
തിരുവനന്തപുരം: 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ആദ്യ മിഡ്നൈറ്റ് സ്ക്രീനിങ് ഇന്ന് നടക്കും. വില്യം ഫ്രീഡ്കിന്റെ ഹൊറർ ചിത്രം ‘എക്സോർസിസ്റ്റ്’ ആണ് നിശാഗന്ധിയിൽ രാത്രി 12ന് പ്രദർശിപ്പിക്കുക. ഇതുൾപ്പെടെ 67 ചിത്രങ്ങൾ മേളയിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും.
അഡുര ഓണാഷൈലിന്റെ ഗേൾ, പലസ്തീൻ ചിത്രം ഡി ഗ്രേഡ്, ജർമ്മൻ ചിത്രം ക്രസന്റോ, അർജന്റീനിയൻ ചിത്രം ദി ഡെലിക്വൊൻസ്, മോൾഡോവാൻ ചിത്രം തണ്ടേഴ്സ്, ക്രിസ്റ്റോഫ് സനൂസിയുടെ ദി സ്പൈറൽ തുടങ്ങി 25 ചിത്രങ്ങളുടെ മേളയിലെ ആദ്യ പ്രദർശനവും തിങ്കളാഴ്ചയാണ്. ടോട്ടം, വിസ്പേഴ്സ് ഓഫ് ദി ഫയർ ആൻഡ് വാട്ടർ എന്നീ മത്സരചിത്രങ്ങളും ഇതിൽപ്പെടും. ഈ വിഭാഗത്തിലുള്ള മലയാളചിത്രം ഫാമിലിയുടെ രണ്ടാം പ്രദർശനവും ഇന്നാണ്.
വിഘ്നേഷ് പി ശശിധരൻ്റെ ഷെഹറാസാദ, വി ശരത്കുമാർ ചിത്രം നീലമുടി, സമാധാനമുള്ള മരണം കാംക്ഷിക്കുന്ന യുവാവിൻ്റെ കഥപറയുന്ന സതീഷ് ബാബുസേനൻ-സന്തോഷ് ബാബുസേനൻ ചിത്രം ആനന്ദ് മൊണാലിസ മരണവും കാത്ത്, കമലിന്റെ പെരുമഴക്കാലം, അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ, സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന റാം ജി റാവൂ സ്പീക്കിങ് എന്നീ ചിത്രങ്ങളും ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതാനഗെയുടെ ഇന്ത്യൻ ചിത്രം പാരഡൈയ്സും തിങ്കളാഴ്ച പ്രദർശിപ്പിക്കും.
ഓ. ബേബി, അദൃശ്യ ജാലകങ്ങൾ, ആപ്പിൾ ചെടികൾ, ദായം തുടങ്ങിയ മലയാള സിനിമകളുടെ പുന:പ്രദർശനവും ഇന്നുണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]