
ഹൈദരാബാദ്: തെലുഗു നടന് മോഹന്‍ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഹന്‍ബാബുവിന്റെ കുടുംബത്തിലെ പ്രശ്നങ്ങള്‍ വലിയ പൊട്ടിത്തെറിയില്‍ കലാശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ ഹൈദരാബാദിലെ കോണ്ടിനെന്റല് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് നടനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്ന് കോണ്ടിനെന്റല് ആശുപത്രി ചെയര്മാന് ഡോ. ഗുരു എന്‍.റെഡ്ഡി അറിയിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദം, ശരീരവേദന തുടങ്ങിയവയാണ് നടനുള്ള ആരോഗ്യപ്രശ്നങ്ങളെന്നും അദ്ദേഹത്തിന് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ഡോ. ഗുരു എന്‍. റെഡ്ഡി പറഞ്ഞു.
തിങ്കളാഴ്ചയാണ് നടന് മോഹന്‍ബാബുവും മകന് മനോജ് മഞ്ചുവുമായുള്ള കുടുംബകലഹം വലിയ പൊട്ടിത്തെറിയിലെത്തിയത്. ജാല്‍പ്പള്ളിയിലെ തന്റെ വീട് കൈവശപ്പെടുത്താന്‍ മകന് മനോജും മരുമകളും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മോഹന്‍ ബാബു പോലീസില്‍ പരാതി നല്‍കിയിരുന്നു. മനോജ് മദ്യത്തിന് അടിമയാണെന്നും നടന് ആരോപിച്ചിരുന്നു. അതിനിടെ ഗുണ്ടകളെ ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്നും വീട്ടില്‍പ്രവേശിക്കുന്നത് തടഞ്ഞെന്നും ആരോപിച്ച് മകന് മനോജും മോഹന്‍ ബാബുവിനെതിരേ പരാതി നല്കി.
കഴിഞ്ഞദിവസം മനോജ് തന്റെ കുഞ്ഞിനെ കാണാനായി ജാല്‍പ്പള്ളിയിലെ വീട്ടിലെത്തിയെങ്കിലും മോഹന്‍ ബാബുവിന്റെ സുരക്ഷാജീവനക്കാര്‍ മനോജിനെ അകത്തേക്ക് കടത്തിവിടാന്‍ കൂട്ടാക്കിയില്ല. ഇതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. വിവരമറിഞ്ഞ് നിരവധി മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തി. ഇതിനിടെ, തര്‍ക്കം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകനെ മോഹന്‍ ബാബു ആക്രമിച്ചതും വിവാദമായി. മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ മോഹന്‍ ബാബുവിനെതിരേ പോലീസ് കേസെടുക്കുകയുംചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]