സിനിമാ പ്രേമികളും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാവുന്ന ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ 25 മില്ല്യണിലേറെ കാഴ്ചക്കാരുമായി സോഷ്യൽ മീഡിയ ഭരിക്കുകയാണ്. ഗായിക ചിന്മയിയെ സംബന്ധിച്ചിടത്തോളം ലിയോ എന്ന ചിത്രം അൽപം സ്പെഷ്യലാണ്. ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം ഡബ്ബിങ് രംഗത്തേക്ക് അവർ മടങ്ങിയെത്തുന്ന ചിത്രമാണ് ലിയോ.
ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ചിന്മയി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നായികയായ തൃഷയ്ക്കുവേണ്ടിയാണ് ചിന്മയി ശബ്ദം നൽകുന്നത്. തമിഴിനുപുറമേ തെലുങ്ക്, കന്നഡ എന്നീഭാഷകളിലും തൃഷയുടെ ശബ്ദമാവുന്നത് ചിന്മയിയാണ്. കവിയും ഗാനരചയിതാവുമായ വൈരമുത്തു ഉൾപ്പെടെയുള്ളവർക്കെതിരെ മീ ടൂ ആരോപണം ഉന്നയിച്ചതിനും മീ ടൂ പ്രസ്ഥാനത്തിനൊപ്പം നിൽക്കുകയും ചെയ്തതിനെത്തുടർന്ന് വിലക്ക് നേരിടുകയായിരുന്നു ചിന്മയി. ഇതിനിടയിലാണ് ലിയോയിൽ ചിന്മയിയെ തേടി അവസരമെത്തിയത്.
ഇങ്ങനെയൊരു നിലപാടെടുത്തതിന് ലോകേഷ് കനകരാജിനോടും നിർമാതാവ് ലളിതിനോടും നന്ദിയുണ്ടെന്ന് ചിന്മയി പറഞ്ഞു. ഇതിലെ സന്തോഷം പ്രകടിപ്പിച്ച് സാക്ഷാൽ തൃഷ തന്നെ പ്രതികരണവുമായെത്തി. നടി ഖുശ്ബു ഉൾപ്പെടെ നിരവധി പേരും കമന്റുകളുമായി പിന്നാലെ ചർച്ച കൊഴുപ്പിച്ചു. ഇതാദ്യമായല്ല തൃഷയ്ക്കുവേണ്ടി ചിന്മയി ഡബ്ബ് ചെയ്യുന്നത്. തൃഷയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽപ്പെട്ട വിണ്ണൈ താണ്ടി വരുവായാ, 96 എന്നീ ചിത്രങ്ങളിൽ നടിയുടെ ശബ്ദമായത് ചിന്മയി ആയിരുന്നു.
സിനിമാ ലോകത്ത് മീ ടൂ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന തുടക്കകാല വ്യക്തികളിലൊരാളാണ് ചിന്മയി. 2018-ലാണ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്. 2005-ൽ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്സർലൻഡിലെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി വെളിപ്പെടുത്തിയത്. ഇത് തമിഴ് സംഗീതമേഖലയെത്തന്നെ പിടിച്ചുലച്ചിരുന്നു. അതേസമയം ഈ ആരോപണങ്ങളെല്ലാം വൈരമുത്തു നിഷേധിച്ചുവെങ്കിലും അദ്ദേഹം കള്ളംപറയുകയാണെന്ന് ചിന്മയി മറുപടിയായി പറഞ്ഞിരുന്നു.
അന്ന് വൈരമുത്തുവിന് പുറമേ നടനും തമിഴിലെ ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയൻ പ്രസിഡന്റ് രാധാ രവിക്കെതിരേയും ചിന്മയി ശബ്ദമുയർത്തിയിരുന്നു. കൂടാതെ രാധാ രവിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതിക്ക് പിന്തുണയും നൽകിയിരുന്നു. ഇതാണ് ചിന്മയിക്കെതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയൻ വിലക്കേർപ്പെടുത്താൻ കാരണം. വരിസംഖ്യ അടച്ചിട്ടില്ലെന്ന കാരണം പറഞ്ഞാണ് അവരെ അന്ന് പുറത്താക്കിയത്. അഞ്ചുവർഷമായി ഈ വിലക്ക് തുടരുകയാണ്.
Content Highlights: chinmayi sripaada to dub for actress trisha in leo, leo movie updates, chinmayi sripaada ban
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]