
കശ്മീരിലെ മഞ്ഞുതാഴ്വരകളിലൂടെയുള്ള യാത്രയ്ക്കിടെ മോഹൻലാലിന്റെ മനസ്സിന്റെ അകത്തളത്തിൽ ഉറഞ്ഞതാണ് ‘അമൃതേശ്വര ഭൈരവൻ’ എന്ന ശിവരൂപം. ഒടുവിൽ തന്റെ വീടിന്റെ അകത്തളത്തിൽ ആ അപൂർവ ശിവഭാവം മോഹൻലാൽ പ്രതിഷ്ഠിച്ചു.
ശ്രീനഗറിലെ കൽമണ്ഡപത്തിൽ കണ്ട അമൃത് സ്വയം അഭിഷേകംചെയ്യുന്ന ശിവഭഗവാന്റെ അത്യപൂർവഭാവമുള്ള പ്രതിഷ്ഠയാണ് മോഹൻലാൽ തടിയിൽ പണിയിച്ച് തന്റെ ഫ്ലാറ്റിൽ സ്ഥാപിച്ചത്. ലാലിന്റെ ആത്മീയവാഞ്ഛയും വെള്ളറട നാഗപ്പൻ എന്ന ശില്പിയുടെ കലാസപര്യയും ഒരുമിച്ച ശില്പം കൊച്ചി കുണ്ടന്നൂരിലെ ഫ്ളാറ്റിലാണുള്ളത്.
വർഷങ്ങൾക്കുമുൻപ് നടത്തിയ യാത്രയ്ക്കിടെയാണ് നാലുകൈകളാൽ സ്വയം അമൃതാഭിഷേകം ചെയ്യുന്ന ശിവഭഗവാന്റെ പ്രതിഷ്ഠ മോഹൻലാൽ കണ്ടത്. ആ ഭാവത്തെക്കുറിച്ച് ലാൽ പലപ്പോഴും സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. അടുത്തിടെ സുഹൃത്ത് ആർ. രാമാനന്ദൻ പ്രതിഷ്ഠയുടെ ഫോട്ടോ പകർത്തി മോഹൻലാലിന് അയച്ചുകൊടുത്തിരുന്നു. ഇതോടെയാണ് ഈ ശിവരൂപം നിർമിക്കാൻ തീരുമാനിച്ചത്.
കുമ്പിളിന്റെ ഒറ്റത്തടിയിലാണ് ശില്പം നിർമിച്ചത്. മൊത്തം എട്ട് കൈകളാണ് അമൃതേശ്വരന്. ഇരു കൈകളിലും അമൃതകുംഭങ്ങൾ. ഇടതുകൈയിൽ അമൃതമുദ്രയും വലതുകൈയിൽ അക്ഷമാലയുമുണ്ട്. ഇന്ദുചൂടിയ ജട. പദ്മാസനസ്ഥിതി. ഈ അംഗവിന്യാസത്തോടെയുള്ള അഞ്ചരയടി ഉയരമുള്ള ശില്പം നാഗപ്പന്റെ വെള്ളാർ ദിവാ ഹാൻഡിക്രാഫ്റ്റിൽ മൂന്നുമാസത്തിലേറെയെടുത്താണ് പൂർത്തിയായത്.
നേരത്തേ, നാഗപ്പൻ 14 അടിയുള്ള വിശ്വരൂപശില്പം മോഹൻലാലിന് നിർമിച്ചുനൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]