
കരിയറിന്റെ തുടക്കത്തിൽ നേരിട്ട ദുരനുഭവങ്ങളും വെല്ലുവിളികളും തുറന്നുപറഞ്ഞ് നടി മനീഷ കൊയ്രാള. ബോളിവുഡിലെ അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫറിൽനിന്നുണ്ടായ അനുഭവം ചൂണ്ടിക്കാട്ടിയായിരുന്നു മനീഷയുടെ തുറന്നുപറച്ചിൽ. ഫിലിം ഫെയർ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസുതുറന്നത്.
ബിക്കിനി ധരിക്കാൻ വിസമ്മതിച്ചതിന് ഒരു മുതിർന്ന ഫോട്ടോഗ്രാഫർ ചീത്തവിളിച്ചെന്ന് മനീഷ കൊയ്രാള പറഞ്ഞു. കരിയറിന്റെ ആരംഭകാലത്ത് ഫോട്ടോയെടുക്കാനായി പോകുമായിരുന്നു. അങ്ങനെയൊരിക്കലാണ് ആ പ്രശസ്ത ഫോട്ടോഗ്രാഫറെ കണ്ടുമുട്ടിയത്. അമ്മയുമുണ്ടായിരുന്നു ഒപ്പം. തന്നെ കണ്ടപ്പോൾ മുതൽ നീയാണ് അടുത്ത സൂപ്പർ സ്റ്റാർ എന്നെല്ലാം അയാൾ പറയാൻ തുടങ്ങിയെന്ന് മനീഷ ചൂണ്ടിക്കാട്ടി.
“ഒരു ടൂ പീസ് ബിക്കിനി എനിക്കുനേരെ നീട്ടി, അതും ധരിച്ചുവരാൻ അയാളാവശ്യപ്പെട്ടു. ബീച്ചിലോ നീന്താനോ പോകുമ്പാൾ മാത്രമേ ഞാനിത്തരം വസ്ത്രങ്ങൾ ധരിക്കാറുള്ളൂ എന്ന് അയാളോട് ഞാൻ പറഞ്ഞു. ഇതാണ് സിനിമയിലേക്കുള്ള വഴിയെങ്കിൽ അതെനിക്ക് വേണ്ടെന്നും ഫോട്ടോഷൂട്ടിന് ബിക്കിനി ധരിക്കില്ലെന്നും ഞാൻ തറപ്പിച്ചുപറഞ്ഞു. എന്നെ മുഴുവൻ വസ്ത്രവും ധരിച്ച രീതിയിൽ ഫോട്ടോയെടുത്താൽ മതിയെന്നും പറഞ്ഞു. കുഴയാൻ കളിമണ്ണ് വിസമ്മതിക്കുകയാണെങ്കിൽ അതിൽനിന്ന് എങ്ങനെയാണ് ശില്പമുണ്ടാക്കുക എന്നാണ് ഇതിനോട് അയാൾ പറഞ്ഞ മറുപടി. എനിക്കതൊരിക്കലും മറക്കാൻ കഴിഞ്ഞില്ല.” മനീഷ പറഞ്ഞു.
സിനിമയിൽ തിരക്കായതിനുശേഷം ഒരു ചടങ്ങിൽവെച്ച് ഇതേ ഫോട്ടോഗ്രാഫറെ വീണ്ടും കണ്ടുമുട്ടിയെന്നും മനീഷ് കൊയ്രാള ഓർത്തെടുത്തു. നിങ്ങൾ ഒരു വലിയ നിലയിലെത്തുമെന്ന് അന്നേ തനിക്കറിയാമായിരുന്നെന്നാണ് അന്നയാൾ പറഞ്ഞതെന്നും നടി കൂട്ടിച്ചേർത്തു.
സഞ്ജയ് ലീല ഭൻസാലിയുടെ ഹീരാമണ്ഡി എന്ന വെബ്സീരീസിലാണ് മനീഷ് കൊയ്രാള ഒടുവിൽ അഭിനയിച്ചത്. താരത്തിന്റെ ആദ്യ ഓ.ടി.ടി റിലീസ് കൂടിയായിരുന്നു ഇത്. മല്ലികാജാൻ എന്ന കഥാപാത്രമായാണ് അവർ എത്തിയത്. പരമ്പര അതിന്റെ രണ്ടാം സീസണിലേക്കെത്തിനിൽക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]