![](https://newskerala.net/wp-content/uploads/2025/02/TRISHA-1024x576.jpg)
തെന്നിന്ത്യന്‍ നടി തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാം വഴി തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്. അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും തന്റെ അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കരുതെന്നും അവര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.
ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി, അജിത്തിന്റെ വിടാമുയര്‍ച്ചി എന്നീ സിനിമകളാണ് ഈ വര്‍ഷം തൃഷയുടേതായി ഇതുവരെ റിലീസ് ചെയ്തത്. ജനുവരി ആദ്യം റിലീസ് ചെയ്ത ഐഡന്റിറ്റിയില്‍ അലീഷ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.
വിടാമുയര്‍ച്ചിയില്‍ കയല്‍ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. നടൻ അജിത്തിന്റെ ഭാര്യ വേഷത്തിലാണ് തൃഷ എത്തിയത്. പൂര്‍ണ്ണമായും അസര്‍ബൈജാനില്‍ ഷൂട്ട് ചെയ്ത ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.
തൃഷ അഭിനയം നിര്‍ത്തുന്നുവെന്ന തരത്തില്‍ അടുത്തിടെ അഭ്യൂഹം പരന്നിരുന്നു. അഭിനയം അവസാനിപ്പിച്ച് തൃഷ നടന് വിജയ് ആരംഭിച്ച തമിഴ് വെട്രി കഴകം പാര്‍ട്ടിയില്‍ അംഗമാകും എന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഈ വിഷയം തൃഷയുടെ കുടുംബം തള്ളിക്കളഞ്ഞു.
തൃഷ അഭിനയിച്ച അര ഡസന്‍ സിനിമകളാണ് പുറത്തുവരാനുള്ളത്. അജിത്തിനൊപ്പം തന്നെ അഭിനയിച്ച മറ്റൊരു ചിത്രമായ ഗുഡ് ബാഡ് അഗ്ലി ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ മണിരത്നം സംവിധാനം ചെയ്ത തഗ് ലൈഫ് എന്ന സിനിമയും വരാനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]