വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ‘പഞ്ചായത്ത് ജെട്ടി’ ചിത്രത്തിൻ്റെ പ്രവർത്തകർ. സിനിമയുടെ ഒരുദിവസത്തെ കളക്ഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ‘പഞ്ചായത്ത് ജെട്ടി’യുടെ അണിയറപ്രവർത്തകർക്ക് നന്ദിയറിയിച്ചുകൊണ്ട് മന്ത്രി സജി ചെറിയാൻ എത്തിയിട്ടുണ്ട്.
വയനാട് ദുരന്തബാധിതരെ സഹായിക്കാനായി അഭിനന്ദനീയമായ മറ്റൊരു മാതൃക കൂടി സിനിമാമേഖലയിൽ നിന്നും വരികയാണെന്ന് മന്ത്രി പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
‘വയനാട് ദുരന്തബാധിതരെ സഹായിക്കാനായി അഭിനന്ദനീയമായ മറ്റൊരു മാതൃക കൂടെ സിനിമാമേഖലയിൽ നിന്നും വരികയാണ്. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന പഞ്ചായത്ത് ജെട്ടി സിനിമ നാളെ (ഓഗസ്റ്റ് 9) കേരളത്തിൽ പ്രദർശിപ്പിക്കുന്ന ഷോകളുടെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ചിത്രത്തിന്റെ സംവിധായകരിലൊരാളായ മണികണ്ഠൻ പട്ടാമ്പിയെ വിളിച്ചു നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു’, മന്ത്രി കുറിച്ചു.
ഒട്ടേറെ കാലിക പ്രസക്തിയുള്ള സാമൂഹ്യ വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചു പോരുന്ന ജനപ്രിയ സ്വിറ്റ് കോം പരമ്പരയായ മറിമായത്തിലെ മുഴുവൻ അഭിനേതാക്കളും വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് ‘പഞ്ചായത്ത് ജെട്ടി’. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
മറിമായത്തിലെ സലിം ഹസ്സൻ, നിയാസ് ബക്കർ, ഉണ്ണിരാജ്, വിനോദ് കോവൂർ, മണി ഷൊർണ്ണൂർ, മണികണ്ഠൻ പട്ടാമ്പി, രാഘവൻ, റിയാസ്, സജിൻ, ശെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചനാ നാരായണൻകുട്ടി, സ്നേഹാ ശ്രീകുമാർ, വീണാ നായർ, രശ്മി അനിൽ, കുളപ്പുളി ലീല, സേതുലഷ്മി, ഷൈനി സാറാ, പൗളി വത്സൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലുണ്ട്.
പഞ്ചവർണ്ണ തത്ത, ആനക്കള്ളൻ, ആനന്ദം പരമാനന്ദം പുലിവാൽ കല്യാണം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ സപ്തത രംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]