
കേരളത്തേയും മലയാള സിനിമയേയും അടച്ചാക്ഷേപിച്ചുകൊണ്ടുള്ള എഴുത്തുകാരൻ ബി.ജയമോഹന്റെ പ്രസ്താവനയ്ക്കെതിരെ കൂടുതൽ പ്രതികരണങ്ങൾ ഉയരുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെ മുൻനിർത്തി എഴുതിയ ബ്ലോഗിലാണ് ജയമോഹന്റെ വിവാദ പരാമർശങ്ങളുള്ളത്. വിനോദസഞ്ചാരത്തിന് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന മലയാളികളുടെ വാഹനങ്ങളുടെ ഇരുവശത്തും ഛർദിലാണെന്നും സുഭാഷിനെ രക്ഷിച്ച സിജുവിനെ അവാർഡ് കൊടുക്കുന്നതിനുപകരം ജയിലിലിടുകയായിരുന്നു വേണ്ടതെന്നും ജയമോഹൻ എഴുതി. ജയമോഹന്റെ പരാമർശങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ.
കേരളത്തിലുള്ള യുവാക്കളെല്ലാം മദ്യപാനികളും ലഹരിക്കടിമകളാണെന്നും അതിന്റെ പരിച്ഛേദമാണ് മലയാളസിനിമ എന്നെല്ലാമാണ് ജയമോഹൻ എഴുതിയിരിക്കുന്നത്. അതൊരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് വിനയൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സ്വയബോധമില്ലാതെയാണോ അദ്ദേഹം ആ ബ്ലോഗ് എഴുതിയിരിക്കുന്നത് എന്നുപോലും എനിക്ക് സംശയമുണ്ട്. കയ്യിൽനിന്ന് പോയതാണോ എന്നറിയില്ല. ജയമോഹൻ ഇതേക്കുറിച്ച് പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും വിനയൻ പറഞ്ഞു.
“ഇത്ര മോശമായ രീതിയിൽ, ഒരാൾക്കും അംഗീകരിക്കാൻ കഴിയാത്തവിധം ഒരു നാടിനെ മൊത്തം മോശക്കാരാക്കുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്. കേരളത്തേക്കാളധികം സൂപ്പർ സ്റ്റാർഡം ആഘോഷിക്കപ്പെടുന്ന നാടാണ് തമിഴ്നാട്. അവിടെ കേരളത്തിൽനിന്നുള്ള ഒരു കൊച്ചുസിനിമ നന്നായി സ്വീകരിക്കപ്പെടുന്നു എന്നുകേട്ടപ്പോൾ അദ്ദേഹത്തിനുണ്ടായ ഇച്ഛാഭംഗമാവാം ആ എഴുത്തിന് കാരണം. ഒരിക്കലും ജയമോഹനോട് യോജിക്കാനാവില്ല. ഈ വിഷയത്തിൽ ഒരു ഖേദപ്രകടനം നടത്തിയില്ലെങ്കിൽ ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ കറുത്ത ഏടായി ഈ സംഭവം മാറും.” വിനയൻ കൂട്ടിച്ചേർത്തു.
രണ്ടുദിവസം മുമ്പാണ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബി.ജയമോഹന്റെ പുതിയ ബ്ലോഗ് പുറത്തുവന്നത്. മഞ്ഞുമ്മൽ ബോയ്സ് – കുടിപ്പൊറുക്കികളിൻ കൂത്താട്ടം എന്ന തലക്കെട്ടിലെഴുതിയ ലേഖനമാണ് ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മലയാളികളുടെ യഥാർഥ മനോനില തന്നെയാണ് സിനിമയിലും ഉള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മാത്രമല്ല കാടുകളിലേക്കും അവർ എത്താറുണ്ട്. അത് മദ്യപിക്കാനും ഓക്കാനിക്കാനും ഛർദ്ദിക്കാനും കടന്നുകയറാനും വീഴാനും വേണ്ടി മാത്രമാണ്. മറ്റൊന്നിലും അവർക്ക് താൽപര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവർക്ക് തൊട്ടുതീണ്ടിയിട്ടില്ല. ലഹരി ആസക്തിയെ സാമാന്യവൽക്കരിക്കുന്നവരാണ് മലയാളികൾ. കേരളത്തിലെ ബീച്ചുകളിലേക്ക് ഏഴ് മണിക്ക് ശേഷം പോകരുതെന്ന് സ്ത്രീകളോട് മാത്രമല്ല, സാധാരണ മനുഷ്യരോടും പൊലീസ് പറയാറുണ്ട്. ഇന്നത്തെ മലയാള സിനിമ നിയന്ത്രിക്കുന്നത് എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്ക് അടിമകളായ ഒരു ചെറുകൂട്ടമാണെന്നും അദ്ദേഹം എഴുതി.
ഇദ്ദേഹത്തിനെതിരെ സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ, സിപി.എം നേതാവ് എം.എ. ബേബി, മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരത്തിന്റെ പിതാവ് സതീഷ് പൊതുവാൾ, തമിഴ് സംവിധായകൻ ലെനിൻ ഭാരതി തുടങ്ങിയവർ രൂക്ഷവിമർശനവുമായി രംഗത്തെത്തി. “മഞ്ഞുമ്മൽ ബോയ്സി”നെ കുറിച്ചെഴുതിയ വെറുപ്പിന്റെ വെളിപാട് ഒരു ദയയും അർഹിക്കുന്നില്ലെന്നും മലയാള സിനിമയുടെ കേന്ദ്രബിന്ദു മയക്കുമരുന്നിനടിമകളായ എറണാകുളത്തെ ചെറുപ്പക്കാരാണെന്നാണ് പറയുന്നതിൽ കൃത്യമായ വിശദീകരണം നൽകണമെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ‘പെറുക്കികൾ’ എന്ന പ്രയോഗം ജയമോഹന്റെ സംഘപരിവാർ പശ്ചാത്തലത്തിൽ നിന്നു കൂടി വരുന്നതാണെന്നും മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കാനുള്ള സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണെന്നുമാണ് എം.എ ബേബി പ്രതികരിച്ചത്. ജയമോഹന്റെ രാഷ്ട്രീയ താൽപര്യങ്ങളാണ് വിമർശനങ്ങൾക്കു പിന്നിലെന്നും തമിഴ് ഇൻഡസ്ട്രിയിൽനിന്ന് ചില്ലറ പറ്റുന്ന ജയമോന്റെ വിഡ്ഢിത്തങ്ങളെ തമിഴർക്കും മലയാളികൾക്കും മനസിലാക്കാൻ പ്രയാസമില്ലെന്നുമായിരുന്നു സതീഷ് പൊതുവാളിന്റെ പ്രതികരണം. ജയമോഹൻ ആർ.എസ്സ്.എസ്സുകാരനാണെന്നും അദ്ദേഹത്തെ പ്രകോപിച്ചതിന് ചിദംബത്തിന് ഒരു ബിഗ് സല്യൂട്ട് നൽകുന്നുവെന്നും സതീഷ് പൊതുവാൾ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]