
തുടക്കം ബോളിവുഡിലായിരുന്നെങ്കിലും തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ ഇരിപ്പിടം കണ്ടെത്തിയ നടിയാണ് ജ്യോതിക. ഡോളി സജാ കേ രഖ്നാ എന്ന പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ജ്യോതികയുടെ സിനിമാ അരങ്ങേറ്റം. എന്നാൽ ഈ ചിത്രം പരാജയപ്പെട്ടതിനുശേഷം അവർ ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടേയില്ല. 27 വർഷമാണ് തനിക്ക് ബോളിവുഡിൽ അവസരം ലഭിക്കാതിരുന്നതെന്ന് പറഞ്ഞിരിക്കുകയാണ് ജ്യോതിക.
ശ്രീകാന്ത് എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ന്യൂസ് 18-നോട് സംസാരിക്കവേയാണ് ബോളിവുഡിൽനിന്ന് അവസരങ്ങൾ തേടിവരാതിരുന്നതിനേക്കുറിച്ച് ജ്യോതിക പറഞ്ഞത്. ഡോളി സജാകേ രഖ്നേയ്ക്കുശേഷം ഹിന്ദി ചിത്രങ്ങളിൽനിന്ന് അവസരങ്ങൾ തേടിവന്നില്ലെന്നും തുടർന്ന് ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ ശ്രദ്ധകൊടുക്കുകയായിരുന്നെന്നും അവർ പറഞ്ഞു. ആദ്യ ഹിന്ദി ചിത്രം ഹിറ്റായിരുന്നില്ല. നിങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കണമെങ്കിൽ ആദ്യചിത്രം തിയേറ്ററുകളിൽ നല്ലരീതിയിൽ സ്വീകരിക്കപ്പെടണമെന്നും അവർ പറഞ്ഞു.
തൻ്റെ അതേസമയം തന്നെ ബോളിവുഡിൽ തങ്ങളുടെ കരിയർ ആരംഭിച്ച മറ്റുനടിമാരിൽ നിന്നുള്ള മത്സരമാണ് ഇതിന് കാരണമെന്നും അവർ പറയുന്നു. “ഞാൻ എൻ്റെ കരിയർ ആരംഭിക്കുമ്പോൾ, വലിയ പ്രൊഡക്ഷൻ ഹൗസുകളിൽ ജോലി ചെയ്യുന്ന പെൺകുട്ടികളുടെ വലിയ നിരതന്നെയുണ്ടായിരുന്നു. എൻ്റെ സിനിമയും ഒരു വലിയ ബാനറാണ് നിർമ്മിച്ചത്, പക്ഷേ പരാജയപ്പെടാനായിരുന്നു അതിന്റെ വിധി. ഭാഗ്യവശാൽ, ഞാൻ ഒരു ദക്ഷിണേന്ത്യൻ സിനിമയിൽ ഒപ്പുവെച്ച് ബോളിവുഡിൽ നിന്ന് വഴിമാറി.” ജ്യോതിക ഓർമ്മിച്ചു.
“ഞാൻ ഒരു ദക്ഷിണേന്ത്യക്കാരിയാണെന്നും എനിക്ക് ഇനി ഹിന്ദി സിനിമകൾ ചെയ്യാൻ താൽപ്പര്യമില്ലെന്നും ബോളിവുഡിലെ ആളുകൾ കരുതി. അതൊരു യാത്രയായിരുന്നു, അതിൽ ഞാൻ ഇപ്പോഴും നന്ദിയുള്ളവളാണ്. ഞാൻ അവിടെ ചില മികച്ച കുറേ സിനിമകൾ ചെയ്തു. ഞാൻ ഹിന്ദി സിനിമ ചെയ്യുന്നതിൽ നിന്ന് വിട്ടുനിന്നതല്ല. ഇത്രയും വർഷമായി ബോളിവുഡിൽ ആരും എനിക്ക് അവസരങ്ങൾ വാഗ്ദാനം ചെയ്യാത്തതുകൊണ്ടാണ്.” അവർ കൂട്ടിച്ചേർത്തു.
അജയ് ദേവ്ഗൺ, മാധവൻ എന്നിവർ അഭിനയിച്ച ശെയ്ത്താൻ എന്ന ചിത്രത്തിലാണ് നീണ്ട ഇടവേളയ്ക്കുശേഷം ജ്യോതിക വേഷമിട്ടത്. രാജ് കുമാർ റാവു നായകനായ ശ്രീകാന്ത് ആണ് ജ്യോതികയുടേതായി പുതുതായി തിയേറ്ററുകളിലെത്തിയ ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]