
മിമിക്രി വേദികളിൽ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്. ഹാസ്യതാരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. നാടൻ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്തു വച്ചു. ആ അതുല്യ കലാകാരൻ മൺമറഞ്ഞിട്ട് എട്ടുവർഷം.
‘അക്ഷരം’ എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള കലാഭവൻ മണിയുടെ അരങ്ങേറ്റം. ‘സല്ലാപം’ എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ ശ്രദ്ധേയനാക്കി. കരുമാടിക്കുട്ടൻ’, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്നീ ചിത്രങ്ങൾ മണിയെന്ന അസാമാന്യ പ്രതിഭയെ അടയാളപ്പെടുത്തിയ ചിത്രങ്ങളായി മാറി.
ചുരുങ്ങിയ കാലത്തിനുള്ളിൽ തമിഴ് സിനിമയിൽ ശ്രദ്ധേയനായിത്തീർന്ന നടനായിരുന്നു കലാഭവൻ മണി. കേരളത്തിലെ പ്രേക്ഷകരെ ഹാസ്യവേഷങ്ങളിലൂടെ ചിരിപ്പിക്കുമ്പോൾ അതിർത്തിക്കപ്പുറം തമിഴ്നാട്ടിലെ തിയേറ്ററുകളിൽ പേടിപ്പെടുത്തുന്ന വില്ലനായി കസറി അദ്ദേഹം. രാജൻ പി.ദേവിനു ശേഷം കേരളത്തിൽനിന്നു തമിഴ്സിനിമ കണ്ടെടുത്ത കരുത്തനായ വില്ലനായിരുന്നു കലാഭവൻ മണി. കലാഭവൻ മണിയുടെ രൂപവും ഭാവവും ശരീരഭാഷയുംമറ്റും തമിഴ് പ്രേക്ഷകരെ പെട്ടെന്നാകർഷിക്കുന്നതായി.
ചരൺ സംവിധാനംചെയ്ത ജെമിനി എന്ന ചിത്രമാണ് കലാഭവൻ മണിയെ തമിഴകത്ത് ജനപ്രിയനാക്കിയത്. അതുവരെ തമിഴ് സിനിമ കണ്ടിരുന്ന വില്ലൻ കഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തമായ പ്രകടനമാണ് ജെമിനിയിൽ മണി കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ തമിഴ് സിനിമാ ലോകത്ത് ‘സ്റ്റൈലിഷ് വില്ലൻ’ എന്ന പേരും മണിക്കു ലഭിച്ചു. സൂര്യ നായകനായ വേൽ എന്ന ചിത്രത്തിലെ മണിയുടെ വില്ലൻ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സംതിങ് സംതിങ് ഉനക്കും എനക്കും, മഴൈ, അന്യൻ, ബോസ്, പുതിയ ഗീതം, ബന്ദാ പരമശിവം, കൂത്ത് തുടങ്ങി അമ്പതോളം തമിഴ് ചിത്രങ്ങളിൽ കലാഭവൻ മണി അഭിനയിച്ചിട്ടുണ്ട്.
2016 മാർച്ച് അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ ‘പാഡി’യിൽ കലാഭവൻ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ദുരൂഹതകൾ ഏറെ ബാക്കിയാക്കിയാണ് മണി കടന്ന് പോയത്. അവയുടെ ചുരുളഴിക്കാൻ എട്ട് വർഷങ്ങൾക്കിപ്പുറം സാധിച്ചിട്ടില്ലെന്നത് അദ്ദേഹത്തിന്റെ ആരാധകരെ ഇന്നും നോവിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]