
ശിശുദിനം മാത്രമല്ല മലയാളികൾക്ക് നവംബർ 14. ജനപ്രിയ സംഗീതത്തിലെ മറക്കാനാവാത്ത ഒരു ചരിത്ര മുഹൂർത്തം കൂടിയാണ്: യേശുദാസ് എന്ന ചലച്ചിത്ര പിന്നണിഗായകൻ `പിറവിയെടുത്ത’ ദിനം.
അഗസ്റ്റിൻ ജോസഫ് ഭാഗവതരുടേയും എലിസബത്തിന്റെയും മകനായി കാട്ടാശ്ശേരി ജോസഫ് യേശുദാസ് ജനിച്ചുവീണത് 1940 ജനുവരി 10 നായിരിക്കാം. പക്ഷേ ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ `ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ശ്രീനാരായണ ഗുരുദേവശ്ലോകം പാടി യേശുദാസ് എന്ന പിന്നണിഗായകൻ ജന്മം കൊണ്ടത് പിന്നേയും രണ്ടു ദശകങ്ങൾ കൂടി കഴിഞ്ഞാണ്; 1961 നവംബർ 14 ന്. അമ്പത്തഞ്ചു വർഷം മുൻപത്തെ ആ അരങ്ങേറ്റ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഭാഗ്യമുണ്ടായ ആരുമില്ല ഇന്ന് നമുക്കൊപ്പം: “കാൽപ്പാടുക”ളുടെ സംവിധായകൻ കെ എസ് ആന്റണി, മുഖ്യ നിർമ്മാതാവ് രാമൻ നമ്പിയത്ത്, സംഗീത സംവിധായകൻ എം ബി ശ്രീനിവാസൻ, ഗാനരചയിതാവ് പി ഭാസ്കരൻ, ഗായകൻ കെ പി ഉദയഭാനു, ഗായിക പി ലീല, ശാന്താ പി നായർ, റെക്കോർഡിസ്റ്റ് കോടീശ്വര റാവു…..എല്ലാവരും ഓർമ്മയായി.
2014 ഫെബ്രുവരി 26 നാണ് രാമൻ നമ്പിയത്ത് കഥാവശേഷനായത്. അവസാനമായി അയച്ച പോസ്റ്റ് കാർഡിൽ, തെല്ലു വിറയാർന്ന കൈപ്പടയിൽ നമ്പിയത്ത് എഴുതി: “ഇന്ന് നവംബർ 14. എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തത്തിന്റെ ഓർമ്മ പുതുക്കുന്ന ദിവസം. കടന്നുപോന്ന വഴികളിലെ പ്രതിസന്ധികളും തിരിച്ചടികളും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം മറക്കാൻ ആ ഒറ്റ ദിവസത്തിന്റെ ഓർമ്മ മതി.
അന്ന്, തെല്ലൊരു പരിഭ്രമത്തോടെ ആദ്യ ഗാനം പാടാൻ ഭരണി സ്റ്റുഡിയോയിൽ വന്നു നിന്ന കുട്ടിയുടെ രൂപം ഇതാ ഈ നിമിഷവും ഓർക്കുന്നു ഞാൻ. യേശുദാസ് എന്ന ആ കുട്ടിയുടെ ഉദയത്തിന് ഒരു നിമിത്തമാകാൻ കഴിഞ്ഞു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. മരണതീരത്തേക്ക് സമാധാനത്തോടെയും സന്തോഷത്തോടെയും നടന്നുചെല്ലാൻ ആ ഓർമ്മയുടെ തണൽ മാത്രം മതി എനിക്ക്.” സ്നേഹവാത്സല്യങ്ങളുടെ വിളനിലമായ ഒരു പഴമനസ്സിന്റെ ആത്മഗതം പോലെയാണ് ആ വാക്കുകൾ അന്നനുഭവപ്പെട്ടത്. അതിനുമപ്പുറം, ആഴമുള്ള എന്തൊക്കെയോ അർത്ഥതലങ്ങൾ അവയ്ക്കുണ്ടായിരുന്നു എന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞത് മാസങ്ങൾക്കു ശേഷം നമ്പിയത്തിന്റെ നിര്യാണവാർത്ത കേട്ടപ്പോഴാണ്; തൊണ്ണൂറാം വയസ്സിൽ മരണത്തിലേക്ക് സ്വയം നടന്നുചെല്ലുകയായിരുന്നു നമ്പിയത്ത്.
മുൻപൊരിക്കൽ അയച്ച കത്തിൽ അദ്ദേഹം എഴുതിച്ചേർത്തിരുന്ന കവിതയുടെ വരികൾ ഓർമ്മ വന്നു അപ്പോൾ: “ഇത്തിരിവെട്ടമായ് പാറിപ്പറക്കുന്ന ഞാൻ ഒരു മിന്നാമിനുങ്ങ്; ഇക്കൊച്ചു ചൂട്ട് മിന്നിച്ചുമിന്നിച്ചു ഞാൻ നിൽക്കാതെ സഞ്ചരിച്ചീടും; ഇത്തിരിവെട്ടം പകർന്നു പകർന്നു ഞാൻ മൃത്യു വരിക്കും…” അവസാനത്തെ പതിനെട്ടു വർഷവും മരണത്തിന്റെ കാലൊച്ചക്ക് കാതോർത്താണ് അച്ഛൻ ജീവിച്ചതെന്നോർക്കുന്നു മകൻ രഞ്ജിത്ത്. “അദ്ദേഹത്തിന്റെമാതാപിതാക്കൾ ഉൾപ്പെടെ മുൻതലമുറയിൽ ആരും 72 വയസ്സിനപ്പുറം ജീവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മരണത്തിനായുള്ള കാത്തിരിപ്പായിരുന്നു അച്ഛന് ശിഷ്ടജീവിതം. അവസാന നാളുകളിൽ എഴുതിയ കവിതകളിലുമുണ്ടായിരുന്നു മരണത്തെ കുറിച്ചുള്ള സൂചന. ആത്മഹത്യ ഭീരുത്വമല്ല എന്നായിരുന്നു ഒരു കവിതയുടെ തലക്കെട്ട് തന്നെ.”അച്ഛനെ പിന്തുടർന്ന് അനങ്ങനടി പഞ്ചായത്ത് പ്രസിഡണ്ട് ആയ രഞ്ജിത്ത് പറയുന്നു.
കടുത്ത ടൈഫോയ്ഡുമായി ആദ്യ ചലച്ചിത്ര ഗാനം പാടാനെത്തിയ യേശുദാസിനെ പറ്റി ആത്മകഥയായ “കാൽപ്പാടുകളുടെ മുറിപ്പാടുക”ളിൽ വിവരിച്ചിട്ടുണ്ട് നമ്പിയത്ത്. “പനി സാരമാക്കേണ്ട; അയാൾ പാടട്ടെ.” — നിർമ്മാതാവിന്റെ അധികാരസ്വരത്തിൽ നമ്പിയത്ത് പറഞ്ഞപ്പോൾ “കാൽപ്പാടുകളു”ടെ സംവിധായകനും സംഗീത സംവിധായകനും അന്തം വിട്ടു. “സാർ, ഇത് കുട്ടിക്കളിയല്ല. ലക്ഷങ്ങൾ മുടക്കിയുള്ള ഏർപ്പാടാണ്. പടം പൊട്ടാതെ നോക്കേണ്ട ബാധ്യതയുണ്ട് നമുക്ക്. മറ്റാരെയെങ്കിലും പാടാൻ വിളിക്കുകയല്ലേ യുക്തി?” പക്ഷേ യുക്തിക്ക് എളുപ്പം വഴങ്ങിക്കൊടുക്കുന്ന ശീലം പണ്ടേയില്ല നമ്പിയത്തിന്. “പടം പൊട്ടിയാൽ പൊട്ടട്ടെ. എന്നാലും ഞാൻ ആ കുട്ടിക്ക് ഒരു പാട്ട് കൊടുക്കും.” ഉറച്ച സ്വരത്തിൽ നമ്പിയത്തിന്റെ മറുപടി.
“ജാതിഭേദം മതദ്വേഷം” എന്ന നാലുവരി ശ്ലോകത്തിനു പിന്നാലെ ശാന്താ പി നായർക്കൊപ്പം “അറ്റൻഷൻ പെണ്ണേ” എന്നൊരു യുഗ്മഗാനം കൂടി പാടി റെക്കോർഡ് ചെയ്യുന്നു നവാഗത ഗായകൻ. അത് കഴിഞ്ഞു കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിൽ നിന്നെടുത്ത ഒരു കാവ്യശകലത്തിലെ ഏതാനും വരികളും. “സത്യം പറഞ്ഞാൽ, ഗുരുദേവ ശ്ലോകത്തെക്കാൾ എനിക്കിഷ്ടപ്പെട്ടത് ചണ്ഡാലഭിക്ഷുകിയുടെ ആലാപനമായിരുന്നു.”– നമ്പിയത്ത്.
വൈക്കം ചന്ദ്രൻ എന്ന സുഹൃത്ത് വഴിയാണ് യേശുദാസ് നമ്പിയത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. “എന്റെ പരിചയത്തിൽ ഒരു പയ്യനുണ്ട്.,”– ചന്ദ്രൻ പറഞ്ഞു. “ഇത്ര നല്ല ശാരീരമുള്ള, അതിനൊത്ത സ്വഭാവശുദ്ധിയുള്ള ഒരു കുട്ടിയെ ഇന്നുവരെ കണ്ടിട്ടില്ല. കഴിയുമെങ്കിൽ അയാൾക്ക് സിനിമയിൽ പാടാൻ ചാൻസ് കൊടുക്കണം.”അത്ഭുതം തോന്നി നമ്പിയത്തിന്. “നല്ല പാട്ടുകാരനാണ് ചന്ദ്രൻ. കാൽപ്പാടുകൾ നാടകത്തിൽ പാടിയിട്ടുമുണ്ട്. സിനിമയിലും പാടാനുള്ള അവസരം ആവശ്യപ്പെടാമായിരുന്നു അയാൾക്ക്. ആ ആവശ്യം അംഗീകരിക്കാതിരിക്കാൻ പറ്റില്ല താനും. പക്ഷേ ചന്ദ്രൻ ശുപാർശ ചെയ്തത് യേശുദാസിന്റെ പേരാണ്. ആ വലിയ മനസ്സിന് മുന്നിൽ നമിക്കാതെ വയ്യ.”
ചന്ദ്രന്റെ നിർദേശപ്രകാരം പടത്തിന്റെ നിർമാതാവിനെയും സംവിധായകനെയും കാണാൻ, യേശുദാസ് തിരുവനന്തപുരത്തെ പഴയ എം എൽ എ ക്വാർട്ടേഴ്സിൽ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ മുറിയിൽ എത്തുന്നു. യേശുദാസിനെ നേരത്തെ അറിയാം ആന്റണിക്ക്. ദാസിനെ കുറിച്ച് കേരള ടൈംസ് പത്രത്തിൽ ആദ്യമായി ഒരു കുറിപ്പെഴുതിയത് ആന്റണിയാണ്. “ അന്ന് ഞങ്ങൾക്ക് വേണ്ടി യേശുദാസ് ഒന്ന് രണ്ടു പാട്ടുകൾ പാടി. ഒരു കീർത്തനവും. മധുരോദാരമായ ശബ്ദം. ഏത് സ്ഥായിയിലൂടെയും അനായാസം സഞ്ചരിക്കാനാവുമതിന്. ഈ കുട്ടിക്ക് എന്റെ സിനിമയിൽ ഒരു പാട്ടു നൽകുമെന്ന് അന്നേ മനസ്സിൽ തീരുമാനിച്ചിരുന്നു.” — നമ്പിയത്ത്. അടുത്തൊരു ദിവസം പീച്ചി ഡാം ഹൗസിൽ എം ബി ശ്രീനിവാസനെ ചെന്നു കാണുന്നു യേശുദാസ്. പിന്നീടുള്ളത് ചരിത്രമാണ്. ഒരു സംഗീതയുഗത്തിന്റെ ചരിത്രം.
പാട്ടുകൾ റെക്കോർഡ് ചെയ്യപ്പെട്ടെങ്കിലും `കാൽപ്പാടുകൾ` വെളിച്ചം കണ്ടത് അടുത്ത വർഷം സെപ്റ്റംബർ ഏഴിനാണ്. അതുകൊണ്ടു തന്നെ യേശുദാസിന്റെ ശബ്ദം പ്രേക്ഷകർ ആദ്യം കേട്ടിരിക്കുക ആ ചിത്രത്തിലല്ല; 1962 ഫെബ്രുവരി 23 ന് പുറത്തുവന്ന “വേലുത്തമ്പി ദളവ”യിലാണ് — അഭയദേവ് എഴുതി ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ “പുഷ്പാഞ്ജലികൾ പുഷ്പാഞ്ജലികൾ പുരുഷസിംഹമേ ജന്മഭൂമിയേ” എന്ന ശീർഷകഗാനം. തൊട്ടുപിന്നാലെ “ശാന്തിനിവാസ്”. 1962 മാർച്ച് എട്ടിന് റിലീസായ ഈ മൊഴിമാറ്റ ചിത്രത്തിനു വേണ്ടി ഘണ്ടശാലയുടെ സംഗീതത്തിൽ മൂന്നു പാട്ടുകൾ പാടി യേശുദാസ്.
ആ വർഷം പുറത്തുവന്ന ശ്രീകോവിൽ (ഏപ്രിൽ 7), പാലാട്ടു കോമൻ (സെപ്റ്റംബർ 1) എന്നീ ചിത്രങ്ങളിലും ഉണ്ടായിരുന്നു യേശുദാസിന്റെ ശബ്ദസാന്നിധ്യം. എങ്കിലും ആദ്യത്തെ ഹിറ്റിനു വേണ്ടി കുറച്ചുകൂടി കാത്തിരിക്കേണ്ടി വന്നു പുതു ഗായകന്- കണ്ണും കരളും എന്ന ചിത്രത്തിലെ ആരെ കാണാൻ അലയുന്നു കണ്ണുകൾ (വയലാർ – എം ബി ശ്രീനിവാസൻ). ഭാഗ്യജാതകത്തിൽ പി ഭാസ്കരൻ – ബാബുരാജ് സഖ്യം ഒരുക്കിയ “ആദ്യത്തെ കണ്മണി ആണായിരിക്കണം” എന്ന ഹിറ്റ് ഗാനം കൂടി പുറത്തുവന്നതോടെ അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജൈത്രയാത്രക്ക് തുടക്കമായി.
ചരിത്രത്തിൽ ഇടം നേടിയെങ്കിലും “കാൽപ്പാടുകൾ” മധുരമുള്ള ഓർമ്മയായിരുന്നില്ല നമ്പിയത്തിന്. ആഘോഷപൂർവം പ്രദർശനമാരംഭിച്ച പടം (തൃശൂർ മാതാ തിയേറ്ററിൽ അന്നത്തെ ഗവർണ്ണർ വി വി ഗിരിയാണ് ആദ്യ ഷോ ഉത്ഘാടനം ചെയ്തത്) ബോക്സാഫീസിൽ തകർന്നു. പരാജയത്തിന്റെ ആഘാതത്തിൽ ആകെ തളർന്നു പോയി നമ്പിയത്ത്. സാമ്പത്തിക പ്രശ്നങ്ങളെക്കാൾ ഭീകരമായിരുന്നു സമൂഹത്തിന്റെയും ബന്ധുക്കളുടെയും ഒറ്റപ്പെടുത്തൽ. ഒരു ഘട്ടത്തിൽ ആത്മഹത്യയെ കുറിച്ചു വരെ ചിന്തിച്ചുപോയ കഥ ആത്മകഥയിൽ വിവരിക്കുന്നുണ്ട് അദ്ദേഹം.
“അവസാനത്തെ വൈക്കോൽ തുരുമ്പും കൈവിട്ടു പോയിരുന്നു. വീടുൾപ്പെടെ അവശേഷിച്ച സ്വത്തുക്കൾ മുഴുവൻ അടുത്ത ബന്ധുവിന് തീറെഴുതിക്കൊടുത്ത് ഇരുചെവിയറിയാതെ ഞാൻ നാടുവിട്ടു — കുടുംബസമേതം.” നമ്പിയത്ത് എഴുതുന്നു. പാലക്കാട് ജില്ലയിലെ വാണിയംകുളത്തിനടുത്തുള്ള പത്തംകുളം എന്ന ഗ്രാമത്തിലേക്കായിരുന്നു ആ പലായനം. രാമൻ നമ്പിയത്ത് എന്ന സിനിമാ നിർമാതാവ് രാമൻ നമ്പിയത്ത് എന്ന കർഷകനായി മാറുന്നു അതോടെ. പുതിയൊരു ജീവിതത്തിലേക്കുള്ള ചുവടുവെപ്പ്. പതുക്കെ പത്തംകുളത്തുകാരുടെ പ്രിയപ്പെട്ട രാമേട്ടനായി മാറി അദ്ദേഹം. പഞ്ചായത്ത് പ്രസിഡണ്ട് വരെയായി. മരണം വരെ പത്തംകുളത്തെ മണ്ണിനെ സ്നേഹിച്ചു നമ്പിയത്ത്. “പഴയ കഥകൾ ഓർക്കാറില്ല. ഏറെയും വേദന നിറഞ്ഞ അനുഭവങ്ങളാണ്. പക്ഷേ ആ വേദനകളെല്ലാം കഴുകിക്കളയാൻ ഒന്നു മാത്രം മതി എനിക്ക്; യേശുദാസിന്റെ ശബ്ദം.” — നമ്പിയത്തിന്റെ വാക്കുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]