
മലയാള സിനിമയുടെ പ്രിയപ്പെട്ട ടൻ വിജയരാഘവൻ്റെ 75-ാം പിറന്നാളാണ് ഞായറാഴ്ച. നാടകാചാര്യനായ എൻ.എൻ. പിള്ളയുടെ മകന് അഭിനയം എന്നും ഒരു വീട്ടുകാര്യമായിരുന്നു. അതുകൊണ്ടുതന്നെ സിനിമാഭിനയം അനായാസ കലയുമായി. ഭേദഭാവങ്ങളില്ലാതെ കഥാപാത്രങ്ങളിൽനിന്ന് കഥാപാത്രങ്ങളിലേക്ക് വിജയരാഘവൻ തന്റെ യാത്രതുടരുന്നു. 2023 നവംബർ 19-ന് അഭിനയരംഗത്ത് 50 വർഷം തികയ്ക്കുന്ന വേളയിൽ വിജയരാഘവൻ മാതൃഭൂമി വാരാന്തപതിപ്പിന് നൽകിയ അഭിമുഖം പുനഃപ്രസിദ്ധീകരിക്കുന്നു.
പുതുതായി വാങ്ങിയ ഡിസോട്ടോ ഡിപ്ലോമാറ്റ് കാറിൽ അച്ഛന്റെ ഡ്രൈവറായിട്ടാണ് വിജയരാഘവൻ കാപാലിക എന്ന സിനിമയുടെ സെറ്റിലെത്തിയത്. വർഷം 1973. വിശ്വകേരള കലാസമിതിയുടെ കാപാലിക അരങ്ങുകളിൽ തകർത്താടിയശേഷമുള്ള കാലം. നാടകം സംവിധാനംചെയ്ത അച്ഛൻ എൻ.എൻ. പിള്ളയ്ക്കും ചിറ്റമ്മയ്ക്കും സിനിമയിൽ വേഷമുണ്ട്. ഷീലയുടെ കഥാപാത്രം നടത്തുന്ന വേശ്യാലയത്തിൽ പോലീസ് റെയ്ഡിന് എത്തുന്നു. അവിടെ ഇടപാടുകാരനായെത്തുന്ന ചെറുപ്പക്കാരന്റെ വേഷംചെയ്യാൻ ആളുവേണം. വളരെ ചെറിയ വേഷം. ഇതിന് കണ്ടുവെച്ചിരുന്ന നടൻ വന്നില്ല. അങ്ങനെയാണ് സംവിധായകൻ ക്രോസ് ബെൽറ്റ് മണി എൻ.എൻ. പിള്ളയോട് കുട്ടന് ഈ വേഷം ചെയ്തുകൂടേയെന്ന് ചോദിക്കുന്നത്. മകനോട് ആ വേഷം ചെയ്യാൻ എൻ.എൻ. പിള്ള പറയുന്നു. വിജയരാഘവന് ആദ്യരംഗം ഇപ്പോഴും ഓർമയുണ്ട്.
‘ആദ്യ ഷോട്ടിൽ ഒപ്പമുണ്ടായിരുന്നത് അക്കാലത്ത് കോമഡിറോളുകൾ അഭിനയിച്ചിരുന്ന മാത്യു പ്ലാന്തോട്ടവും ഖദീജ ചേച്ചിയും. വേശ്യാലയത്തിൽ പോലീസ് റെയ്ഡിനെത്തുമ്പോൾ അത് ഒരു ഡാൻസ് ബാറാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഷീലയുമൊത്ത് പാട്ടുപാടി അഭിനയിക്കുന്ന ചെറുപ്പക്കാരനായിട്ടാണ് ഞാൻ രംഗത്തുവരുന്നത്. വെപ്രാളമൊന്നും തോന്നിയില്ല. കാരണം സ്റ്റേജിൽ അഭിനയിച്ച പരിചയമുണ്ടായിരുന്നു. ഒരു കൗതുകം തോന്നി. നാടകത്തിൽ അപ്പുറത്തുനിൽക്കുന്ന കഥാപാത്രത്തിന്റെ മുഖത്തുനോക്കിയാണ് അഭിനയിക്കുന്നത്. സിനിമയിലെത്തിയപ്പോൾ ക്യാമറയ്ക്ക് മുന്നിലാണ് അഭിനയം. സഹകഥാപാത്രങ്ങൾ രംഗത്തുണ്ടാവില്ല. അവർ രംഗത്തുണ്ടെന്ന ഭാവനയിൽവേണം അഭിനയിക്കാൻ. തുടർന്നും സിനിമയിൽ അഭിനയിക്കുകയെന്നത് വലിയ പ്രലോഭനമോ ആവേശമോ ആയി അന്ന് തോന്നിയില്ല. കാരണം, ആ പ്രായത്തിൽ ഞാൻ അന്നേ പ്രശസ്തനായിരുന്നു. നാടകങ്ങൾ വലിയതോതിൽ അംഗീകരിക്കപ്പെട്ടിരുന്ന കാലം. നാടകത്തെയും ലോകത്തെയും കുറിച്ച് ആളുകൾ പൊതുവിൽ ആധികാരികമായി ചിന്തിച്ചിരുന്ന കാലം. എവിടെച്ചെന്നാലും എൻ.എൻ. പിള്ളയുടെ മകൻ എന്ന അംഗീകാരം ലഭിച്ചിരുന്നു. ഞാൻ അന്നേ പ്രശസ്തനായിരുന്നു. എൻ.എൻ. പിള്ളയുടെ മകൻ എന്നനിലയ്ക്ക് അപ്പുറം അംഗീകരിക്കപ്പെടണം എന്ന ആഗ്രഹമായിരിക്കും പിന്നീട് എന്നെ സിനിമയിലെത്തിച്ചത്’.
പിന്നീടുള്ളത് വിജയരാഘവൻ അഭിനയത്തെയും ജീവതത്തെയും കുറിച്ച് ഏറെ പഠിച്ച നാടകക്കാലമായിരുന്നു. മറ്റൊരിടത്തുനിന്നും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ നാടകം പഠിപ്പിച്ചു, നാടകയാത്രകൾ പഠിപ്പിച്ചു. അരങ്ങിൽ ആടുമ്പോൾ പ്രേക്ഷകരിൽനിന്ന് തത്സമയം ലഭിക്കുന്ന പ്രതികരണം ഒരു അനുപമമായ അനുഭവംതന്നെയായി. ആദ്യ സിനിമ അഭിനയിച്ച് ഒൻപതുവർഷത്തിനുശേഷമാണ് പിന്നീട് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ശ്രീകുമാരൻ തമ്പി സംവിധാനംചെയ്ത അമ്മയ്ക്കൊരുമ്മ എന്നസിനിമയിൽ ഒരു സീൻ മാത്രമുള്ള വേഷം. തൊട്ടടുത്ത വർഷംതന്നെ ആദ്യമായി നായകവേഷത്തിൽ അരങ്ങേറി. കലാസംവിധായകനായിരുന്ന എസ്. കൊന്നനാട് സംവിധാനംചെയ്ത ഏക സിനിമയായിരുന്നു സുറുമയിട്ട കണ്ണുകൾ. കാപാലികയുടെ കലാസംവിധായകനായിരുന്ന കൊന്നനാട്ടിനെ നേരത്തേതന്നെ അറിയമായിരുന്നു.
‘‘KLK 1982 എന്ന നാടകത്തിൽ അഭിനയിക്കുമ്പോഴാണ് സുറുമയിട്ട കണ്ണുകളിൽ അഭിനയിക്കാൻ അവസരംകിട്ടുന്നത്. അതുമായി ബന്ധപ്പെട്ട ആദ്യയാത്ര ഇന്നും ഓർമയുണ്ട്. എന്റെ ആദ്യ വിമാനയാത്രയായിരുന്നു അത്. കൊച്ചിയിൽനിന്ന് ചെന്നൈയിലേക്ക്. വിമാനത്തിൽ അന്ന് ഒപ്പമുണ്ടായിരുന്നത് അന്തരിച്ച നിർമാതാവ് മജീന്ദ്രനും കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷനും. വുഡ്ലാൻഡ്സ് ഹോട്ടലിലെത്തി ആദ്യ അഡ്വാൻസ് വാങ്ങി. ആയിരം രൂപ’’.
സുറുമയിട്ട കണ്ണുകൾ വിജയിച്ചില്ല. അന്നുതന്നെ അപ്രസക്തമായിപ്പോയ അറബിക്കല്യാണം എന്ന വിഷയം പ്രേക്ഷകരെ ആകർഷിച്ചില്ല. തുടർന്ന് ചെറിയവേഷങ്ങൾ ചെയ്തു. പി. ചന്ദ്രകുമാറിന്റെ ആന, പി.സി 329, പി.ജി. വിശ്വംഭരന്റെ പിൻനിലാവ്… ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിച്ചത് പി.ജി. വിശ്വംഭരൻ സംവിധാനംചെയ്ത ഈ ശബ്ദം ഇന്നത്തെ ശബ്ദത്തിലായിരുന്നു. മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമ. അതിലെ പ്രധാന വില്ലൻവേഷമായിരുന്നു വിജയരാഘവന്. ഒരു താരം എന്നനിലയിൽ ആദ്യമായി ഒരു മെമന്റോ കിട്ടുന്നതും ഈ സിനിമയ്ക്കാണ്. ചിത്രത്തിന്റെ ജൂബിലി ആഘോഷവേളയിൽ.
ജോഷി സംവിധാനംചെയ്ത ‘ന്യൂഡൽഹി’യാണ് നടൻ എന്നനിലയിലും താരം എന്നനിലയിലും വിജയരാഘവന് വലിയൊരു ബ്രേക്കായത്. ഇതിൽ മമ്മൂട്ടിയുടെ ജി.കെ. എന്ന കഥാപാത്രത്തിനൊപ്പം തിഹാർ ജയിലിൽക്കഴിഞ്ഞ അനന്തൻ എന്ന വേഷം വിജയരാഘവന് ഏറെ ഗുണംചെയ്തു. ജോഷിയുടെയും മമ്മൂട്ടിയുടെയും സിദ്ദിഖിന്റെയും തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെയും സിനിമാജീവിതത്തിൽ വഴിത്തിരിവായി ന്യൂഡൽഹി. മലയാളത്തിൽ സൂപ്പർഹിറ്റായ ന്യൂഡൽഹിയുടെ തമിഴ്, കന്നഡ, തെലുഗു, ഹിന്ദി പതിപ്പുകളിലും വിജയരാഘവൻ അഭിനയിച്ചു. വില്ലൻവേഷങ്ങളിൽ തിളങ്ങുമ്പോൾ നായകൻ എന്നനിലയിലും പതുക്കെപ്പതുക്കെ വിജയരാഘവൻ തിളങ്ങി. ദ്രാവിഡനും ബ്രിട്ടീഷ് മാർക്കറ്റും ഹാർബറുമൊക്കെ ഹിറ്റായി. എന്നാൽ, വില്ലൻവേഷങ്ങൾ കൈവിട്ടതുമില്ല. വ്യത്യസ്തവേഷങ്ങൾ എന്നും വിജയരാഘവനെ മോഹിപ്പിച്ചിരുന്നു. താരം എന്നതിലുമപ്പുറം തന്നിലെ നടനെ തൃപ്തിപ്പെടുത്താനായിരുന്നു അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നത്. നടൻ എന്നനിലയിൽ വിജയരാഘവൻ മുഖമുദ്ര ചാർത്തിയ മൂന്നു വേഷങ്ങളാണ് റാംജിറാവു സ്പീക്കിങ്ങും (1989) ഏകലവ്യനും (1993) ദേശാടനവും (1996).
‘‘സിദ്ദിഖ്-ലാലിന്റെ ആദ്യസിനിമയായിരുന്നു റാംജിറാവു സ്പീക്കിങ്. ധനാഢ്യനായ ഒരാളുടെ മകളെ തട്ടിക്കൊണ്ടുപോകുന്ന കഥാപാത്രം. പല വില്ലന്മാരിൽ ഒരാളാണ് റാംജിറാവു. പ്രത്യക്ഷത്തിൽ കാര്യമായ അഭിനയസാധ്യതയില്ലാത്ത വേഷം. ഞാൻ ചില ആശയങ്ങൾ മുന്നോട്ടുവെച്ചു. കുട്ടേട്ടന് എന്തും ചെയ്യാമെന്ന് സിദ്ദിഖ് ആദ്യമേ പറഞ്ഞു. ഒരു സൈനിക യൂണിഫോം പോലുള്ള കോസ്റ്റ്യൂമായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. അത് ഞാൻ രണ്ട് പോക്കറ്റുള്ള നീളൻഷർട്ടാക്കി. ലാലിന്റെ ഷർട്ട്. ക്യാമറാമാൻ വേണുവിന്റെ ജീൻസ്. എന്റ മുടി ഷേവ് ചെയ്ത് നെറ്റി വിശാലമാക്കി. കൃതാവ് നീട്ടി, മുഖത്തിന് നീളൻലുക്ക് നൽകി. ഓരോ ഷോട്ട് കഴിയുമ്പോഴും കണ്ണിൽ ഗ്ലിസറിനൊഴിച്ച്, നേത്രഗോളം ചലിപ്പിച്ച് ഒരു പ്രത്യേകഭാവം ഉണ്ടാക്കിയെടുത്തു. ഒരു ക്യാരക്ടർ എന്നതിനപ്പുറം ഒരു കാരിക്കേച്ചറാക്കിമാറ്റി റാംജിറാവുവിനെ’’.
ഷാജി കൈലാസ്-രൺജി പണിക്കർ ടീമിന്റെ ഹിറ്റ് ചിത്രമായ ഏകലവ്യനിലും വിജയരാഘവൻ ഇടപെട്ട് പൊലിപ്പിച്ച കഥാപാത്രമായിരുന്നു ‘പോലീസ് ഓഫീസറുടെ വേഷമായിരുന്നു എനിക്ക് ഏകലവ്യനിൽ ആദ്യം. കുറേ പോലീസ് വേഷം ചെയ്തതുകൊണ്ട് ഞാൻ ഷാജി കൈലാസിനോട് വേറൊരു വേഷം ചോദിച്ചു. ബാക്കിയുണ്ടായിരുന്ന വേഷം വയസ്സനായ വില്ലനായ ചോറാടി കറിയയുടേതായിരുന്നു. അതു ഷാജി എനിക്ക് തന്നു. എനിക്ക് പരിചിതമായ ജീവിതസാഹര്യങ്ങളിൽനിന്നുള്ള വേഷമാണ് ചേറാടി കറിയയുടേത്. പലരുടെയും അംശം ആ കഥാപാത്രത്തിൽ കാണാം. അച്ഛന് ഇഷ്ടപ്പെട്ട വേഷമായിരുന്നു ചേറാടി കറിയ. അതിനുമുമ്പ് ‘നീ എന്തിനാടാ തല്ലുകൊള്ളാൻ പോകുന്നത്’ എന്ന് എന്നോട് അച്ഛൻ ചോദിക്കുമായിരുന്നു.’
വിജയരാഘവൻ അഭിനയത്തിന്റെ സൂക്ഷ്മതകൾ അക്കാദമിക്കായി പഠിച്ചിട്ടില്ല. എന്നാൽ, നടനം എന്നതിനെക്കുറിച്ച് അനുഭവത്തിലൂടെ രൂപപ്പെട്ട കാഴ്ചപ്പാടുണ്ട്.
‘A character is not one. but a multitude. ഒരാളെമാത്രം മാതൃകയാക്കി അഭിനയിക്കുന്ന ആളല്ല ഞാൻ. ഒരു കഥാപാത്രത്തിൽ പലരുടെയും അംശമുണ്ടാവും. എന്നാൽ, ആരെയും അനുകരിക്കുന്നില്ല. അനുകരിച്ചാൽ അത് മിമിക്രിയാകും. ഞാൻ കഥാപാത്രമായി മാറുകയല്ല. കഥാപാത്രം എന്നിലേക്ക് വരുകയാണ് ചെയ്യുന്നത്. കഥാപാത്രത്തെ നൂറുശതമാനം നിയന്ത്രിക്കുന്നത് ഞാനാണ്. അതിൽ സ്വയംവിമർശനത്തിന്റെ അംശമുണ്ട്. ഒരു നോട്ടം, ഭാവം, ചലനം. അത് എത്രത്തോളം വേണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. കഥാപാത്രത്തിനുമേൽ സ്വയംവിമർശനാത്മകമായ നിയന്ത്രണം. അതാണ് അഭിനയം.’
അഭിയനത്തോടുള്ള ഈ സമീപനം ദേശാടനത്തിലെ ശങ്കരനെ മികവുറ്റതാക്കാൻ ഉപകരിച്ചു. ഹീറോ ഇമേജുണ്ടായിരുന്ന കാലത്ത് വിജയരാഘവൻ വ്യത്യസ്തമായി ചെയ്ത വേഷമാണ് ദേശാടനത്തിലേത്.
‘‘എന്നെ വിളിച്ച് സംവിധായകൻ ജയരാജ് ഈ റോളിന്റെ കാര്യം പറഞ്ഞതിന്റെ അടുത്തദിവസമാണ് പത്രത്തിൽ കോട്ടയ്ക്കൽ ശിവരാമന്റെ അറുപതാം പിറന്നാൾ ആഘോഷവാർത്തയും ഫോട്ടോയും കാണുന്നത്. അദ്ദേഹത്തിന്റെ ഭാവം എന്നെ എങ്ങനെയോ സ്പർശിച്ചു. പതംവന്നൊരു കഥകളിനടൻ. സിനിമയിലെ വേഷം മനസ്സിലുണ്ടായിരുന്നതുകൊണ്ട് കോട്ടയ്ക്കൽ ശിവരാമന്റെ രൂപം എന്നെ സ്വാധീനിച്ചു. ഒപ്പംതന്നെ അച്ഛനുമായി ബന്ധമുണ്ടായിരുന്ന പ്രഗല്ഭരായ കുടമാളൂർ കരുണാകരൻ നായരും കലാമണ്ഡലം കൃഷ്ണൻനായരും എന്റെ മനസ്സിലുണ്ടായിരുന്നു.’’
പ്രൊഫഷണൽ നടൻ എന്നനിലയിൽ തേടിവന്ന വേഷങ്ങളൊന്നും ഒഴിവാക്കിയില്ല വിജയരാഘവൻ. ഇതിനിടയിലാണ് 1921, ശിപായിലഹള, മങ്കമ്മ, മേലേപ്പറമ്പിൽ ആൺവീട്, സോൾട്ട് ആൻഡ് പെപ്പർ, ലീല തുടങ്ങിയ സിനിമകളിൽ കാമ്പുള്ള വേഷങ്ങൾ വ്യത്യസ്തമാക്കിയത്. അപ്രതീക്ഷിതമായി കിട്ടിയതാണ് ഈ വർഷം പുറത്തിറങ്ങിയ പൂക്കാലത്തിലെ വേഷം. അൻപത് വർഷം സിനിമയിൽ പിന്നിടുമ്പോൾ മലയാളത്തിലെ മുൻനിരസംവിധായകർ കത്തിനിന്നകാലത്ത് അവരുടെ സിനിമകളിൽ അഭിനയിക്കാൻ പലപ്പോഴും വിജയരാഘവന് അവസരം ഒത്തുവന്നില്ല.
‘‘സിനിമയുമായി ബന്ധപ്പെട്ട് ഒരു സങ്കടമേയുള്ളൂ, ഭരതൻ, കെ.ജി. ജോർജ്, പദ്മരാജൻ എന്നിവരുടെ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയില്ല.’’ ഗോപി, നെടുമുടി വേണു, തിലകൻ എന്നിവരാണ് വിജയരാഘവന്റെ ഇഷ്ടതാരങ്ങൾ. മമ്മൂട്ടിയെപ്പോലെ ഇത്രയധികം പരിശ്രമശാലിയായ ഒരു നടനെ കണ്ടിട്ടില്ല. നസിറുദ്ദീൻഷായും രണ്ടാംവരവിലെ അമിതാഭ് ബച്ചനും പ്രിയപ്പെട്ടവരാണ്.
അൻപത് വർഷം സിനിമയിൽ പൂർത്തിയാക്കുമ്പോഴും ഇതുവരെ ഒരു ഔദ്യോഗിക അംഗീകാരവും കിട്ടിയിട്ടില്ല. അതിൽ അല്പംപോലും വിഷമമില്ല. ‘‘എൻ.എൻ. പിള്ളയുടെ മകനായി പിറന്നതാണ് ഏറ്റവുംവലിയ ഭാഗ്യം. സിനിമ എനിക്ക് എല്ലാം തന്നു. എത്രയോ ലക്ഷം ആളുകൾ എന്നെ തിരിച്ചറിയുന്നു. സിനിമ കാരണം സുഖമായി ജീവിക്കുന്നു. ഇന്നും അഭിനയിക്കുന്നു. ഇതൊക്കെ പോരേ. ഞാൻ നൂറുശതമാനം ഭാഗ്യവാനാണ്.’’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]