
ചെന്നൈ: നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ പിന്നണി ദൃശ്യം നെറ്റ്ഫ്ളികിസ് ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നയൻതാരയും നടൻ ധനുഷും തമ്മിലുണ്ടായ തർക്കം വീണ്ടും പുതിയ തലത്തിലേക്ക്. നയൻതാരയേയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനേയും കടന്നാക്രമിച്ച് നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ നിർമാതാവുകൂടിയായ ധനുഷ് വീണ്ടും രംഗത്തെത്തി. ഇരുവർക്കുമെതിരെ പകർപ്പവകാശം ലംഘിച്ചു എന്നുകാട്ടി ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ധനുഷ്.
നയൻതാരയ്ക്കും വിഘ്നേഷ് ശിവനുമെതിരെയുള്ള ധനുഷിന്റെ പുതിയ നീക്കത്തെക്കുറിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നയൻതാരയെക്കുറിച്ചുള്ള നയൻതാര: ബിയോണ്ട് ദ ഫെയ്റി ടെയ്ൽ എന്ന ഡോക്യുമെന്ററിയിൽ നിന്നും ‘നാനും റൗഡി താൻ’ സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് സ്ഥിരമായി തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് ധനുഷ് സിവിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ് കേസ് നൽകിയിരിക്കുന്നത്.
നാനും റൗഡി താന്റെ ചിത്രീകരണ സമയത്ത് തികച്ചും അൺപ്രൊഫഷണലായ സമീപനമാണ് സംവിധായകൻ വിഘ്നേഷ് ശിവന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ധനുഷ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. വിഘ്നേഷിന്റെ മുഴുവൻ ശ്രദ്ധയും നയൻതാരയിലും അവരുടെ രംഗങ്ങൾ ചിത്രീകരിക്കുന്നതിലുമായിരുന്നെന്നും സത്യവാങ്മൂലത്തിലുണ്ട്.
“നാലാമത്തെ പ്രതി (വിഘ്നേഷ് ശിവൻ) അനാവശ്യമായി മൂന്നാമത്തെ പ്രതിയിൽ (നയൻതാര) മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അവഗണിച്ചുകൊണ്ട്, മൂന്നാം പ്രതി ഉൾപ്പെട്ട രംഗങ്ങളുടെ ഒന്നിലധികം റീടേക്കുകൾ എടുത്തു. അവർ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് ഉറപ്പുവരുത്താനും മറ്റ് അഭിനേതാക്കൾക്ക് മുൻഗണന നൽകാതിരിക്കാനും സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചു”. സത്യവാങ്മൂലത്തിൽ ധനുഷ് പറയുന്നതിങ്ങനെ.
നയൻതാരയുടെ 40-ാം പിറന്നാൾ ദിനത്തിലായിരുന്നു നയൻതാര: ബിയോണ്ട് ദ ഫെയ്റി ടെയ്ൽ എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സിലൂടെ പുറത്തുവന്നത്. ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന സിനിമയിലെ മൂന്ന് സെക്കൻഡ് ദൃശ്യങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ ധനുഷ് നയൻതാരയ്ക്കെതിരെ പകർപ്പവകാശ ലംഘനത്തിനെതിരെ 10 കോടിയുടെ വക്കീൽ നോട്ടീസ് അയച്ചു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നത്തിന് കാരണം. തുടർന്ന് ധനുഷിനെതിരെ പ്രതികരിച്ച് നയൻതാരയും രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]