
ചെന്നൈ: പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് തിങ്കളാഴ്ചയാണ് സൂര്യ മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നീണ്ട ഇടവേളയ്ക്കുശേഷം സംവിധാനംചെയ്ത അരസി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് മരണം.
ത്രീഡിയിൽ ചിത്രീകരിച്ച ആദ്യ ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിലൊരാളായിരുന്നു സൂര്യകിരൺ. 1978-ൽ പുറത്തിറങ്ങിയ സ്നേഹിക്കാൻ ഒരു പെണ്ണ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മൗനഗീതങ്ങൾ, സത്യഭാമ, പടിക്കാത്തവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ബാലതാരമായി 200-ലേറെ ചിത്രങ്ങളിൽ വേഷമിട്ടശേഷമാണ് അദ്ദേഹം സംവിധാനത്തിലേക്ക് തിരിഞ്ഞത്.
2003-ൽ സത്യം എന്ന ചിത്രത്തിലൂടെയാണ് സംവിധാനത്തിലേക്ക് തിരിഞ്ഞത്. ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി, ചാപ്റ്റർ 6 എന്നിവയാണ് സംവിധാനം ചെയ്ത മറ്റുചിത്രങ്ങൾ. 2020-ലെ ബിഗ് ബോസ് സീസൺ -4 മത്സരാർത്ഥിയുമായിരുന്നു.
നടി കാവേരിയായിരുന്നു സൂര്യകിരണിന്റെ ഭാര്യ. ഇവർ പിന്നീട് ബന്ധം വേർപെടുത്തി. വിവാഹമോചനത്തിന് ശേഷം പൊതുവിടങ്ങളിൽ നിന്ന് അകന്നിരിക്കുകയായിരുന്ന സൂര്യകിരണിന്റെ തിരിച്ചുവരവ് ബിഗ് ബോസിലൂടെയായിരുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തേക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. മലയാളത്തിലടക്കം നിരവധി ചിത്രങ്ങളിൽ നായികയായ നടി സുജിതയാണ് സൂര്യകിരണിന്റെ സഹോദരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]