
ഗായകൻ പി. ജയചന്ദ്രന്റെ ആരോഗ്യനില മോശമാണെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നുമുള്ള വ്യാജപ്രചരണങ്ങൾക്കെതിരെ പ്രതികരണവുമായി രവി മേനോൻ. ജയചന്ദ്രന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നുള്ളത് സത്യമാണെന്നും എന്നാൽ ഗുരുതരരോഗിയാണെന്ന് വരുത്തി തീർക്കാൻ എന്താണ് ഇത്ര നിർബന്ധമെന്നും അദ്ദേഹം ചോദിച്ചു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രവി മേനോന്റെ പ്രതികരണം.
പി. ജയചന്ദ്രന്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കണമെന്നും തുടങ്ങുന്ന സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനെതിരെയാണ് രവി മേനോന് പ്രതികരണവുമായി എത്തിയിരിക്കുന്നത്.
രവിമേനോന്റെ ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
ആരോഗ്യപ്രശ്നങ്ങളുണ്ട്; ശരിതന്നെ. പ്രായത്തിന്റെ അസ്കിതകളും. അതുകൊണ്ട് ഒരു വ്യക്തിയെ ഗുരുതരരോഗിയും ആസന്നമരണനുമായി ചിത്രീകരിച്ചേ പറ്റൂ എന്ന് എന്താണിത്ര നിർബന്ധം? അതിൽ നിന്ന് എന്ത് ആത്മസംതൃപ്തിയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ലഭിക്കുക?
പുലർച്ചെ വിളിച്ചുണർത്തിയത് അമേരിക്കയിൽ നിന്നുള്ള ഫോൺ കോളാണ്. “നമ്മുടെ ജയേട്ടന്റെ അവസ്ഥ കഷ്ടമാണെന്ന് കേൾക്കുന്നു. രക്ഷപ്പെടുമോ?” — വിളിച്ചയാൾക്ക് അറിയാൻ തിടുക്കം.
കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു അദ്ദേഹത്തെ. “കുറച്ചു കാലമായി ചികിത്സയിലാണ് എന്നത് സത്യം തന്നെ. ഡോക്ടറുടെ ഉപദേശപ്രകാരം സ്വന്തം വീട്ടിൽ വിശ്രമത്തിലാണ് ഇപ്പോൾ. പുറത്തു പോകുന്നത് അത്ര ആരോഗ്യകരമല്ല എന്നതാണ് കാരണം. അതല്ലാതെ ഗുരുതര രോഗാവസ്ഥയൊന്നുമില്ല അദ്ദേ,.ഹത്തിന്. ഇപ്പോഴും സുഹൃത്തുക്കളെ വിളിച്ചു സംസാരിക്കുന്നു. പാട്ടുകൾ കേൾക്കുന്നു. രോഗാവസ്ഥയെ സംഗീതത്തിന്റെ സഹായത്തോടെ അതിജീവിക്കാൻ ശ്രമിക്കുന്നു.”
അമേരിക്കക്കാരന് എന്നിട്ടും ബോധ്യം വരുന്നില്ല. “അപ്പോൾ പിന്നെ വാട്സാപ്പിൽ അയച്ചുകിട്ടിയ ഫോട്ടോയോ? അത്യന്തം അവശനിലയിലാണല്ലോ അദ്ദേഹം?”
രണ്ടു മാസം മുൻപ് ഏതോ “ആരാധകൻ” ഒപ്പിച്ച വേല. ആശുപത്രി വാസം കഴിഞ്ഞു ക്ഷീണിതനായി വീട്ടിൽ തിരിച്ചെത്തി മുടി വെട്ടിയ ഉടൻ പ്രിയഗായകന്റെ രൂപം ഫോണിൽ പകർത്തുക മാത്രമല്ല ഉടനടി സാമൂഹ്യമാധ്യമങ്ങളിൽ പറത്തിവിടുകയും ചെയ്യുന്നു ടിയാൻ. ഇഷ്ടഗായകന്റെ കഷ്ടരൂപം ജനത്തെ കാണിച്ചു ഞെട്ടിക്കുകയല്ലോ ഒരു യഥാർത്ഥ ആരാധകന്റെ ധർമ്മം.
വിളിച്ചയാൾക്ക് തൃപ്തിയായോ എന്തോ. നിരവധി കോളുകൾ പിന്നാലെ വന്നു. എല്ലാവർക്കും അറിയേണ്ടത് ജയേട്ടനെ പറ്റിത്തന്നെ. ചിലരുടെ വാക്കുകളിൽ വേദന. ചിലർക്ക് ആകാംക്ഷ. മറ്റു ചിലർക്ക് എന്തെങ്കിലും “നടന്നുകിട്ടാനുള്ള” തിടുക്കം.
ഭാഗ്യവശാൽ സോഷ്യൽ മീഡിയയിൽ വ്യാപരിക്കുന്ന പതിവില്ല ജയചന്ദ്രന്. വാട്സാപ്പിൽ പോലുമില്ല ഭാവഗായക സാന്നിധ്യം. എന്തും ലാഘവത്തോടെ കാണുന്നതാണ് അദ്ദേഹത്തിന്റെ ശീലം. പുറത്തു നടക്കുന്ന പുകിൽ അറിഞ്ഞെങ്കിൽ അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരിക്കും എന്ന് ഊഹിക്കാനാകും എനിക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]