
കൊച്ചി: കാലാവസ്ഥ മാറിമറിയുമ്പോൾ, ഭൂമി ചുട്ടുപഴുക്കുമ്പോൾ, ധ്രുവങ്ങൾ ഉരുകിത്തുടങ്ങുമ്പോൾ എന്താണ് പോംവഴി ? ചർച്ചകളിലേക്കാണ് ശനിയാഴ്ച മാതൃഭൂമി കപ്പ കൾച്ചർ ഉണർന്നത്. ജനുവരിച്ചൂടിനൊപ്പം വർത്തമാനം സജീവമായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾക്ക് ഇരയാകാൻ ഇടയുള്ള കൊച്ചിയുടെ തീരത്ത് ആശയങ്ങൾ അവർ പങ്കുവെച്ചു. പാട്ടും കലയും ജീവിതത്തിൽനിന്ന് ഭിന്നമല്ലെന്നു പറയുന്നതായിരുന്നു ഓരോ വാക്കും. അതിൽ പ്രകൃതിയും കാടും തഴച്ചു നിന്നു, മഴ പെയ്തു നിറഞ്ഞു. കൂൾ സെല്യൂഷൻസായിരുന്നു ടോക്ക് വിഷയം.
“ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?.” രശ്മി സതീഷിന്റെ പാട്ട് അതിനൊപ്പം ഉയർന്നു.“ ആ പാട്ട് ആദ്യംകേട്ടത് വയനാട്ടിൽ കാടിനു നടുവിലെ മൈതാനത്ത് ഒരു കുട്ടി പാടിയപ്പോഴാണ്. പിന്നീട് മുത്തങ്ങ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫോർട്ട്കൊച്ചിയിൽ ഒരുക്കിയ പന്തലിൽ അതേ പാട്ട് ഞാൻ പാടി. അത് സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തു. പിന്നെ എത്രയോ വേദികളിൽ പാടി. അതു കേട്ട് പലരും എന്നെ വിളിച്ചു. പല പ്രായത്തിലും അവസ്ഥകളിലുമുള്ളവർ. ആ പാട്ടിന്റെ മനസ്സുമായി താദാത്മ്യം പ്രാപിച്ചവരായിരുന്നു അവരെല്ലാം.” രശ്മി പറഞ്ഞു. പരിസ്ഥിതി സ്നേഹം പെട്ടെന്നൊരു ദിവസം പൊട്ടിമുളയ്ക്കുന്നതല്ലെന്നും ജീവിതത്തിനോടൊപ്പം വളരുകയും ഉള്ളിലേക്ക് പടരുകയും ചെയ്യുന്ന ഒരു വികാരമാണെന്നും അത് വീട്ടിൽനിന്ന് തുടങ്ങേണ്ടതാണെന്നും രശ്മി സതീഷ് പറഞ്ഞു. 30 വർഷം മുൻപ് ശൂരനാട് ഒരു പരിപാടിയിൽ പിറന്ന ഗാനം നാളെയുടെ ഗാനമായി മാറിയത് ചെറിയ കാര്യമല്ലെന്നും രശ്മി പറഞ്ഞു.
ഏകത എന്ന സ്വപ്നം
പ്രകൃതിയോടുള്ള ഇഷ്ടം കൊണ്ട് കാപ്പികൃഷിക്കായി മണ്ണിലേക്ക് ഇറങ്ങിയ കഥ പറഞ്ഞാണ് ഏകത എർത്ത് ഡയറക്ടർ ഷമീൽ സി.പി. തുടങ്ങിയത്. “പ്രകൃതിയെ സ്നേഹിക്കാൻ കൃഷിയാണ് നല്ലത്. അതൊരു സ്വപ്നത്തിൽ നിന്നുള്ള തുടക്കമായിരുന്നു. ഞങ്ങൾ കാപ്പികൃഷി ചെയ്യാൻ തുടങ്ങിയിട്ട് എട്ടുവർഷമായി, ജൈവകൃഷി.” ഷമീൽ പറഞ്ഞു.
”ഏകതയെ ഒരു കമ്പനി എന്നതിനേക്കാൾ കൂട്ടായ്മ എന്ന് പറയുന്നതാവും ശരി. തുടക്കത്തിൽ എല്ലാം പരീക്ഷണങ്ങളായിരുന്നു. കാടിനടുത്തെ കൃഷി ആന വന്ന് നശിപ്പിച്ചു. പക്ഷേ, ഞങ്ങൾ പിന്മാറിയില്ല. പ്രകൃതി നന്മകളെ ചേർത്തുപിടിക്കും എന്നതാണ് എന്റെ അനുഭവം.”
പ്ലാസ്റ്റിക്കിൽ നിന്ന് വീട്
“നദികളിലേക്കും കടലിലേക്കും എത്തുന്ന റീസൈക്കിൾ ചെയ്യാൻ പറ്റാത്ത പ്ലാസ്റ്റിക് മാലിന്യം. എന്താണ് അതിന് പരിഹാരം എന്നായിരുന്നു ഞങ്ങളുടെ ആലോചന. അതുകൊണ്ട് വീടുകൾ നിർമിച്ചാൽ എങ്ങനെയിരിക്കും എന്ന ആശയത്തിലേക്ക് അത് എത്തി. 2002 ലാണ് ഞങ്ങൾ കോഴിക്കോട്ട് ഫാക്ടറി തുടങ്ങിയത് ” ഒറിയോൺ പോളിമർ കംപോസിറ്റ് ഫാക്ടറി ഡയറക്ടർ സൗഹൃദ് എം.പി. പറഞ്ഞു. ആദ്യമായി ഈ രീതിയിൽ ബാലുശ്ശേരിയിൽ ഒരു വീടു പണിതു. 4811 കിലോ പ്ലാസ്റ്റിക് അതിനായി ഉപയോഗിച്ചു. സാധ്യതകൾ തേടുകയായിരുന്നു ഞങ്ങൾ. ”
സീഡ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതിക്കായി മാതൃഭൂമി ഏറെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ടോക്ക് മോഡറേറ്ററായിരുന്ന കപ്പ ഹെഡ് രഞ്ജിനി മേനോൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]