
2013-ൽ ഇന്ത്യൻ സിനിമയുടെ നൂറാം വർഷത്തിൽ രാമോജി ഫിലിം സിറ്റിയിൽവെച്ച് രാമോജി റാവുവിനെ അഭിമുഖം നടത്തിയ അനുഭവം. ഒപ്പം തൊട്ടതെല്ലാം തങ്കമാക്കിയ അദ്ദേഹത്തിന്റെ ജീവിതവഴി…
ആന്ധ്രപ്രദേശ് കൃഷ്ണ ജില്ലയിലെ ഗുഡിവാഡ ഗ്രാമത്തിലെ സിനിമക്കൊട്ടയിലേക്ക് രാത്രി ആവേശത്തോടെ സൈക്കിൾ ചവിട്ടിയ ഒരു കൗമാരക്കാരൻ പിന്നിട്ട ദൂരമാണ് ഇന്നത്തെ ഇന്ത്യൻ ബിഗ് സ്ക്രീനിലെ രാമോജി ഫിലിം സിറ്റിയുടെ ‘ഉയരം.’ തന്റെ പേരിനൊപ്പം ഫിലിം സിറ്റി എന്ന രണ്ടുവാക്കുകൾ തുന്നിച്ചേർത്ത രാമോജി റാവുവിന് സിനിമ സ്വപ്നത്തിനപ്പുറത്തെ സ്വർഗമായിരുന്നു. ചരിത്രം കൗതുകക്കാഴ്ച സമ്മാനിക്കുന്ന നൈസാം നിർമിതിയായ ഹൈദരാബാദിലെ ചാർമിനാറിനെക്കാളും ഗോൽകൊണ്ട കോട്ടയെക്കാളും ഇന്ന് സഞ്ചാരികളെ ത്രസിപ്പിക്കുന്നത് ആധുനിക നൈസാമായ രാമോജി റാവു പണിത രാമോജി ഫിലിംസിറ്റി തന്നെ.
ഇന്ത്യൻ സിനിമയുടെ 100 വർഷം പിന്നിടുന്ന 2013-ൽ മാതൃഭൂമിക്കുവേണ്ടി രാമോജി റാവുവിനെ ഫിലിം സിറ്റിയിൽപ്പോയി അഭിമുഖം നടത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ സിനിമയോടുള്ള ആവേശം സെല്ലുലോയിഡിലെപ്പോലെ തെളിഞ്ഞുവന്നത്. 2000 ഏക്കർ പരന്നുകിടക്കുന്ന രാമോജി ഫിലിം സിറ്റിക്കുള്ളിലെ തലപ്പൊക്കമുള്ള കോർപ്പറേറ്റ് കെട്ടിടത്തിലെ ഏറ്റവും മുകളിലത്തെ നിലയിലാണ് അദ്ദേഹത്തിന്റെ ഓഫീസ്.
വാതിൽ തുറന്നപ്പോൾ സ്വർണസിംഹാസനത്തിൽ ഇരിക്കുകയാണ് രാമോജി. മിനുക്കിയ വെണ്ണക്കല്ലുപോലെയുള്ള മുഖത്ത് ചെറുപുഞ്ചിരി. കട്ടിയേറിയ കർട്ടനുകളാൽ മറച്ച ചുമരുകളാണ് ആ ഓഫീസിന്. തെലുഗിലെ പ്രമുഖ പത്രമായ ‘ഈ നാടു’വിന്റെ ചീഫ് എഡിറ്റർക്ക് ഇന്റർവ്യൂ പുത്തരിയല്ലല്ലോ. ചോദ്യങ്ങൾക്കൊക്കെ റാവുവിന്റെ സ്പഷ്ടമായ ഉത്തരം. മനസ്സിലെ ഓർമ്മകൾ ഫിലിംറോളുപോലെ ചുരുളഴിഞ്ഞുവന്നു.
‘‘മൂന്നുമക്കളിൽ ഏറ്റവും ഇളയവനായ എനിക്ക് കുട്ടിക്കാലംതൊട്ടേ സിനിമയോട് ഇഷ്ടമായിരുന്നു. ഗ്രാമത്തിലെ സിനിമക്കൊട്ടയിൽനിന്ന് എല്ലാ ആഴ്ചകളിലും സിനിമ കാണും. സിനിമയോട് വല്ലാത്ത ഭ്രമമായി. എന്നാൽ, അത് അതിരുവിട്ടില്ല. പണം സമ്പാദിക്കാനായി ആദ്യം മാർഗദർശി എന്ന ചിട്ടിക്കമ്പനിയാണ് അച്ഛന്റെ സഹായത്തോടെ തുടങ്ങിയത്. അത് പച്ചപിടിച്ചു. അതുവഴി ഗ്രാമീണകർഷകരുടെ വയലുകളും പച്ചയണിഞ്ഞു. ചിട്ടിക്കമ്പനിയിൽ പണമിട്ടത് ഏറെയും കർഷകരായിരുന്നു. കൃഷി നഷ്ടത്തിലായ ഒട്ടേറെ കർഷകരുടെ കുടിശ്ശിക എഴുതിത്തള്ളിയെന്ന് രാമോജി റാവു പറയുമ്പോൾ ആ ചിട്ടിക്കമ്പനിയുടെ ‘മാർഗദർശി’ എന്ന പേര് അന്വർഥമാകുന്നു.
ചിട്ടിക്കമ്പനിയിൽനിന്ന് കിട്ടിയ ലാഭംകൊണ്ട് നേരേ സിനിമാ നിർമാണത്തിലേക്കായിരുന്നു രാമോജിയുടെ ചുവടുമാറ്റം. ഉഷ കിരൺ മൂവീസ് എന്ന പ്രൊഡക്ഷനു കീഴിൽ സിനിമകൾ പിറന്നുകൊണ്ടിരുന്നു. ‘പ്രൊഡ്യൂസ്ഡ് ബൈ രാമോജി റാവു’ എന്ന് അക്ഷരങ്ങൾ വെള്ളിത്തിരയിൽ വെട്ടിത്തിളങ്ങിവന്നു. ഉഷ കിരൺ മൂവീസ് 85 സിനിമ നിർമിച്ചു. അതാണ് രാമോജി ഫിലിം സിറ്റി എന്ന ബൃഹത്തായ പ്രോജക്ടിലേക്ക് നയിച്ചതെന്ന് രാമോജി വെളിപ്പെടുത്തി.
‘‘ഈ സിനിമാനിർമാണം വല്ലാത്ത ടെൻഷൻ നൽകുന്ന ഏർപ്പാടാണ്. പല പല ഡിപ്പാർട്മെന്റുകളെ ഒരുമിച്ചു കിട്ടുക പ്രയാസമായിരുന്നു ആക്കാലത്ത്. പലപ്പോഴും ഷൂട്ടിങ് മുടങ്ങി. ഒരു സെറ്റിൽനിന്ന് മറ്റൊരു സെറ്റിലേക്ക് സിനിമാസാമഗ്രികൾ കൊണ്ടുപോകാൻ നല്ല ചെലവുവന്നു. അപ്പോഴാണ് സിനിമയുടെ എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുന്ന ഒരു സംരംഭത്തെക്കുറിച്ച് ചിന്തിച്ചത്. ആ ചിന്ത രാമോജി ഫിലിം സിറ്റിയായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. 1997-ൽ രാമോജി ഫിലിം സിറ്റി യാഥാർഥ്യമായി. 2000 ഏക്കറിൽ ഒരേസമയം 20 സിനിമകൾവരെ ഷൂട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കി.
‘സ്ക്രിപ്റ്റുമായി വരൂ, സിനിമാപെട്ടിയുമായി നിങ്ങൾക്ക് പോകാം’ ഇതായിരുന്നു ഫിലിം സിറ്റിയെക്കുറിച്ചുള്ള രാമോജിയുടെ പഞ്ച് ഡയലോഗ്. സിനിമയ്ക്കുള്ള പ്രീ- പോസ്റ്റ് പ്രൊഡക്ഷൻ ജോലികളൊക്കെ ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. ഇനി അഥവാ ഇല്ലെങ്കിൽ സൂര്യനുകീഴിലുള്ള ഏതു വസ്തുക്കളും ഇവിടെയുള്ള കലാവിദഗ്ധർ സംവിധായകൻ പറയുന്നപോലെ ഞൊടിയിടയിൽ നിർമിച്ചുനൽകും. അതുകൊണ്ടുതന്നെയാണ് പല സംവിധായകരും രാമോജി ഫിലിം സിറ്റിയിലേക്ക് ക്യാമറ സൂം ചെയ്യുന്നത്; ബാഹുബലി, കുഞ്ഞാലിമരക്കാർ, ചെന്നൈ എക്സ്പ്രസ് പോലുള്ള ബിഗ് ബജറ്റ് പടങ്ങൾ ഇവിടെ പിറവികൊള്ളുന്നത്. ഇന്ന് ലോകത്തെ ഏറ്റവുംവലിയ ഫിലിം തീംപാർക്ക് ആയി ഗിന്നസ് ബുക്കിൽവരെ ഇടംനേടിയിരിക്കുന്നു ഫിലിം സിറ്റി.
സിനിമ നിർമിക്കുന്നതോടൊപ്പം ഭക്ഷ്യവസ്തുനിർമാണത്തിലേക്കും ഹോട്ടൽമേഖലയിലേക്കും രാമോജി തന്റെ ബിസിനസ് സാമ്രാജ്യം വിപുലമാക്കി. പ്രിയ ഫുഡ് പ്രോഡക്ട്സ്, ഡോൾഫിൻ ഹോട്ടൽ ഗ്രൂപ്പ്, ഇ ടി.വി. തുടങ്ങി രാമോജി തൊട്ടതെല്ലാം പിന്നീട് തങ്കമാവുകയായിരുന്നു. രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലുള്ളവരുമായുള്ള ചങ്ങാത്തമായിരുന്നു രാമോജിയുടെ മറ്റൊരു ശക്തി. കെ.സി.ആർ., ചന്ദ്രബാബുനായിഡു എന്നിവരുമായി അടുത്തബന്ധം. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സായി മാറാനും രാമോജിയുടെ വിവിധ വ്യവസായ ശൃംഖലയ്ക്കായി.
അഭിമുഖത്തിനൊടുവിൽ അദ്ദേഹം സുവർണസിംഹാസനത്തിൽനിന്ന് എഴുന്നേറ്റു. ചുമരിലെ കർട്ടൻ നീക്കി. സുതാര്യമായ ചില്ലുമതിലിനപ്പുറം തന്റെ സ്വപ്നസാക്ഷാത്കാരം രാമോജി ഫിലിം സിറ്റി പരന്നുകിടക്കുന്നു… ആ കാഴ്ചകണ്ട് ചെറുപുഞ്ചിരി തൂകിനിൽക്കുന്ന രാമോജിയോടായി ചോദിച്ചു. ‘‘ഈ ഫിലിം സിറ്റിയിലുള്ളതെല്ലാം ഡ്യൂപ്ലിക്കേറ്റുകളല്ലേ… വിമാനത്താവളവും റെയിൽവേസ്റ്റേഷനും കെട്ടിടങ്ങളും ഗ്രാമങ്ങളുമെല്ലാം… ശരിക്കും പ്രേക്ഷകരെ പറ്റിക്കുകയല്ലേ റാവൂജീ…?’’ പുഞ്ചിരിയിൽ പൊതിഞ്ഞ മറുപടിയെത്തി- ‘‘സിനിമതന്നെ പ്രേക്ഷകരെ മധുരമായി പറ്റിക്കുന്ന ഒരേർപ്പാടല്ലേ എന്റെ കുട്ടീ…’’
കൃത്യനിഷ്ഠയുടെ ഘടികാരം
കൃത്യനിഷ്ഠയാണ് രാമോജി റാവുവിനെ വേറിട്ടുനിർത്തുന്ന മറ്റൊരു ഘടകം. മാതൃഭൂമിക്ക് അഭിമുഖത്തിനു സമയം തന്നത് ഉച്ചയ്ക്ക് ഒരുമണിക്ക്. കൃത്യനിഷ്ഠയെക്കുറിച്ച് മീഡിയ വൈസ് പ്രസിഡന്റ് എ.വി. റാവു മുന്നറിയിപ്പു തന്നതിനാൽ 12.30-ന് തന്നെ എത്തി. അതേദിവസം, അവിടെ ഷൂട്ടിങ് നടക്കുന്ന ഹിന്ദി സിനിമ ‘കിക്ക്’-ന്റെ നായകൻ സൽമാൻ ഖാന് 12.45-നാണ് സൗഹൃദസംഭാഷണത്തിന് സമയം കൊടുത്തത്. സൽമാൻ എത്തിയത് ഒരുമണിക്ക്. അപ്പോഴേക്കും അഭിമുഖം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങൾ. ഇന്റർ കോം വഴി സൽമാൻ വന്നെന്ന വിവരമെത്തി. താങ്കൾക്ക് അനുവദിച്ച സമയം കഴിഞ്ഞെന്നും പിന്നീട് കാണാമെന്നും സ്നേഹത്തോടെ രാമോജി റാവു സൽമാനെ അറിയിച്ചു.
രാമോജി ഫിലിം സിറ്റിക്കുള്ളിൽ തന്നെയുള്ള ബംഗ്ലാവിൽ ദിവസവും രാവിലെ 3.30-ന് ഉണരും രാമോജി. തന്റെ ഈ നാടു പത്രത്തിന്റെ 27 എഡിഷനും മേശമേൽ വന്നിട്ടുണ്ടാവും അപ്പോൾ. നാലുമണിയോടെ ആ പത്രങ്ങളിലൂടെ ഒന്ന് കണ്ണോടിക്കും. ആളുകൾ വായിക്കുന്നതിനുമുൻപ് ‘എന്റെ പത്രം ഞാൻ കാണണം’ എന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തിന്.
രോഗശയ്യയിൽ ആവുന്നതുവരെ ആ പതിവ് തെറ്റിയിട്ടില്ലെന്ന് മീഡിയ വൈസ് പ്രസിഡന്റ് എ.വി. റാവു പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]