് അമല്‍ എന്നെ കണ്‍വിന്‍സ് ചെയ്യുകയായിരുന്നു. അമലും എന്റെ അമ്മയുമാണ് ഞാന്‍ സിനിമ ചെയ്യാനുള്ള ഏറ്റവും വലിയ കാരണം. അവര്‍ക്ക് രണ്ടുപേര്‍ക്കുമായിരുന്നു ഞാന്‍ വീണ്ടും അഭിയത്തിലേക്ക് തിരിച്ചുവരണമെന്ന് അത്രയും ആഗ്രഹമുണ്ടായിരുന്നത്.
സിനിമ ഒരിക്കല്‍ പോലും മിസ് ചെയ്തിട്ടില്ലെന്നാണോ?
അമലിന്റെ പ്രോജക്ടുകളും മറ്റുമായി എപ്പോഴും ഞാന്‍ സിനിമയുടെ ഒരു ഭാഗമായി ഉണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ സിനിമ ഞാന്‍ മിസ് ചെയ്തിട്ടില്ല എന്ന് തന്നെ പറയാം.
എങ്കിലും ഈ തിരിച്ചു വരവ് ഇത്തിരി വൈകിപ്പോയോ?
അങ്ങനെ ഞാന്‍ വിചാരിക്കുന്നില്ല. നല്ലൊരു കഥാപാത്രം ചെയ്തിട്ടാണ് നമ്മള് തിരിച്ചു വരുന്നതെങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കും. എപ്പോള്‍ വന്നാലും നല്ലൊരു കഥാപാത്രം ചെയ്തിട്ടാവണമെന്നായിരുന്നു ആഗ്രഹം.
സ്തുതി ഇറങ്ങിയ ശേഷം ലഭിച്ച സ്വീകരണം പ്രതീക്ഷിച്ചിരുന്നോ?
ഒരിക്കലുമില്ല. എല്ലാവരോടും ഞാന്‍ വളരെ കടപ്പെട്ടിരിക്കുന്നു. ഈ സ്നേഹവും പിന്തുണയും ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോഴും സിനിമ കണ്ടതിനുശേഷം പ്രേക്ഷകരെ എക്സൈറ്റ് ചെയ്യിക്കുമോ എന്നെനിക്കറിഞ്ഞൂടാ. എങ്കിലും സ്തുതിക്ക് കിട്ടുന്ന നല്ല വാക്കുകള്‍ക്ക് ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഉള്ള ആളല്ല. പക്ഷേ ഭയങ്കര പോസിറ്റീവായിട്ടും മറ്റും കമന്റുകള്‍ വരുന്നത് ചാക്കോച്ചനടക്കമുള്ളവര് എനിക്ക് അയച്ചു തന്നിട്ടുണ്ടായിരുന്നു. ഒരുപാട് നന്ദി ഒരുപാട് സന്തോഷം. വലിയൊരു ടീം വര്‍ക്കിന്റെ റിസള്‍ട്ട് ആണിത്. ക്യാമറാമാന്, കൊറിയോഗ്രാഫര്‍, സംഗീതസംവിധായകന്, സംവിധായകന്..എല്ലാവരെയും എടുത്ത് പറയണം. വലിയൊരു ടീം വര്‍ക്കാണ്. പക്ഷേ പുറത്തു കാണുന്നത് ഞങ്ങള്‍ അഭിനേതാക്കളെയാണ് . അതുകൊണ്ട് അതിന്റെ ക്രെഡിറ്റ് ഞങ്ങള്‍ക്ക് കിട്ടുന്നു എന്നേയുള്ളൂ. എങ്കിലും ഈ സ്വീകരണത്തിന് ഒരുപാട് നന്ദി.
ഭയങ്കര ഗ്രേസ് ആയിരുന്നു കാണാന്‍, ശരിക്കും പറഞ്ഞാല്‍ ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ ?
ഈ വാക്കുകള്‍ക്ക് ഒരുപാട് നന്ദി. പക്ഷേ ശരിക്കും എനിക്കറിയില്ല എന്റെ നരച്ച മുടിയും ലുക്കുമൊക്കെ ഒരുപാട് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.. കുറേ പേര് നെഗറ്റീവ് ആയിട്ട് കമന്റ് പറഞ്ഞിട്ടുമുണ്ട്. ഇടയ്ക്കെപ്പൊഴോ ഒരു ഇവന്റിനിടയ്ക്കുള്ള എന്റെ ലുക്ക് കണ്ട് കുറേ വിമര്‍ശനങ്ങള്‍ കേട്ടു. എങ്കിലും ആള്ക്കാര് സ്വീകരിക്കുമെങ്കില്‍ ഒരുപാട് സന്തോഷം.
ചാക്കോച്ചനൊപ്പം ആദ്യമായിട്ടല്ലേ?
ഞാന്‍ ചാക്കോച്ചനൊപ്പം ആദ്യമായിട്ടാണ് അസോസിയേറ്റ് ചെയ്യുന്നത്. എന്നെ സംബന്ധിച്ച് എല്ലാംകൊണ്ടും പുതുമയുള്ള ഒരു അനുഭവമായിരുന്നു. ഭയങ്കര കംഫര്‍ട്ടബിള്‍ ആയിരുന്നു വര്‍ക്ക് ചെയ്യാന്‍. ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഒരു പുതുമുഖം വരുന്ന അതേ മാനസിക അവസ്ഥയിലാണ് ഞാന്‍ സെറ്റിലെത്തിയത്. അങ്ങനെ ഒരു സാഹചര്യത്തില്‍ നമ്മുടെ കോ ആക്ടര്‍ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് കാണിക്കുകയാണെങ്കില്‍ നമ്മുടെ പെര്‍ഫോമന്‍സിനെയും ബാധിക്കും. പക്ഷേ അതൊന്നും ഈ സെറ്റില്‍ ഉണ്ടായില്ല. അത്രയധികം പുള്ളി കംഫര്‍ട്ടബിള്‍ ആക്കി. ഒരു സ്റ്റാര്‍ എന്നുള്ള ഒരു ആറ്റിറ്റിയൂഡേ ഉണ്ടായിരുന്നില്ല. എനിക്ക് ഈ സിനിമയ്ക്ക് മുമ്പ് ചാക്കോച്ചനെ വ്യക്തിപരമായി തീരെ പരിചയമുണ്ടായിരുന്നില്ല. അതുപോലെ പുള്ളിയുടെ ഭാര്യ പ്രിയ. ആള്ക്കാര് നമ്മളെ ഇങ്ങനെ ഇത്ര അധികം സ്നേഹിക്കുമോ എന്നൊക്കെ നമുക്ക് തോന്നിപ്പോകും. ഭയങ്കര നല്ലൊരു കപ്പിളാമ് ഇവര്‍. ഐയാം സോ താങ്ക്ഫുള്‍ ടു ഹിം
ഈ പ്രമോഷന് ഇവന്റുകള്‍ പലതും പുതിയ അനുഭവങ്ങളല്ലേ?
സത്യം പറഞ്ഞാല്‍ എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഞാന്‍ ബാക്കിയുള്ളവരോട് ഹോംവര്‍ക്ക് പോലെ എന്തു പറയണം എന്ത് ചെയ്യണം എന്നെല്ലാം ചോദിച്ചു കൊണ്ടേയിക്കുകയായിരുന്നു. ഈ പ്രമോഷനില്‍ പരിപാടികള്‍ക്ക് പുറമേ സിനിമയിലും ഒരുപാട് മാറ്റങ്ങള്‍ വന്നതായി എനിക്ക് തോന്നുന്നുണ്ട്. സിങ്ക് സൗണ്ട് ഒക്കെ വന്നതോടുകൂടി കുറച്ചുകൂടി ഈസിയായി എന്ന് തോന്നുന്നു. കാരണം രണ്ടിടത്ത് അഭിനയം വേണ്ടല്ലോ. പിന്നെ ഇത് ഞങ്ങളുടെ പ്രൊഡക്ഷന്‍ ആയിരുന്നു എന്നത് കാര്യങ്ങള്‍ ഒന്നുകൂടി എളുപ്പമാക്കി.
ഇനി ഒരിടവേള ഇല്ലല്ലോ?
എത്രത്തോളം സജീവമാകും എന്നെനിക്ക് അറിയില്ല. എല്ലാ ഫാക്ടേഴ്സും ഒത്തുവരികയാണെങ്കില്‍ എനിക്ക് ചെയ്യാന്‍ പറ്റും. ഞാനൊരു മൂന്നു വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്. ഒരുപാട് കാര്യങ്ങള്‍ ഉണ്ട് എനിക്ക് ചെയ്യാന്‍. അതൊക്കെ കൊണ്ട് എത്രത്തോളം ആക്ടീവായി ഇവിടെ നില്ക്കാന് പറ്റുമെന്ന് എനിക്കറിയില്ല. നല്ല കഥാപാത്രങ്ങള്‍ വരികയാണെങ്കില്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]