
ചെന്നൈ: നടി തൃഷ, ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരേ മൻസൂർ അലിഖാൻ മദ്രാസ് ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് നൽകി. മൂവരും എക്സിലൂടെ തന്നെ അപമാനിച്ചെന്നും നഷ്ടപരിഹാരം നൽകണമെന്നുമാണ് മൻസൂർ അലിഖാന്റെ ആവശ്യം.
സമാധാനംകെടുത്തിയെന്നും തനിക്കെതിരേ ഗൂഢാലോചന നടക്കുന്നതായും എഡിറ്റ്ചെയ്ത വീഡിയോ പ്രചരിപ്പിച്ചെന്നും ആരോപിച്ചു. ആരെയും പരിഹസിച്ചിട്ടില്ലെന്നും തൃഷയടക്കമുള്ളവർ മനഃപൂർവം തന്നെ അപമാനിച്ചെന്നും മൻസൂർ അലിഖാൻ വ്യക്തമാക്കി.
അടുത്തിടെ പുറത്തിറങ്ങിയ ‘ലിയോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി തൃഷയ്ക്കെതിരേ മൻസൂർ അലി ഖാൻ നടത്തിയ പരാമർശമാണ് വിവാദമായത്. ‘ലിയോ’യിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറരംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചെന്നായിരുന്നു നടൻ പറഞ്ഞത്. ഇതിനെതിരേ തൃഷതന്നെയാണ് ആദ്യം രംഗത്തുവന്നത്. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
ഇതിനുപിന്നാലെ മൻസൂർ അലിഖാനെതിരേ സിനിമാലോകത്തുനിന്ന് വ്യാപകപ്രതിഷേധമുയർന്നു. നടന്മാരായ ചിരഞ്ജീവി, നിതിൻ, സംവിധായകൻ ലോകേഷ് കനകരാജ്, നടി മാളവിക മോഹനൻ, ഗായിക ചിന്മയി തുടങ്ങിയവർ തൃഷയ്ക്ക് പിന്തുണയുമായെത്തി. സംഭവത്തിൽ നടൻ മൻസൂർ അലി ഖാനെതിരേ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]