
മലയാളത്തിലെ ‘പുലി’കൾക്കൊപ്പം അഭിനയിച്ചുതകർക്കാൻ ഹോളിവുഡ് സിംഹവും. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗ്ർർർ’ സിനിമയിലാണ് യഥാർഥ സിംഹവും വേഷമിട്ടത്. വിദേശസിനിമകളിലും പരസ്യചിത്രങ്ങളിലുമെല്ലാം അഭിനയിച്ച് പേരെടുത്ത ദക്ഷിണാഫ്രിക്കയിലെ മോജോ എന്ന സിംഹമാണ് ‘ഗ്ർർറി’ലൂടെ മലയാളത്തിലേക്കെത്തുന്നത്. മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് മദ്യലഹരിയിൽ ചാടുന്ന യുവാവിന്റെ കഥയാണ് ‘ഗ്ർർർ’. ‘എസ്ര’യ്ക്കുശേഷം ജയ് കെ. സംവിധാനംചെയ്യുന്ന ചിത്രത്തിൽ സിംഹത്തിനൊപ്പമുള്ള രംഗങ്ങൾ ചിത്രീകരിച്ചത് ദക്ഷിണാഫ്രിക്കയിൽവെച്ചാണ്.
സിംഹത്തിനൊപ്പമുള്ള ചിത്രീകരണവിശേഷങ്ങൾ വിവരിക്കുമ്പോൾ ഗ്ർർർ സംഘം വലിയ ആവേശത്തിലായി.
‘‘ഹോളിവുഡ് നടനായ മോജോസിംഹം അഭിനയത്തിന്റെ കാര്യത്തിൽ പരിചയസമ്പന്നനാണ്. ക്യാമറയ്ക്കുമുന്നിൽ എങ്ങനെ നിൽക്കണം, പെരുമാറണം എന്നെല്ലാം അവന് കൃത്യമായറിയാം. പരിശീലകന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് ഓരോ നീക്കവും. മോജോയുടെ സൗകര്യത്തിനനുസരിച്ചായിരുന്നു ആഫ്രിക്കയിലെ ചിത്രീകരണം. അവന്റെ താത്പര്യങ്ങൾ മുൻനിർത്തി ഷൂട്ടിങ് തുടങ്ങുകയും അവസാനിക്കുകയും ചെയ്തു. ബോറടിച്ചുതുടങ്ങിയാൽ അഭിനയം മതിയാക്കി മോജോ തിരിച്ചുനടക്കും. പിന്നെ, എത്ര ശ്രമിച്ചിട്ടും കാര്യമില്ല. ഒരുദിവസം അഭിനയിച്ചാൽ അടുത്തദിവസം അവധിവേണം. രണ്ടുദിവസം തുടർച്ചയായി ക്യാമറയ്ക്കുമുന്നിൽ നിൽക്കില്ല. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഇടപെടാനായി മയക്കുവെടി നിറച്ച തോക്കുമായി സംഘം ക്യാമ്പ്ചെയ്തു’’ -മലയാളസിനിമയിലേക്ക് അരങ്ങേറ്റം നടത്തുന്ന ‘മോജോ’യുടെ വിശേഷങ്ങൾ ഒറ്റശ്വാസത്തിൽ ഇങ്ങനെ നീണ്ടു.
മോജോ വിലകൂടിയ താരമാണെങ്കിലും മലയാളത്തിന്റെ ബജറ്റും അവസ്ഥയും വിവരിച്ചപ്പോൾ ചില വിട്ടുവീഴ്ചകൾ ലഭിച്ചതായി സംവിധായകൻ ജയ് കെ. പറഞ്ഞു. ‘‘യഥാർഥ സിംഹത്തെ ഉപയോഗിച്ച് ചിത്രീകരിക്കാൻ ഇവിടത്തെ നിയമമനുവദിക്കില്ല. കഥയുടെ പ്രധാന റോളിൽ സിംഹമുണ്ട്. അത്തരം രംഗങ്ങൾ മാറ്റിനിർത്തി കഥ അവതരിപ്പിക്കാനാകില്ല. ഒരുപരിധിവരെ ടെക്നോളജിയുടെ സഹായം തേടാമെങ്കിലും സിനിമയുടെ പൂർണതയ്ക്ക് യഥാർഥ സിംഹത്തെ ആവശ്യമായിരുന്നു, അങ്ങനെയാണ് ക്യാമറയ്ക്കുമുന്നിൽ നിർത്താൻ പറ്റുന്ന സിംഹത്തെ തേടിയിറങ്ങിയത്. മൗറീഷ്യസ്, ലണ്ടൻ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെല്ലാം സിനിമയ്ക്കായി സിംഹങ്ങളെ ലഭിക്കുമെന്ന് മനസ്സിലാക്കി. അന്വേഷണങ്ങൾ ആ വഴിക്ക് നീണ്ടപ്പോൾ ആഫ്രിക്കയിലെ സിംഹമാണ് കഥയോട് കൂടുതൽ ചേർന്നുനിൽക്കുന്നതെന്ന് മനസ്സിലായി. അങ്ങനെയാണ് ഞങ്ങൾ അവിടേക്ക് പറന്നത്’’ -സംവിധായകൻ ജയ് കെ. വിശദീകരിച്ചു.
കഥ ഇഷ്ടമായപ്പോൾത്തന്നെ സിംഹത്തിനൊപ്പം അഭിനയിക്കേണ്ടിവരുമെന്ന് അറിയാമായിരുന്നെന്നും സുരക്ഷാകാര്യങ്ങളെക്കുറിച്ചാണ് ആദ്യം ചോദിച്ചതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.
‘‘സിംഹത്തിനൊപ്പം അഭിനയിക്കാനുള്ള സുവർണാവസരം വിട്ടുകളയാൻ തോന്നിയില്ല. സിംഹത്തെ തുറസ്സായ സ്ഥലത്ത് തുറന്നുവിട്ട് സിനിമാസംഘം രണ്ട് കൂടുകളിലിരുന്ന് ചിത്രീകരിക്കുന്നതായിരുന്നു രീതി. മോജോ പുറത്തും ഞങ്ങളകത്തും. കോമ്പിനേഷൻ രംഗങ്ങൾക്കായി കൂടിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങണം. മോജോ അടുത്തേക്കെത്തുമ്പോഴേക്കും ഓടി കൂട്ടിൽക്കയറും. സിംഹം അടുത്തെത്തുമ്പോൾ കട്ട് പറയാനൊന്നും നിൽക്കാറില്ല’’ -സിംഹത്തിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം ചാക്കോച്ചൻ വിവരിച്ചു.
ചാക്കോച്ചന്റെ ഇടപെടലും സിംഹത്തിനുമുന്നിലെ നിൽപ്പുമെല്ലാം കണ്ടപ്പോൾ, ഇവന് ജീവനിൽ പേടിയില്ലേ എന്ന് പലവട്ടം തോന്നിയതായി സുരാജ് വെഞ്ഞാറമ്മൂടിന്റെ കമന്റ്.
‘‘സംവിധായകൻ ജയ് കെ. കഥ ആദ്യം പറയുമ്പോൾ, മദ്യപിച്ച് സിംഹക്കൂട്ടിലേക്ക് ചാടുന്ന കഥാപാത്രം എനിക്കായിരുന്നു. ചാക്കോച്ചൻ ആ വേഷം ചെയ്താൽ പുതുമയുണ്ടാകുമെന്നുപറഞ്ഞ് പുള്ളിയെ സിംഹക്കൂട്ടിലേക്ക് തള്ളിവിട്ടത് ഞാൻതന്നെയാണ്. എന്നിട്ടും രക്ഷയുണ്ടായില്ല. സിംഹത്തിനൊപ്പം ഞാനും നിൽക്കേണ്ടിവന്നു. സിംഹത്തിനും ഞങ്ങൾക്കുമിടയിൽ ഒരു വര വരച്ചുവെക്കും. ആ വര മറികടന്ന് സിംഹം വന്നാൽ ഓടി കൂട്ടിൽക്കയറണമെന്നാണ് നിർദേശം. ആക്ഷൻ പറഞ്ഞാലും എന്റെ നോട്ടം മുഴുവൻ സിംഹം വര മറികടക്കുന്നുണ്ടോ എന്നായിരുന്നു. ഒന്നും പേടിക്കാനില്ലെന്നും സിംഹത്തിന് കുതിരയുടെ ഇറച്ചിയെല്ലാമാണ് കൊടുക്കുന്നതെന്നും അവൻ അതേ കഴിക്കുകയുള്ളൂ എന്നുമെല്ലാം പരിശീലകൻ പറഞ്ഞുകൊണ്ടിരുന്നു. എങ്കിലും മൊത്തത്തിൽ എനിക്കൊരു ധൈര്യക്കുറവായിരുന്നു. എന്നും ഫൈവ് സ്റ്റാർ ഫുഡ്ഡൊക്കെ അടിക്കുന്ന സിംഹത്തിന് ഒരുദിവസം തട്ടുകടയിൽനിന്ന് കഴിക്കണമെന്ന് തോന്നിയാലോ. നാട്ടിലെ കുടുംബത്തെക്കുറിച്ചോർത്തപ്പോൾ, സിംഹത്തിനൊപ്പം കൂടുതൽ ദിവസം നിൽക്കാതെ പെട്ടെന്ന് തടിതപ്പുകയായിരുന്നു’’ -സുരാജ് പറഞ്ഞുനിർത്തി.
ഒരു യഥാർഥ സംഭവത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടൊരുക്കിയ ‘ഗ്ർർർ’ നിർമിച്ചത് ഷാജി നടേശനും തമിഴ്നടൻ ആര്യയും ചേർന്നാണ്. സംവിധായകൻ ജയ് കെ.യും പ്രവീൺ എസും ചേർന്നാണ് തിരക്കഥ. സംവിധായകൻ രതീഷ് ബാലകൃഷ്ണപ്പൊതുവാളാണ് പ്രൊഡക്ഷൻ ഡിസൈനർ. എഡിറ്റിങ്, വിവേക് ഹർഷൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]