
ശിവ കാർത്തികേയനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനംചെയ്യുന്ന ചിത്രത്തിൽ വില്ലനായി വിദ്യുത് ജംവാൾ. ചിത്രത്തിലേക്ക് വിദ്യുതിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ലൊക്കേഷൻ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ശിവ കാർത്തികേയന്റെ 23-ാമത്തെ ചിത്രമാണിത്.
10 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യുത് തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് എസ്കെ 23. മുരുഗദോസിന്റെ സംവിധാനത്തിൽ 2012-ൽ പുറത്തിറങ്ങിയ വിജയ് ചിത്രം തുപ്പാക്കിയിലൂടെയാണ് വിദ്യുത് ജംവാൾ തമിഴിലെത്തിയത്. പിന്നീട് സൂര്യ നായകനായി 2014-ൽ റിലീസ് ചെയ്ത അഞ്ജാനിലും അദ്ദേഹം നിർണായകവേഷത്തിലെത്തിയിരുന്നു.
വിദ്യുത് ജംവാളിനെ തന്റെ പുതിയ ചിത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് എ.ആർ മുരുഗദോസ് എക്സിൽ പോസ്റ്റ് ചെയ്തു. അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കാനായതിന്റെ ത്രില്ലിലാണെന്നും മുരുഗദോസ് കുറിച്ചു. നിർമാതാക്കളായ ശ്രീലക്ഷ്മി മൂവീസിന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടായിരുന്നു സംവിധായകന്റെ വാക്കുകൾ.
ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. മുമ്പ് 2014ൽ പുറത്തിറങ്ങിയ ‘മാൻ കരാട്ടെ’ എന്ന ശിവകാർത്തികേയൻ നായകനായ ചിത്രത്തിന്റെ നിർമ്മാതാവ് മുരുഗദോസായിരുന്നു.
ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. കന്നഡ താരം രുഗ്മിണി വസന്ത് ആണ് നായികയാവുന്നത്. മലയാളത്തിൽനിന്ന് ബിജു മേനോൻ ചിത്രത്തിലുണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]