
കൊച്ചി: ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം വ്യാജപതിപ്പ് പ്രചരിപ്പിച്ച കേസില്‍ പിടിയിലായ പ്രതികളെ കൊച്ചിയില്‍ എത്തിച്ചു. കാക്കനാട് സൈബര്‍ പോലീസ് സ്റ്റേഷനിലാണ് പ്രതികളെ എത്തിച്ചത്. തമിഴ് റോക്കേഴ്സ് അംഗങ്ങളായ പ്രതികളെ ബെംഗളൂരൂവില്‍ നിന്നാണ് പിടികൂടിയത്.
തമിഴ്നാട് സ്വദേശികളായ പ്രവീണ്‍ കുമാറും കുമരേശനുമാണ് പിടിയിലായത്. വ്യാജപതിപ്പ് ഷൂട്ട് ചെയ്തത് കോയമ്പത്തൂരിലെ തിയ്യേറ്ററില്‍ വെച്ചാണെന്ന് സൈബര്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നില്‍ തമിഴ് റോക്കേഴ്സ് സംഘത്തില്‍പ്പെട്ടവരാണെന്നും വ്യക്തമായി. പിടിയിലാകുന്ന സമയത്ത് പ്രതികളുടെ പക്കല്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയ രജനി ചിത്രം വേട്ടയന്റെ വ്യാജപതിപ്പും ഉണ്ടായിരുന്നു.
കേസില്‍ വേറെയും പ്രതികളുണ്ടെന്നാണ് സൂചന. ചിത്രം പ്രചരിപ്പിച്ച വെബ്സൈറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. അജയന്റെ രണ്ടാം മോഷണത്തിന്റെ സംവിധായകന് ജിതിന് ലാലിന്റെയും നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെയും പരാതിയിലാണ് നടപടി.
റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് എ.ആര്.എം. വ്യാജപതിപ്പ് ടെലഗ്രാമില്‍ എത്തിയത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സംവിധായകന് ജിതിന് ലാല്‍ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പിന്നാലെ ജിതിന് ലാല്‍ കൊച്ചി സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നേരത്തെ ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് അപ്ലോഡ് ചെയ്ത ഒരാളെ കൊച്ചി സൈബര്‍ പോലീസ് പിടികൂടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]