
വ്യക്തികളുടെ പേരുകൾ ഇല്ലാതെയാണെങ്കിലും ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് പുറത്തുവരണമെന്നാണ് സിനിമയ്ക്കകത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളുടേയും അഭിപ്രായമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. വ്യക്തിയുടെ പേര് പറഞ്ഞില്ലെങ്കിൽ ഈ റിപ്പോർട്ടുകൊണ്ട് ഒരർഥവുമില്ല. തെറ്റുചെയ്തയാളെ തെളിവുസഹിതം പുറത്തേക്കുകൊണ്ടുവരണം. ഇത്തരക്കാരെ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി പുറത്തുവിടുക എന്നത് എല്ലാവരുടേയും ആവശ്യമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അതിനുവേണ്ടിയാണല്ലോ ഇത്രയും പണം ചെലവാക്കി ഇങ്ങനെയൊരു കമ്മിഷൻ രൂപീകരിച്ചതെന്നും അവർ അഭിപ്രായപ്പെട്ടു. അത് കമ്മിറ്റിയാണെങ്കിലും കമ്മിഷനാണെങ്കിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കേൾക്കാൻവേണ്ടിയാണ് അത് രൂപീകരിച്ചത്. ആ കമ്മിഷനുമുൻപാകെ താനുൾപ്പെടെയുള്ള എല്ലാ മേഖലയിലുമുള്ള സ്ത്രീകൾ നേരിട്ട് ബുദ്ധിമുട്ടുകൾ പറഞ്ഞിട്ടുണ്ട്. അതവർ രേഖപ്പെടുത്തിയിട്ടുമുണ്ട്. താനത് നേരിട്ടുകണ്ടതുമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
“പേരുകൾ ഇല്ലാതെയാണെങ്കിലും പൂർണ റിപ്പോർട്ട് പുറത്തുവരണമെന്നാണ് ഞങ്ങൾ, സിനിമയ്ക്കകത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളുടേയും അഭിപ്രായം. കഴിഞ്ഞദിവസം ഒന്നുരണ്ട് അഭിഭാഷകരുമായി സംസാരിക്കാൻ സാധിച്ചിരുന്നു. അതിജീവിതകളുടെ പേര് രഹസ്യമായിത്തന്നെയിരിക്കണം. ആരോപണവിധേയന്റെ പേര് പുറത്തുവന്നാൽ ഈ വ്യക്തി പരാതിക്കാരിയോട് എന്തുരീതിയിലുള്ള കുറ്റമാണ് ചെയ്തത്, ലൈംഗിക കുറ്റകൃത്യമാണെങ്കിൽ അത് എത്ര വർഷങ്ങൾക്കുമുൻപാണ്, അതിന് തെളിവുണ്ടോ?, തെളിവില്ലെങ്കിൽ അത് പുറത്തുവന്ന് ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തയാവുകയല്ലാതെ വേറൊന്നും സംഭവിക്കില്ലെന്നാണ് അഭിഭാഷകരുമായി സംസാരിച്ചപ്പോൾ മനസിലായത്. തെറ്റുചെയ്തയാളെ തെളിവുസഹിതം പുറത്തേക്കുകൊണ്ടുവരണം. ഇത് കോടതി കേസാക്കിയേപറ്റൂ.”
കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട ഭാഗ്യലക്ഷ്മി തെളിവുകളൊന്നുമില്ലാതെ ഇത് നടക്കുമോ എന്ന് ചോദിച്ചു. നിങ്ങൾക്കനുഭവിക്കേണ്ടിവന്ന കാര്യങ്ങൾ പറയൂ എന്നുചോദിച്ചപ്പോൾ ഞാൻ എന്റെ അനുഭവം പറഞ്ഞു. താനൊരിക്കലും ഒരാൾക്കെതിരെയും ഒന്നും പറഞ്ഞില്ല. കാരണം, ചെറിയൊരു ദുരനുഭവം ഉണ്ടായപ്പോൾ അവിടെവെച്ചുതന്നെ കൊടുക്കേണ്ട രീതിയിൽ കൊടുത്ത് ഇറങ്ങിപ്പോരുകയായിരുന്നു. വ്യക്തിയുടെ പേര് പറഞ്ഞില്ലെങ്കിൽ ഈ റിപ്പോർട്ടുകൊണ്ട് ഒരർഥവുമില്ല. പേരുപറഞ്ഞാൽ ആ വ്യക്തിക്കെതിരെ ഒന്നും ചെയ്യാനുംപറ്റില്ല. കാരണം യാതൊരു തെളിവുകളുമില്ല. ഇതാണ് താൻ മനസിലാക്കിയ കാര്യങ്ങൾ. കുറ്റം ചെയ്തയാളുടെ പേര് വേണമെങ്കിൽ മാറ്റിവെക്കാം. പക്ഷേ എന്താണ് നടന്നതെന്ന് അതിജീവിത പറഞ്ഞ കാര്യങ്ങൾ പൂർണമായി പുറത്തുവരണമെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.