
വിരലിലെണ്ണാവുന്നവരിലൊരാളായി എം ബി ശ്രീനിവാസന്റെ വിലാപയാത്രയെ അനുഗമിക്കേ കാതിൽ മുഴങ്ങിക്കൊണ്ടിരുന്ന പാട്ടിന്റെ ഈരടികൾ ടെലിവിഷൻ ക്യാമറക്ക് വേണ്ടി ഒരിക്കൽ ഓർത്തെടുത്തിട്ടുണ്ട് നല്ലൊരു സംഗീതപ്രേമി കൂടിയായ ഗാന്ധിമതി ബാലൻ: “നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ?”
“പരസ്പരം” എന്ന ചിത്രത്തിന് വേണ്ടി ഒ എൻ വിയും എം ബി എസ്സും ചേർന്നൊരുക്കിയ പാട്ട്. പ്രിയ സുഹൃത്തും സംഗീതസംവിധായകനുമായ എം ബി എസ് ഇനിയില്ല എന്ന സത്യവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയായിരുന്നു ആ നിമിഷം തന്റെ മനസ്സ് എന്ന് ബാലൻ. സിനിമാജീവിതം സമ്മാനിച്ച ഏറ്റവും അമൂല്യമായ സൗഹൃദങ്ങളിൽ ഒന്നായിരുന്നു എം ബി എസ്സുമായി. “പഞ്ചവടിപ്പാല”ത്തിൽ തുടങ്ങിയ സ്നേഹബന്ധം. അതുകൊണ്ടുതന്നെ വേദനാജനകമായിരുന്നു ആ വിയോഗം.
മഴ കോരിച്ചൊരിഞ്ഞ ആ ചെന്നൈ സന്ധ്യ മരണം വരെ മറന്നില്ല ബാലൻ. 1988 മാർച്ച് ഒൻപതിന് ലക്ഷദ്വീപിൽ ഒരു ക്വയർ പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു എം ബി എസ്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം വിമാനത്തിൽ ചെന്നൈയിൽ കൊണ്ടുവന്ന് സംസ്കരിക്കുമെന്ന് ആരോ വിളിച്ചറിയിച്ചപ്പോൾ ഒരു നിമിഷം പോലും പാഴാക്കാതെ സ്ഥലത്തെത്തി ബാലൻ.
തെന്നിന്ത്യൻ സിനിമാസംഗീതത്തിൽ സവിശേഷമായ കയ്യൊപ്പ് പതിപ്പിച്ച, എത്രയോ സംഗീത കലാകാരന്മാർക്ക് താങ്ങും തണലും വഴികാട്ടിയുമായി മാറിയ മഹാരഥനെ യാത്രയാക്കാൻ വളരെ ചുരുക്കം പേരെ ശ്മശാനത്തിൽ എത്തിയിരുന്നുള്ളൂ. യൂത്ത് ക്വയർ അംഗങ്ങളായിരുന്നു അധികവും. പിന്നെ എം ബി എസ്സിന്റെ തന്നെ സഹായത്തോടെ ജീവിതം കരുപ്പിടിപ്പിച്ച ചില വാദ്യകലാകാരൻമാർ. സിനിമാലോകത്തു നിന്ന് അപൂർവം ചിലർ മാത്രം.
“എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ശ്മശാനത്തിലേക്കുള്ള വഴിനീളെ മൃതദേഹത്തെ അനുഗമിച്ച കുറെ പട്ടികളാണ്. ചിത്തരഞ്ജൻ റോഡിലെ വീട്ടിൽ അലഞ്ഞെത്തിയിരുന്ന നാടൻ പട്ടികൾക്ക് സ്ഥിരമായി ആഹാരം കൊടുത്തിരുന്നു എം ബി എസ്. അവസാനനാളുകളിൽ ആ മിണ്ടാപ്രാണികളുമായിട്ടായിരുന്നു അദ്ദേഹത്തിന് കൂട്ട് എന്ന് അയൽക്കാർ പറഞ്ഞറിഞ്ഞു. യജമാനനെ യാത്രയാക്കാൻ അവരെത്തി എന്നത് അദ്ദേഹത്തിന്റെ ആത്മാവിനെ സന്തോഷിപ്പിച്ചിരിക്കണം…” ഗാന്ധിമതി ബാലന്റെ വാക്കുകൾ ഓർമ്മവരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇപ്പോഴിതാ ബാലേട്ടനും യാത്രയാകുന്നു. നല്ല സിനിമക്ക് വേണ്ടി ജീവിതം നീക്കിവെച്ച ഒരാൾ. ബാലേട്ടന് പ്രിയപ്പെട്ട ആ പാട്ടിന്റെ വരികൾ തന്നെ ഇപ്പോഴും കാതിൽ:
“നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ, മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ?”