സംഗീത സംവിധായകൻ എ.ആർ. റഹ്മാനും അദ്ദേഹത്തിന്റെ സംഗീത പരിപാടിയുടെ സംഘാടനത്തിനുമെതിരെ നിശിതവിമർശനവുമായി ആരാധകർ. ഞായറാഴ്ച ചെന്നൈയിലെ ആദിത്യരാം പാലസിൽ നടന്ന മറക്കുമാ നെഞ്ചം എന്ന പരിപാടിയുടെ മോശം സംഘാടനമാണ് ആരാധകരിൽ അമർഷത്തിനിടയാക്കിയത്. നിയമാനുസൃതം ടിക്കറ്റെടുത്ത നിരവധി പേർക്ക് സംഗീതനിശ നടക്കുന്നിടത്തേക്ക് അടുക്കാൻപോലും കഴിയാതിരുന്നതാണ് സോഷ്യൽ മീഡിയയിലെ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയത്.
അമ്പതിനായിരത്തോളം പേരാണ് മറക്കുമാ നെഞ്ചം സംഗീത പരിപാടി ആസ്വദിക്കാൻ പാലസിലെത്തിയത്. എന്നാൽ ഇത്രയും പേരെ അടക്കിനിർത്താൻ സംഘാടകർക്കായില്ല. രൂക്ഷമായ തിക്കിലുംതിരക്കിലും സ്ത്രീകളും കുട്ടികളുമുൾപ്പെടെ കുടുങ്ങി. കുട്ടികൾ രക്ഷിതാക്കളുടെ കൈവിട്ടുപോവുന്ന അവസ്ഥവരെയെത്തി. വൻതുക കൊടുത്ത് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സംഗീതനിശ നടക്കുന്നിടത്തേക്ക് അടുക്കാൻപോലുമായില്ല. ഇതോടെ സംഘാടകർക്കെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിച്ചാണ് നിരാശരായവർ മടങ്ങിപ്പോയത്.
ആഗസ്റ്റ് 12-നായിരുന്നു നേരത്തേ മറക്കുമാ നെഞ്ചം നടത്താനിരുന്നത്. ശക്തമായ മഴയേത്തുടർന്നാണ് പരിപാടി ഞായറാഴ്ചത്തേക്ക് മാറ്റിയത്. എസിടിസി ഇവന്റ്സിനായിരുന്നു സംഘാടനച്ചുമതല. അനുവദനീയമായതിലും കൂടുതൽ ടിക്കറ്റുകൾ വിറ്റതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആരാധകർ ആരോപിക്കുന്നത്. തിരക്കിനിടയിൽ സ്ത്രീകളെ അപമാനിക്കാൻ വരെ ശ്രമം നടന്നെന്നും ആരോപണമുയർന്നിട്ടുണ്ട്. അടുത്തതവണ ഇത്തരം പരിപാടികൾ നേരാംവണ്ണം നടത്തണമെന്ന് സംഗീതനിശയ്ക്കൊടുവിൽ ആദിത്യരാം മേധാവി സംഘാടകരോട് അഭ്യർത്തിച്ചു.
സംഗീതപ്രേമികളിൽ നിന്ന് പതിനായിരവും അയ്യായിരവും ഈടാക്കി സംഗീതനിശയെന്ന പേരിൽ വലിയ കൊള്ളയാണ് സംഘാടകർ നടത്തിയതെന്നും വിമർശനമുയരുന്നുണ്ട്. സംഘാടനപ്പിഴവ് മുൻനിർത്തി ആരാധകരോട് എ.ആർ.റഹ്മാൻ മാപ്പുപറയണമെന്നും ചിലർ ആവശ്യമുയർത്തുന്നുണ്ട്. അതേസമയം വിഷയത്തിൽ എ.ആർ. റഹ്മാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വർഷം ലോകത്തിന്റെ വിവിധഭാഗങ്ങലിൽ സംഗീതപരിപാടികൾ നടത്തുന്നുണ്ട് അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]