
വ്യത്യസ്തവും മികവാർന്നതുമായ ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകമനസിൽ ഇടം കണ്ടെത്തിയ നടനാണ് രാഹുൽ ബോസ്. ഇന്ത്യൻ റഗ്ബി ഫുട്ബോൾ യൂണിയന്റെ പ്രസിഡന്റുകൂടിയാണ് അദ്ദേഹം. ആദ്യചിത്രത്തിന്റെ സെറ്റിൽ തനിക്ക് നേരിടേണ്ടിവന്ന അപമാനത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. നായകനായിരുന്നിട്ടും ആദ്യ സിനിമയുടെ സെറ്റിൽ തനിക്കിരിക്കാൻ ഒരു കസേരപോലും തന്നില്ലെന്ന് രാഹുൽ ബോസ് ഓർത്തെടുത്തു.
സിനിമയിലേക്ക് വരാൻ ഒരുപാട് കഷ്ടപ്പാടൊന്നും അനുഭവിക്കേണ്ടിവന്നില്ലെന്ന് രാഹുൽ ബോസ് പറഞ്ഞു. നാടകവേദിയിൽനിന്ന് നേരെ സിനിമയിലേക്ക് വരികയായിരുന്നു. ആ ചിത്രത്തിൽ നായികയുണ്ടായിരുന്നില്ല. എന്നിട്ടും കസേര തന്നില്ല. പലപ്പോഴും റോഡ് ഡിവൈഡറിന്റെയോ പാരപ്പറ്റിന്റെയോ മുകളിലാണ് വിശ്രമിച്ചിരുന്നത്. അത് കുഴപ്പമില്ലായിരുന്നെങ്കിലും നിർമാതാവിനും അദ്ദേഹത്തിന്റെ സഹോദരിക്കും അമ്മാവനുമുൾപ്പെടെയുള്ളവർക്ക് ഇരിക്കാൻ കസേരയുണ്ടായിരുന്നുവെന്നും രാഹുൽ ബോസ് പറഞ്ഞു.
കുറച്ചുദിവസം ഇതേ അവസ്ഥ തുടർന്നപ്പോൾ സ്വന്തമായി ഒരു കസേരയെടുത്ത് സെറ്റിൽ കൊണ്ടിടാൻ താൻ തീരുമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു.
“ഷൂട്ടിങ് ദിവസങ്ങളിലൊരിക്കൽ റെസ്റ്റോറന്റിൽ പോയപ്പോൾ സെറ്റിലുണ്ടായിരുന്നതുപോലുള്ള കസേരയുടെ ഒരു ഫാൻസി പതിപ്പ് കാണാനിടയായി. 30 വർഷങ്ങൾക്ക് മുമ്പത്തെ കാര്യമാണ്, അപ്പോഴതിന് ഏകദേശം 10000 രൂപ വിലവരും. പക്ഷേ അതുപോലൊരെണ്ണം ഞാൻ സ്വന്തമായി വാങ്ങി. അന്നത്തെ ആ സംഭവത്തിനുശേഷം സെറ്റിലേക്ക് എനിക്കിരിക്കാനുള്ള കസേര ഞാൻ കൊണ്ടുവരും. കാരണം അന്നനുഭവിച്ച അപമാനത്തിലൂടെ വീണ്ടും കടന്നുപോകാൻ ഞാൻ താത്പര്യപ്പെടുന്നില്ല.” രാഹുൽ ബോസ് വ്യക്തമാക്കി.
അതുൽ സബർവാൾ സംവിധാനംചെയ്യുന്ന ബെർലിൻ ആണ് രാഹുൽ ബോസിന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രം. ഇഷ്വാക് സിംഗ്, അപർശക്തി ഖുറാന എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]