വയലാർ അവാര്‍ഡ് ലഭിച്ച ശ്രീകുമാരൻ തമ്പിക്ക് അഭിനന്ദനങ്ങളുമായി കമൽഹാസൻ. ആത്മകഥയായ ‘ജീവിതം ഒരു പെന്‍ഡുല’മാണ് ശ്രീകുമാരൻ തമ്പിയെ പുരസ്കാരത്തിനര്‍ഹനാക്കിയത്. ശ്രീകുമാരൻ തമ്പി ഒരു ബഹുമുഖ പ്രതിഭയാണെന്ന് കമൽഹാസൻ പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, നിർമാതാവ്, സംവിധായകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയാണ് പ്രിയപ്പെട്ട ശ്രീകുമാരൻ തമ്പി. അദ്ദേഹം സംവിധാനം ചെയ്ത തിരുവോണം എന്ന മലയാള ചിത്രത്തിൽ നസീർ, ശാരദ എന്നിവർക്കൊപ്പം പ്രേം കുമാർ എന്ന കഥാപാത്രത്തെ ഞാനും അവതരിപ്പിച്ചിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയുടെ ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്ക്ക് കേരളത്തിലെ മഹത്തായ വയലാർ അവാർഡ് ലഭിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് ആശംസകൾ’, കമൽഹാസൻ കുറിച്ചു.
ശ്രീകുമാരന്‍ തമ്പിയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും തീരാനഷ്ടങ്ങളും വേദനയുടെ അക്ഷരങ്ങളാല്‍ രേഖപ്പെടുത്തിയ ഗ്രന്ഥമാണ് ‘ജീവിതം ഒരു പെന്‍ഡുലം’. മലയാളസിനിമാഗാനമേഖലയുടെ ചരിത്രവും വര്‍ത്തമാനവും ഈ ഗ്രന്ഥത്തില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച ആത്മകഥ പിന്നീട് മാതൃഭൂമി ബുക്സ് പുസ്തകമാക്കിയിട്ടുണ്ട്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
എഴുത്തുകാരായ വിജയലക്ഷ്മി, ഡോ. പി.കെ രാജശേഖരന്, ഡോ. എല്‍. തോമസ്കുട്ടി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്. പുരസ്കാരം വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് വൈകുന്നേരം 5.30 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് സമര്‍പ്പിക്കും.
ഏറ്റവും മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്, മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാനപുരസ്കാരം, പ്രേംനസീര്‍ പുരസ്കാരം, ആശാന് പുരസ്കാരം, ഓടക്കുഴല്‍ പുരസ്കാരം, മയില്‍പ്പീലി പുരസ്കാരം, കേരളസംഗീതനാടക അക്കാദമി പുരസ്കാരം, മലയാള സിനിമയ്ക്ക് നല്കിയ സമഗ്രസംഭാവനകളെ മാനിച്ച് ജെ.സി. ഡാനിയല്‍ പുരസ്കാരം എന്നിവ ശ്രീകുമാരന്‍ തമ്പിയ്ക്ക് ലഭിച്ചിട്ടുണ്ട്. രാജേശ്വരിയാണ് പത്നി. കവിത, പരേതനായ രാജകുമാരന് തമ്പി എന്നിവരാണ് മക്കള്‍.
Content Highlights: kamal hassan about vayalar award winner sreekumaran thampi
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]