
ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ. മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു കനകലതയെന്നും വ്യത്യസ്തമായ ഒട്ടേറെ വേഷങ്ങൾ ചെയ്ത അനുഗ്രഹീത കലാകാരിയായിരുന്നു അവരെന്നും മോഹൻലാൽ പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം.
മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു പ്രിയപ്പെട്ട കനകലത. ഇരുനൂറ്റി എൺപതിലധികം മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത അനുഗ്രഹീത കലാകാരി. കിരീടം ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ഞങ്ങൾക്ക് ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചു. ഈ ലോകത്തോട് വിടപറഞ്ഞ പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികൾ.
തിരുവനന്തപുരത്തെ വീട്ടിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു കനകലതയുടെ അന്ത്യം. മറവിരോഗവും പാർക്കിൻസൺസും ബാധിച്ച് ചികിത്സയിലായിരുന്നു. നാടകത്തിൽനിന്ന് വെള്ളിത്തിരയിലെത്തിയ കനകലത തൊണ്ണൂറുകളിൽ മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കനകലത നാടകരംഗത്ത് സജീവമായിരുന്നു.
ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം, പഞ്ചവർണതത്ത, ആകാശഗംഗ 2 തുടങ്ങി മലയാളത്തിലും തമിഴിലുമായി 350-ലധികം ചിത്രങ്ങളിൽ കനകലത അഭിനയിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിള്ളയുടേയും ചിന്നമ്മയുടേയും മകളായി 1960-ൽ ഓഗസ്റ്റ് 24-ന് ജനനം. കൊല്ലം സർക്കാർ ഗേൾസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. 1980-ൽ ഉണർത്തുപാട്ട് എന്ന സിനിമയിൽ അഭിനയിച്ചു. ആദ്യ ചിത്രം റിലീസായില്ല.
ചെറുപ്പത്തിൽത്തന്നെ കലാരംഗത്ത് കനകലത സജീവമായിരുന്നു. നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ചില്ല് എന്ന സിനിമയിലൂടെ ബിഗ്സ്ക്രീനിലെത്തി. അഭിനയം തന്നെയാണ് തന്റെ ജീവിതമാർഗം എന്നുറപ്പിച്ച അവർ നിരവധി സീരിയലുകളിലും വേഷമിട്ടു. ആരോഗ്യപ്രശ്നങ്ങൾ കാരണം സിനിമയിൽനിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]