
മലയാളികള്‍ക്ക് ഒരുപാട് പരിചയമുള്ള ഒരു താലൂക്ക് ഓഫീസും അവിടുത്തെ പല തരത്തിലുള്ള ഉദ്യോഗസ്ഥരുടെയും കഥയാണ് സോണി ലിവിന്റെ ആദ്യത്തെ മലയാളം വെബ് സീരിസ് ആയ ജയ് മഹേന്ദ്രന്. വെറുമൊരു പൊളിറ്റിക്കല്‍ സറ്റയര്‍ അല്ല ജയ് മഹേന്ദ്രന്, നല്ല കയ്പ്പുള്ള മരുന്ന് പഞ്ചസാര ചേര്‍ത്ത കൊടുക്കുന്നത് പോലെയാണ് നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് സമകാലിക രാഷ്ട്രീയം അവതരിപ്പിച്ചിരിക്കുന്നത്. കൊള്ളേണ്ടിടത്ത് അത് കൃത്യമായി കൊണ്ടിരിക്കുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ സജീവ സര്‍വീസ് സംഘടനാ പ്രവര്‍ത്തകനും മന്ത്രിമാരുടെ കണ്ണിലുണ്ണിയും ആണ് താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ മഹേന്ദ്രന്. അധികാരവും കയ്യൂക്കും വച്ച് ഓഫീസിലെ എല്ലാവരെയും അയാള്‍ നിയന്ത്രിക്കുന്നുണ്ട്. ഇഷ്ടമില്ലെങ്കിലും ഭയത്തോടെ സഹപ്രവര്‍ത്തകര്‍ എല്ലാവരും അയാളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാറുണ്ട്. രാമന് ലക്ഷ്മണന് എന്ന പോലെ ഓഫീസില്‍ മഹേന്ദ്രന്റെ നിഴലായി ഒപ്പം ബാലുവുമുണ്ട്. മഹേന്ദ്രനായി സൈജു കുറുപ്പ് എത്തുമ്പോള്‍ ബാലുവായി എത്തുന്നത് തിരക്കഥകൃത്ത് രാഹുല്‍ റിജി നായര്‍ ആണ്.
എല്ലാം മഹേന്ദ്രന്റെ സൗകര്യത്തിനും ഇഷ്ടത്തിനും നടക്കുന്നതിനിടയ്ക്കാണ് ഓഫീസ് അന്തരീക്ഷം മാറിമറിയുന്നത്. പിടിച്ചു നില്ക്കാന് ശ്രമിക്കുന്നു എങ്കിലും കാര്യങ്ങള്‍ മഹേന്ദ്രന്റെ കൈവിട്ട് പോകുന്നു. അന്നുവരെ തന്റെ മുന്നില്‍ തുറന്ന് കിടന്ന വാതിലുകളെല്ലാം നിഷ്കരുണം മഹേന്ദ്രന് മുന്നില്‍ കൊട്ടി അടയ്ക്കപ്പെടുന്നത് നോക്കി നില്‍ക്കാനേ അയാള്‍ക്ക് കഴിയുന്നുള്ളൂ. ഒറ്റപ്പെട്ടു പോകുന്ന മഹേന്ദ്രന് തന്റെ ജീവിതം കൈവിട്ട് പോകുന്നതിനു മുന്‍പ് ഒരു പോരാട്ടത്തിന് ഇറങ്ങുകയാണ്. ജയ് മഹേന്ദ്രയുടെ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും മലയാളികള്‍ക്ക് പുതിയത് അല്ല. പാമ്പും എലിയും മരപ്പട്ടിയും ഒക്കെ സമകാലിക രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ട് വിരല്‍ ആണ്.
മഹേന്ദ്രന്റെ ജീവിതം മാറുന്നതുമുതല്‍ പ്രേക്ഷകര്‍ കാണുന്നത് വളരെ സുഖമാണ്, സൗകര്യമാണ് എന്ന് നമ്മള് വിശ്വസിക്കുന്ന സര്‍ക്കാര്‍ ജോലിയുടെ ഇത് വരെ കാണാത്ത ഇരുണ്ട മുഖമാണ്. സൈജു കുറുപ്പിന്റെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രമാണ് മഹേന്ദ്രന് എന്നതില്‍ സംശയമില്ല. വളരെ തന്മയത്വത്തോടെ ഒരു പൊടിക്ക് പോലും ഓവര്‍ ആകാതെ ഡെപ്യൂട്ടി തഹസില്‍ദാര്‍ മഹേന്ദ്രനെ അവതരിപ്പിക്കാന്‍ സാധിച്ചത് ജയ് മഹേന്ദ്രന്റെ പ്രധാന ആകര്‍ഷണം ആണ്. സീരീസിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചപ്രകടനം കാഴ്ചവെച്ചിരിക്കുന്നു. പെര്‍ഫെക്ട് കാസ്റ്റിംഗ്. അനാവശ്യമായി ആളുകളെ കുത്തിനിറച്ച ഒരു സീന്‍ പോലും ഇതില്‍ ഇല്ല. മലയാളി എങ്ങനെ എന്ത് എന്ന് വ്യക്തമായി പഠിച്ച് അത് അല്പംപോലും വേദനിപ്പിക്കാതെ മുഷിപ്പിക്കാതെ പ്രേക്ഷകരിലേക്ക് എത്തിച്ചതിനു തിരക്കഥാകൃത്ത് രാഹുല്‍ റിജു നായര്‍ പ്രശംസ അര്‍ഹിക്കുന്നു.
ഒരുപാടു നാളുകള്‍ക്ക് ശേഷം സുഹാസിനി മണിരത്നം ശക്തമായ കഥാപാത്രവുമായി മലയാളത്തിലേക്ക് എത്തുന്നു എന്നതും ജയ് മഹേന്ദ്രന്റെ പ്രത്യേകതയാണ്. സോണി ലിവിന്റെ ആദ്യ മലയാള സീരീസ് മോശമായിയില്ലെന്ന് തന്നെ പറയാം. ശ്രീകാന്ത് മോഹന്‍ ആണ് ജയ് മഹേന്ദ്രന്റെ സംവിധായകന്. സൈജു കുറുപ്പിനെയും സുഹാസിനി മണി രത്നത്തെയും കൂടാതെ മിയ, സുരേഷ് കൃഷ്ണ, ജോണി ആന്റണി, മണിയന് പിള്ള രാജു, സിദ്ധാര്‍ഥ് ശിവ, ബാലചന്ദ്രന് ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദന്, രഞ്ജിത്ത് ശേഖര്‍ എന്നിവരുടെ പ്രശംസ അര്‍ഹിക്കുന്ന കഥാപാത്രങ്ങള്‍ സീരിസില്‍ ഉണ്ട്. രാഷ്ട്രീയ ആക്ഷേപ ഹാസ്യമായി മാത്രം ഒതുങ്ങിപ്പോകുന്നതല്ല ജയ് മഹേന്ദ്രന്. ഇതുവരെ കണ്ടതോ അറിഞ്ഞതോ ആയ സീരിസില്‍ നിന്നും തികച്ചും വ്യത്യസ്തമാണിത്. അധികാരത്തിന്റെ അവസാന വാക്കായിരുന്ന മഹേന്ദ്രന് എന്ത് സംഭവിച്ചു എന്നറിയാന്‍ കാണുക തന്നെ വേണം സോണി ലിവിന്റെ ആദ്യ മലയാള സീരിസായ ജയ് മഹേന്ദ്രന്….
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]