![](https://newskerala.net/wp-content/uploads/2025/02/angel-1024x576.jpg)
മൂന്നുകൊല്ലം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2022-ല്‍ വൈറലായൊരു വീഡിയോ ഉണ്ട്. കുളത്തിന് നടുവിലിരുന്ന് ഒരമ്മത്തവള തന്റെ കുഞ്ഞിത്തവളയെ മടിയില്‍ കിടത്തി താരാട്ടുപാടി ഉറക്കുന്നതായിരുന്നു ‘പേക്രോം’ എന്ന ആ അനിമേഷന്‍ വീഡിയോയിലുണ്ടായിരുന്നത്. കേരളത്തെ പൊട്ടിച്ചിരിപ്പിച്ച വീഡിയോ കണ്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും ആ ‘താരാട്ടുപാട്ട്’ പാടിയതാരാണെന്ന് അറിയില്ലായിരുന്നു.
അന്ന് ആ ‘പേക്രോം പാട്ടി’ന് ശബ്ദം നല്കിയ എയ്ഞ്ചല്‍ മേരി ജോസഫിനെ പക്ഷേ ഇന്ന് മലയാളികള്‍ അറിയും. അടുത്തിടെ തീയേറ്ററുകളിലെത്തിയ ഹിറ്റ് ചിത്രം അന്‍പോട് കണ്മണിയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘നാണം മെല്ലെ മെല്ലെ’ എന്ന ഗാനം പാടിയ എയ്ഞ്ചല്‍, സംഗീതസംവിധായകൻ സാമുവൽ എബിയുടെ ജീവിതപങ്കാളി കൂടിയാണ്. ആൽബം പാട്ടുകളിലൂടെയും കന്നഡ സിനിമയിൽ പാടിയ പാട്ടുകളിലൂടെയും സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ എയ്ഞ്ചൽ മേരി ജോസഫ് മാതൃഭൂമി ഡോട് കോമിനോട് വിശേഷങ്ങൾ പങ്കുവെക്കുന്നു.
‘അന്‍പോട് കണ്മണി’യിലേക്ക് എത്തിയത് എങ്ങനെയാണ്.
അന്‍പോട് കണ്മണിയിലെ പാട്ട് പാടാന്‍ മറ്റൊരാളെയാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. ഈ പാട്ടിനും ചിത്ര ചേച്ചി (കെ.എസ്. ചിത്ര) പാടിയ മറ്റൊരു പാട്ടിനും ഞാന്‍ ട്രാക്ക് പാടുകയായിരുന്നു. ‘നാണം മെല്ലെ മെല്ലെ’ എന്ന പാട്ടിന് ഞാന്‍ പാടിയ ട്രാക്ക് കേട്ടപ്പോള്‍ ഇനി ഈ പാട്ട് പാടാന്‍ മറ്റൊരാളെ നോക്കേണ്ട എന്ന് എല്ലാവരും പറയുകയായിരുന്നു. ട്രാക്ക് പാടിയ ഗാനം മലയാള സിനിമയിലെ ആദ്യഗാനമായി. അതാകട്ടെ വിനീത് ശ്രീനിവാസന്റെ കൂടെയും. അതിന്റെ എക്സൈറ്റ്മെന്റ് ഇപ്പോഴും മാറിയിട്ടില്ല.
റെക്കോര്‍ഡിങ് സമയത്തെ അനുഭവങ്ങള്‍.
പാട്ടിലെ എന്റെ ഭാഗം എറണാകുളത്ത് വെച്ചും വിനീത് ശ്രീനിവാസന്റെ ഭാഗം ചെന്നൈയില്‍ വെച്ചുമാണ് റെക്കോര്‍ഡ് ചെയ്തത്. അതിനുശേഷം മറ്റൊരു റെക്കോര്‍ഡിങ്ങിന് വന്നപ്പോഴാണ് അദ്ദേഹത്തെ കണ്ടത്. അന്ന് ഞങ്ങള്‍ പാട്ടിനെ കുറിച്ചും മറ്റുമെല്ലാം സംസാരിച്ചു.
പാട്ടിനെ കുറിച്ചുള്ള പ്രതികരണങ്ങള്‍ എന്തായിരുന്നു.
‘ക്യൂട്ടാ’യിട്ടുള്ള പാട്ടാണെന്നും നന്നായി പാടിയെന്നും ഒരുപാടുപേര് പറഞ്ഞു. അതിനെക്കാളൊക്കെ സന്തോഷം തോന്നിയത് മറ്റൊരു കാര്യമാണ്. ചിത്രച്ചേച്ചി പാടിയ ‘മഴ നനവറിയും മനസ്സ് താനേ’ എന്ന പാട്ടിന്റെ ട്രാക്ക് ഞാനായിരുന്നു പാടിയതെന്ന് പറഞ്ഞല്ലോ. അത് കേട്ട് ആരാ പാടിയത് എന്ന് ചേച്ചി ചോദിച്ചു. വൈഫാണ് എന്ന് സാമുവല്‍ പറഞ്ഞു. റെക്കോര്‍ഡിങ് കഴിഞ്ഞശേഷം ചേച്ചി എന്നെ വീഡിയോ കോള്‍ ചെയ്ത് എന്നോട് സംസാരിച്ചു. ട്രാക്ക് നന്നായി പാടിയെന്ന് ചേച്ചി പറഞ്ഞു. സിനിമയില്‍ ആദ്യമായി പാടിയ പാട്ടിനെ കുറിച്ചല്ലെങ്കിലും ചിത്രച്ചേച്ചിയുടെ കയ്യില്‍ നിന്ന് അങ്ങനെ കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി.
സംഗീതമേഖലയില്‍ ഒരുപാടുകാലമായി നില്ക്കുന്ന ആളാണല്ലോ. സിനിമയിലെത്താന്‍ വൈകിയോ.
ഏയ്, ഇല്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ. പിന്നെ, നേരത്തേ ഞാന്‍ കന്നഡ സിനിമയില്‍ രണ്ട് പാട്ടുകള്‍ പാടിയിട്ടുണ്ട്. കിനാരെ എന്ന ചിത്രത്തിലെ ‘മുഗിലല്ലി’ എന്ന ഗാനമാണ് സിനിമയ്ക്കായി ആദ്യം പാടിയത്. ബി.ആര്. സുരേന്ദ്രനാഥായിരുന്നു സംഗീതം. അദ്ദേഹം തന്നെ സംഗീതസംവിധാനം നിര്‍വ്വഹിച്ച മാണ്ഡ്യ ഹൈദ എന്ന ചിത്രത്തിലെ ‘സിലുകെദെന’ എന്ന പാട്ടും പാടിയിരുന്നു.
മലയാളത്തില്‍ ആദ്യമായി പാടുന്നത് അന്‍പോട് കണ്മണിയിലാണ്. ഇവിടെയെത്താന്‍ വൈകിയെന്ന് തോന്നിയിട്ടില്ല. മറ്റ് പലരുടേയും കഠിനാധ്വാനം ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. അതൊക്കെ കാണുമ്പോള്‍ ഞാന്‍ ചെയ്യുന്നതൊന്നും ഒന്നുമല്ല എന്ന് തോന്നിയിട്ടുണ്ട്. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ അത്ര ഹാര്‍ഡ് വര്‍ക്കൊന്നും ചെയ്തിട്ടില്ല. ഇനി കൂടുതല്‍ ഉത്തരവാദിത്തത്തോടെ നന്നായി വര്‍ക്ക് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്.
‘അന്‍പോട് കണ്മണി’യെ കുറിച്ച്? ചിത്രം റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞോ.
സിനിമ പുറത്തുവരും മുമ്പ് തന്നെ കഥ എനിക്ക് അറിയാമായിരുന്നു. കല്യാണം കഴിഞ്ഞവര്‍ നേരിടേണ്ടിവരുന്ന ആദ്യത്തെ ചോദ്യം. അതാണ് ഈ സിനിമയുടെ പ്രമേയം. ആ ഒരു ഘട്ടത്തിലൂടെ കടന്നുപോയവര്‍ക്കെല്ലാം സിനിമ റിലേറ്റ് ചെയ്യാന്‍ കഴിയും. ഈ സിനിമയുടെ ജോലികള്‍ നടക്കുന്ന സമയത്ത് എന്റെ കസിന് എട്ട് കൊല്ലത്തിന് ശേഷം കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു. ചേട്ടനും ചേച്ചിയും അനുഭവിച്ച കുറേ കാര്യങ്ങളുണ്ട്. അവരെ ആളുകള്‍ ഇങ്ങനെ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കുന്നത് നേരിട്ട് കണ്ടും അവര്‍ പറഞ്ഞുമെല്ലാം അറിയാം. സിനിമയുടെ ക്ലൈമാക്സില്‍ കാണിക്കുന്ന പ്രതിസന്ധിയും എന്റെ കസിന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരുപാട് കണക്റ്റ് ചെയ്യാന്‍ കഴിയുന്ന സിനിമയാണ്. ഇത് അനുഭവിച്ചിട്ടുള്ള ഒരുപാട് പേര് ഞങ്ങളോട് അഭിപ്രായം പറഞ്ഞിരുന്നു. അവര്‍ക്കും ഇത് കണക്ടായി.
സാമുവലും എയ്ഞ്ചലും രണ്ടുപേരും എൻജിനീയര്‍മാരാണല്ലോ. അവിടെനിന്ന് എങ്ങനെയാണ് സംഗീതത്തിലേക്ക് എത്തിയത്.
ഞാന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബി.ടെക് കഴിഞ്ഞതാണ്. അതിനുശേഷം അത്താണിയിലെ സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്സില്‍ അപ്രന്റീസ്ഷിപ്പ് ചെയ്തു. അത് കഴിഞ്ഞ് നേരെ ബെംഗളൂരുവിലെ വീ ഗോട് ഗുരു എന്ന മ്യൂസിക് സ്കൂളില്‍ ജോലിക്ക് കയറുകയായിരുന്നു. അഡ്മിനിസ്ട്രേഷന് പോസ്റ്റിലാണ് ജോലി തുടങ്ങിയത്. ഒപ്പം സംഗീതപഠനവും തുടര്‍ന്നു. പിന്നീട് ചെറിയ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ സാര്‍ എന്നോട് പറഞ്ഞു.
സ്ഥിരമായി പള്ളിയിലും മറ്റും പാട്ട് പാടിയിരുന്നു. പപ്പ നന്നായി പാടും. പിന്നെ, പപ്പയുടെ സഹോദരന്മാരില് വയലിന് വായിക്കുന്നവരുണ്ട്, എന്റെ കസിന് ബ്രദറിന് മ്യൂസിക് സ്കൂളുണ്ട്. പുള്ളി കീബോര്‍ഡിസ്റ്റും ഗിറ്റാറിസ്റ്റുമെല്ലാമാണ്. ചെറുപ്പം മുതലേ ഞാന്‍ പാട്ട് പാടുകയും പരിപാടികള്‍ക്ക് പോകുകയുമെല്ലാം ചെയ്തിരുന്നു.
എയ്ഞ്ചലും സാമുവലും
ഞാന്‍ ഇപ്പോഴും കര്‍ണാടിക് മ്യൂസിക് പഠിച്ചുകൊണ്ടിരിക്കുകയാണ്. ബെംഗളൂരുവില്‍ നിന്നുള്ള രമേശ് എന്ന സാറാണ് ഇപ്പൊ എന്നെ പാട്ട് പഠിപ്പിക്കുന്നത്. അതിന് മുമ്പ് നാട്ടിലുള്ളപ്പോഴും പഠിക്കുന്നുണ്ടായിരുന്നു. ബെംഗളൂരുവിലെത്തിയപ്പോള്‍ സാറിന് കീഴില്‍ പഠനം തുടരുകയായിരുന്നു. സംഗീതം പണ്ട് മുതലേ എന്റെ കൂടെയുണ്ട്. അതൊരു പ്രൊഫഷനാക്കാം എന്ന തീരുമാനം ഇപ്പോഴാണ് എടുത്തത്.
സാമുവല്‍ എം.ടെക് കഴിഞ്ഞതാണ്. ബി.ടെക് മെക്കാനിക്കല്‍ ചെയ്തു. മെഷീന് ഡിസൈനിങ്ങിലായിരുന്നു എം.ടെക്. പുള്ളി ഫസ്റ്റ് റാങ്ക് ഹോള്ഡറൊക്കെയാണ്. ബി.ടെക് കഴിഞ്ഞപ്പൊ തന്നെ പുള്ളി പാട്ടിന്റെ വഴിയിലേക്ക് തിരിഞ്ഞിരുന്നു. പുള്ളിയും ചെറുപ്പം മുതല്‍ സ്കൂളിലേയും മറ്റും സംഗീതവുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ക്കെല്ലാം പോകുമായിരുന്നു. നന്നായി പഠിക്കുന്നയാളായിരുന്നതിനാലാണ് എഞ്ചിനീയറിങ്ങിലേക്ക് പോയത്. പണ്ട് മുതലേ സിനിമയാണ് അദ്ദേഹത്തിന്റെ ഇഷ്ടമേഖല.
മുമ്പ് രണ്ട് ആല്‍ബം പാട്ടുകള്‍ പാടിയിട്ടുണ്ടല്ലോ.
അതെ. നെഞ്ചോരമേ, പനിനീര് മഴയില്‍ എന്നീ രണ്ട് ആല്‍ബം സോങ്ങുകള്‍ പാടിയിട്ടുണ്ട്. ഞങ്ങളുടെ സുഹൃത്തുക്കളായ, യു.എസ്സില്‍ നിന്നുള്ള അനില്‍ വര്‍ഗീസും അശ്വിന് മാത്യുവുമാണ് നെഞ്ചോരമേ എന്ന പാട്ടൊരുക്കിയത്. ഞാനും അയ്റാനുമാണ് ഡ്യുവറ്റ് പാടിയത്. കഥ പറയുന്ന രീതിയിലാണ് ആ പാട്ട് ചിത്രീകരിച്ചത്.
എയ്ഞ്ചൽ മേരി ജോസഫ്, എയ്ഞ്ചലും സാമുവൽ എബിയും
സാമുവലിനെ എം.ടെകിന് പഠിപ്പിച്ച അര്ജുന് കൃഷ്ണ എന്ന സാറും റിയ ദിനേശും ചേര്‍ന്ന് സംവിധാനം ചെയ്ത ‘എഫ് ഫോര്‍ ഫ്രീഡം’ എന്ന ഷോര്‍ട്ട് ഫിലിമിലെ പാട്ടാണ് പനിനീര് മഴയില്‍. രണ്ട് മിനുറ്റില്‍ താഴെയുള്ള ചെറിയൊരു പാട്ടാണത്. ജൊനാഥന് ജോസഫാണ് അതിന്റെ മ്യൂസിക്. ഇത് കൂടാതെ പീറ്റര്‍ ചേരാനെല്ലൂരിന്റെ രണ്ട് പാട്ടുകൾ ഉൾപ്പെടെ കുറച്ച് ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്.
ഏതുതരം പാട്ടുകളാണ് കേള്‍ക്കാന്‍ ഇഷ്ടം? ഇഷ്ടപ്പെട്ട പാട്ട്? ഗായകര്‍.
എല്ലാ പാട്ടുകളും കേള്‍ക്കാറുണ്ട്. എന്നാലും എനിക്ക് കൂടുതല്‍ കേള്‍ക്കാന്‍ ഇഷ്ടം മെലഡി ഗാനങ്ങളാണ്. ഞാന്‍ അധികവും പാടിയിട്ടുള്ളത് മെലഡി ടൈപ്പായതുകൊണ്ടാകാം. ഒരു പാട്ടിനോടോ ഏതാനും പാട്ടുകളോടോ മാത്രമായി പ്രത്യേക ഇഷ്ടമില്ല. എല്ലാ പാട്ടുകളും ഒരുപോലെ ഇഷ്ടമാണ്. അതുപോലെ തന്നെയാണ് ഗായകരുടെ കാര്യവും.
എന്നാല്‍ ആദ്യമൊക്കെ, പാടാനായി പാട്ട് തിരഞ്ഞെടുക്കുമ്പോള്‍ ചിത്രച്ചേച്ചിയുടെയോ സുജാത ചേച്ചിയുടെയോ പാട്ടുകളാണ് കൂടുതലും പാടിയിരുന്നത്. ഇപ്പോള്‍ എല്ലാവരുടേയും പാട്ടുകള്‍ പാടാന്‍ ശ്രമിക്കും. ഒരാളോട് മാത്രമായി കൂടുതല്‍ ഇഷ്ടമില്ല. നല്ല സംഗീതത്തിനോടാണ് ഇഷ്ടം.
നേരത്തേയുള്ള രീതിയില്‍ നിന്ന് വ്യത്യസ്തമായാണ് ഇപ്പോള്‍ പാട്ടുകള്‍ ഉണ്ടാകുന്നത്. സംഗീതത്തിലായാലും വരികളിലായാലുമെല്ലാം നമുക്കത് പ്രകടമായി കാണാം. പാട്ടുകളുടെ ഈ ‘ട്രാക്ക് ചെയ്ഞ്ചി’നെ കുറിച്ച് എന്താണ് അഭിപ്രായം.
മുമ്പുള്ള പോലത്തെ സിനിമകളല്ല ഇപ്പോള്‍ വരുന്നത്. സിനിമയ്ക്കനുസരിച്ചാണ് പാട്ടുകള്‍ ചെയ്യുന്നത്. ഒരു പരിധിവരെ, സിനിമയിലുണ്ടായ മാറ്റമാണ് പാട്ടുകളിലുമുണ്ടായിട്ടുള്ളത്. പിന്നെ, മുമ്പുള്ളത്ര പാട്ടുകള്‍ ഇപ്പോള്‍ സിനിമകളില്‍ ഇല്ല. ഉള്ള പാട്ടുകള്‍ ഇന്ന രീതിയില്‍ വേണമെന്ന് കൃത്യമായി സംവിധായകര്‍ പറയുകയും ചെയ്യും.
പണ്ടത്തെ സിനിമകളില്‍ പാട്ടുകള്‍ക്ക് കുറച്ചുകൂടെ ഇടമുണ്ടായിരുന്നു. മാത്രമല്ല, അന്ന് കൂടുതലും ഗ്രാമീണപശ്ചാത്തലത്തിലുള്ള സിനിമകളാണ് ഇറങ്ങിയിരുന്നത്. അത്തരം ചിത്രങ്ങള്‍ക്ക് ക്ലാസിക്കല്‍ ടൈപ്പ് പാട്ടുകളായിരുന്നു വേണ്ടിയിരുന്നത്. പക്ഷേ ഇന്ന് വരുന്ന സിനിമകള്‍ അങ്ങനത്തേതല്ലാത്തതുകൊണ്ട് നമ്മള് ആ ടൈപ്പ് പാട്ട് ചെയ്തിട്ട് കാര്യമില്ലല്ലോ. മ്യൂസിക്കിലെ ജനറേഷന് ചെയ്ഞ്ചാണ് അത്.
ഇന്നത്തെ പാട്ടുകള്‍ ആളുകള്‍ ആസ്വദിക്കുന്നുണ്ടെങ്കിലും ഉള്ളിന്റെയുള്ളില്‍ പഴയ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന വലിയൊരുവിഭാഗം പേര് ഉണ്ടെന്നുതോന്നുന്നു. അതുകൊണ്ടാണല്ലോ ഇന്‍സ്റ്റഗ്രാമിലും മറ്റും പഴയപാട്ടുകളുടെ കവര്‍ ചെയ്യുമ്പോള്‍ അതതെല്ലാം ഹിറ്റാകുന്നത്. ജനങ്ങള്‍ എല്ലാം സ്വീകരിക്കുന്നുണ്ട്. ഇന്നത് മാത്രമേ അവര്‍ക്ക് കൊടുക്കാവൂ എന്നൊരു അഭിപ്രായം എനിക്കില്ല.
കുടുംബത്തെ കുറിച്ച്.
ഞാനും ഹസ്ബന്‍ഡും മോനും ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്. മകന് ഐസക് എബി സാമുവല്‍. അവ ന് ആറുവയസാണ്. യു.കെ.ജിയില്‍ പഠിക്കുന്നു.
എന്റെ വീട്ടില്‍ പപ്പയും അമ്മയും സിസ്റ്ററുമാണുള്ളത്. പപ്പ കെ.എ. ജോസഫ്, അമ്മ ഓമന ജോസഫ്. അനിയത്തി ആന്‍ മേരി ജോസഫ്. അവളെ വിവാഹം ചെയ്തത് ഡാനി സേവ്യര്‍. അവരും എറണാകുളത്ത് തന്നെയാണ് താമസിക്കുന്നത്. സാമുവലിന്റെ പപ്പ പി.സി. സാമുവല്‍, മമ്മി റെയ്ച്ചല്‍ ജി. സൂസന്. ഒറ്റമകനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]