
ആഗ്രയിലെ ഒരു ചെറിയ വീടിനുള്ളിൽ തിങ്ങിഞ്ഞെരുങ്ങി അസ്വസ്ഥനായി കഴിയേണ്ടിവരുന്നൊരു യുവാവാണ് ഗുരു. മാനസിക വിഭ്രാന്തിയുടെ പല അവസ്ഥാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ 24 കാരന് ലൈംഗിക തൃഷ്ണയും വെല്ലുവിളിയാണ്. ഇന്ത്യൻ സാമൂഹിക ചുറ്റുപാടിൽ കാണുന്ന നിരവധി സംഭവങ്ങളുടെ നേർക്കാഴ്ചയാകുകയാണ് കനു ബഹൽ ഒരുക്കിയ ‘ആഗ്ര’.
അമ്മയോടൊപ്പം ഒരു മുറിയിൽ കഴിയേണ്ടി വരുന്ന കാൾ സെന്റർ ജീവനക്കാരനായ ഗുരുവിന് ലോകം കീഴടക്കണം എന്ന ആഗ്രഹമൊന്നും ഇല്ല. അവന് വേണ്ടത് സ്വന്തമായി ഒരു മുറിയും ജീവിതപങ്കാളിയുമാണ്. തന്റെ ആഗ്രഹം നടത്താൻ പരിധിവിട്ട ഭ്രാന്തമായ ഒരുപാട് ശ്രമങ്ങൾ ഈ യുവാവ് നടത്തുന്നുണ്ട്. ഒരു സാങ്കൽപ്പിക കാമുകിയോട് സംസാരിക്കുന്ന, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഗുരുവിന് തന്റെ മനസിന്റെ താളം പലപ്പോഴും നഷ്ടമാകുന്നുണ്ട്. ഗുരുവിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന പ്രീതിയെന്ന യുവതിയും കഥയിലെ നിർണായക വഴിത്തിരിവാണ്.
സ്വന്തം വീടിന്റെ രണ്ടാംനിലയിൽ ഒരു മുറി നേടിയെടുക്കാനും ഇഷ്ടപ്പെട്ട പെൺകുട്ടിയെ സ്വന്തമാക്കാനുമായും ഒരുവേള ആത്മഹത്യക്ക് പോലും ഗുരു ഒരുങ്ങുന്നുണ്ട്. ഗുരുവിന്റെ അച്ഛൻ മറ്റൊരു സ്ത്രീയുമായി അതേ വീട്ടിൽ തന്നെയാണ് താമസം. മകനും ഭാര്യക്കും യാതൊരുവിധ പരിഗണനയും നൽകാത്ത ഇയാൾ ദുരൂഹത നിറഞ്ഞ ജീവിതത്തിന് ഉടമയാണെന്ന് ചിത്രം പുരോഗമിക്കുന്തോറും വെളിവാകുന്നു.
നിരവധി പ്രശ്നങ്ങൾ നിറഞ്ഞ ഈ കുടുംബത്തിലെ അംഗങ്ങൾക്ക് പൊതുവായി ഒരാഗ്രഹമുണ്ട്, മെച്ചപ്പെട്ട ജീവിതസാഹചര്യം വേണം. ഈ ലക്ഷ്യത്തിലേയ്ക്ക് എത്തിച്ചേരാനായി പ്രധാന കഥാപാത്രങ്ങൾ നടത്തുന്ന ശ്രമങ്ങളും സംഭവം വികാസങ്ങളുമാണ് ചിത്രം. സ്വകാര്യത ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ലെന്നും നല്ലൊരു ജീവിതം നേടിയെടുക്കാൻ അവർ ഏതറ്റം വരെയും സഞ്ചരിക്കുമെന്നും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. ഗാർഹിക പീഡനങ്ങളും മനുഷ്യന്റെ ആർത്തിയുമെല്ലാം ചിത്രം ചർച്ച ചെയ്യുന്നുണ്ട്.
ഒരു ഫാന്റസി ചിത്രം എന്ന നിലയിൽ ആരംഭിക്കുന്ന ‘ആഗ്ര’ കഥ പുരോഗമിക്കുന്തോറും ശക്തമായ രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് മുന്നേറുന്നത്. ഡേറ്റിങ് ആപ്പുകളിലെ ലോകത്ത് കൂട്ട് കണ്ടെത്താൻ ശ്രമിക്കുന്ന യുവാവായും ഗുരു മാറുന്നുണ്ട്. ചുറ്റുപാടുമുള്ള ആളുകൾ തന്നെ പറ്റിക്കുകയാണെന്ന തിരിച്ചറിവ് പോലും നഷ്ടമാകുന്ന അവസ്ഥയിൽ നിന്ന് തിരിച്ചുവരാൻ ശ്രമിക്കുന്ന യുവാവിനെയും ചിത്രത്തിൽ കാണാം.
ഗുരുവായി വേഷമിട്ട മോഹിത് അഗർവാളിന്റെ പ്രകടനം പ്രത്യേക പരാമർശം അർഹിക്കുന്നു. നിരവധി തലങ്ങളുള്ള ഗുരുവിനെ കൈയൊതുക്കത്തോടെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. മറ്റ് പ്രധാന വേഷത്തിലെത്തിയവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]