വടകര: അഭിഭാഷകനായി മദ്രാസിൽ ചുവടുവെച്ചുതുടങ്ങുന്ന കാലം, അന്ന് അഡ്വ. കെ. രഘുനാഥ് പ്രമാദമായൊരു മാനനഷ്ടക്കേസിന്റെ വക്കാലെടുത്തു, പരാതിക്കാരൻ അനശ്വര സിനിമാതാരം സത്യൻ. തിങ്കളാഴ്ച രഘുനാഥ് മരണത്തിലേക്ക് മടങ്ങിയപ്പോൾ ഇത്തരത്തിലുള്ള കുറെ ഓർമ്മകൾ ബാക്കിയാവുകയാണ്. ഈ സംഭവത്തെക്കുറിച്ച് രഘുനാഥ്തന്നെ എഴുതിയ കുറിപ്പുണ്ട്. ആ കഥയിങ്ങനെ.
മദ്രാസിൽ കോളേജിൽ പഠിക്കുന്ന കാലംമുതൽ രഘുനാഥിന് സത്യനുമായി ബന്ധമുണ്ട്. പഠിച്ച കോളേജിനടുത്ത് സ്വാമീസ് കഫെയിലാണ് സത്യന്റെ താമസം. നിത്യവും അദ്ദേഹത്തെ കാണും. ബി.എൽ. പൂർത്തിയാക്കി മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന കാലത്ത് അടുത്ത ബന്ധമായി.
ഒരുദിവസം ഒരു മലയാളം സിനിമാമാസികയിൽ തന്നെക്കുറിച്ചുവന്ന വാർത്ത സത്യൻ രഘുനാഥിനെ കാണിച്ചു. അത്യന്തം അപകീർത്തികരമായ വാർത്ത. അതുകണ്ടയുടൻ രഘുനാഥ് തീർത്തുപറഞ്ഞു. ‘മാനനഷ്ടക്കേസ് കൊടുക്കണം…’ കുറെ വക്കീലന്മാരുടെ പേരും നിർദേശിച്ചു. പക്ഷേ, സത്യന് രണ്ടുമനസ്സ്. ഒടുവിൽ രഘുനാഥ് പറഞ്ഞു. ‘‘എല്ലാം ഞാൻ ചെയ്യാം… തോറ്റാൽ എന്നെ പഴി ചാരരുത്… പിന്നെ എന്റെ സമ്മതമില്ലാതെ കേസിൽനിന്ന് പിന്മാറരുത്…’’ അങ്ങനെ സത്യന്റെ കേസ് രഘുനാഥ് ഏറ്റെടുത്തു. കേസായി, വാർത്തയായി.
ഇതോടെ സിനിമാമാസികക്കാരും അറിയപ്പെടുന്ന സംവിധായകരുമെല്ലാം ഇടപെട്ടു. ഒടുവിൽ മാസിക ഖേദപ്രകടനം നടത്തി കേസ് ഒത്തുതീർപ്പാക്കി. ആദ്യാവസാനം സത്യനൊപ്പം ഈ കേസിൽ രഘുനാഥ് നിന്നു. 2021-ൽ രഘുനാഥ് ഇതേക്കുറിച്ച് ഒരു കുറിപ്പെഴുതി മാതൃഭൂമി വടകര ഓഫീസിലേക്ക് അയച്ചിരുന്നു. ഈ കുറിപ്പിൽ മദ്രാസ് ജീവിതവും സത്യനുമായുള്ള ബന്ധവുമെല്ലാം എടുത്തുപറയുന്നുണ്ട്. സത്യൻ അവസാനകാലത്ത് താമസിച്ചിരുന്ന വീട്ടിൽ അദ്ദേഹത്തെ കാണാൻ പോയ വികാരനിർഭരമായ സന്ദർഭത്തെക്കുറിച്ചും രഘുനാഥ് കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.
മദ്രാസിൽ ആദ്യകാലത്ത് സിവിൽക്കേസുകൾ മാത്രം എടുത്തിരുന്ന വക്കീലിന്റെ കീഴിലാണ് രഘുനാഥ് പ്രാക്ടീസ് ചെയ്തിരുന്നത്. പിന്നീട് സുപ്രീംകോടതി അഭിഭാഷകൻ നടരാജന്റെ കീഴിൽ പ്രാക്ടീസ് തുടങ്ങിയ ഘട്ടത്തിലാണ് വടകരയിലേക്ക് മടങ്ങിയത്. പിന്നീട് കേരളത്തിലെ അറിയപ്പെടുന്ന ക്രിമിനൽ നിയമ അഭിഭാഷനായി മാറി. ഇതിനിടെ നഗരസഭാ ചെയർമാനായി ജനങ്ങൾക്കിടയിലേക്കും ഇറങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]