
ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനംചെയ്ത എബ്രഹാം ഓസ്ലർ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിലെ ഒരു രഹസ്യം പരസ്യമാക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. ഓസ്ലറിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയുടെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.
ട്രെയിലറിൽ ഡെവിൾ എന്നുവിശേഷിപ്പിച്ച കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്. നേരത്തേ ഓസ്ലറിൽ മമ്മൂട്ടി ഒരു സുപ്രധാനവേഷത്തിലുണ്ടാവും എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. തിയേറ്ററിൽ സിനിമയ്ക്ക് മികച്ച പ്രതികരണം വന്നതോടെയാണ് മമ്മൂട്ടിയുടെ ക്യാരക്റ്റർ പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് കയ്യടികളോടെയുള്ള വരവേല്പാണ് പ്രേക്ഷകർ തിയേറ്ററിൽ നൽകുന്നത്. ഓസ്ലറിന്റെ ആദ്യ ഷോ കഴിഞ്ഞതോടെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് തന്നെയാണ് മമ്മൂട്ടിയുടെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇന്തിയാവിൻ മാപെരും നടികർ (ഇന്ത്യയുടെ മഹാനടൻ) എന്നാണ് പോസ്റ്ററിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
“എബ്രഹാം ഓസ്ലറിനെ ആവേശത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകർക്കു നന്ദി..!! ഓസ്ലർനെ ആവിസ്മരണീയം ആക്കിയ ഇന്ത്യയുടെ മഹാനടൻ മമ്മുക്കയ്ക്കു നന്ദി..!!” പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മിഥുൻ മാനുവൽ തോമസ് എഴുതി.
നേരമ്പോക്കിൻ്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും, മിഥുൻ മാനുവൽ തോമസ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയയാണ് പ്രദർശനത്തിനെത്തിച്ചത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. അബ്രഹാം ഒസ്ലർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]