
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്. തലയ്ക്കാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചു.
താരത്തിൻ്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ചിത്രത്തിൻ്റെ നിർമാതാവ് രാജശേഖരൻ പാണ്ഡ്യൻ അറിയിച്ചിരിക്കുന്നത്. നടന് കുറച്ചുദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഊട്ടിയിലെ രണ്ടാമത്തെ ഷെഡ്യൂളിനിടെയാണ് നടന് പരിക്കേറ്റത്.
‘സൂര്യ 44’ എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ അന്തമാൻ നിക്കോബാർ ദ്വീപിൽ ഈയടുത്താണ് പൂർത്തിയായത്. സ്റ്റെെലിഷ് ലുക്കിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. സൂര്യയും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
മലയാളത്തിൽ നിന്ന് ജയറാമും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തിൽ കരുണാകരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു.
സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് സൂര്യ 44 നിർമിക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യാണ് സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]