
ഒന്ന് വരയ്ക്കണമെന്നു തോന്നിയാൽ എന്ത് ചെയ്യും. ബ്രഷ് വേണം, കാൻവാസ് വേണം, ചായം വേണം… ഇതൊന്നും അടുത്തിെല്ലങ്കിലോ….. പോട്ടെ പിന്നെയാകാം എന്ന് വിചാരിക്കാം. എന്നാൽ, വരയ്ക്കാൻ തോന്നുന്നവർ ആഗ്രഹം മാറ്റിവെക്കേണ്ടെന്ന് തിരുവനന്തപുരം സ്വദേശികളായ വിജിത്തും അനീസും തീരുമാനിച്ചു. പുത്തൻ ഐഡിയകൾ തേടിയുള്ള ഒരു ചർച്ചയിൽ വിളഞ്ഞതാണ് വരയ്ക്കാനൊരിടം.
പഠിക്കാത്തവർക്കും ഒന്നു കോറിയിട്ട് പോകാമെന്നേ… അതാണ് ഹാപ്പിച്ചീനോ. വരക്കാരുടെ കമ്മ്യൂണിറ്റി എന്നും വിളിക്കാം. അതിന് ഒരിടം ഒരുക്കാനുള്ള ശ്രമം നാട് ശ്രദ്ധിച്ചു. അങ്ങനെ വരയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാം നൽകുന്നവരായി ഹാപ്പിച്ചീനോ.
പ്രകൃതിസൗഹൃദമാണ് കാൻവാസ്. അത് പാളപ്പാത്രമാകാം. മരസ്ലേറ്റാകാം. പലതരം ചായങ്ങളും റെഡി. ബ്രഷുകളും പലതരം. വരയ്ക്കാൻ കഴിയാത്തവർക്കും എന്തിനാണ് ഈ ഇടം നൽകുന്നത്. ഈ ചോദ്യമാണ് ആദ്യം വന്നത്. മനസ്സ് ഇടറി നിൽക്കുമ്പോഴായിരിക്കും നമുക്കൊരു ബ്രഷ് കിട്ടുക. ഒന്ന് ചായം പുരട്ടി വെറുതെ ഒന്ന് കോറിയിടുക. അതു കണ്ടുനിൽക്കുക. ചിന്തകളിലേക്ക് ഊളിയിടുന്നവർ അലസമായി കടലാസിൽ കോറിയിടുന്നത് കാണില്ലേ. അതൊരു വഴി തുറക്കലാണ്. ഇവിടെയും അതുണ്ടായി. പൊതു ഇടങ്ങളിൽ ഇവർ ഒരുക്കിയ ഹാപ്പിച്ചീനോ പലരെയും പെയിന്റർമാരാക്കി. ഇതൊക്കെ നമുക്ക് പറ്റുമോ എന്ന് പലരും ചിന്തിച്ചുപോയി. അഞ്ച് വർഷമായി ഇത് തുടരുന്നു. വിജിത്ത് ഐ.ടി. മേഖലയിലാണ് പ്രവർത്തിക്കുന്നത്. അനീസ് ബിസിനസുകാരനും.
ഹാപ്പിച്ചീനോയ്ക്കൊപ്പം ഹാപ്പി സോക്സ് എന്ന ആശയവും ഇവർക്കുണ്ട്. സോക്സ് ഒരു വാണിജ്യ സംരംഭമാണ്. അതും ഇരുവരുടെയും കൂടിയാലോചനയിൽ പിറന്നത്. ആരും കൈവെക്കാത്ത ഒരു മേഖലയിൽ പുത്തനൊരു ആശയം കൊണ്ടുവരിക. കാലിലേക്ക് നോക്കിയപ്പോഴാണ് സോക്സിലേക്ക് നോട്ടം പോയത്. ആരാലും ശ്രദ്ധിക്കാനില്ലാത്ത പാവം സോക്സ്. ഷൂസിനുള്ളിൽ നിശ്ശബ്ദ സേവനം. നിറമില്ലാത്ത ജീവിതം. അതിനൊരു നിറം കൊടുത്താലോ. അതാണ് ഡിസൈൻ സോക്സിലേക്ക് വളർന്നത്. അമൽ എന്ന ഡിസൈനർ സഹായിച്ചു.
പല വർണങ്ങളിലും വർണക്കൂട്ടുകളിലും മുങ്ങി സോക്സിന്റെ മുഖം നിറമുള്ളതായി. സോക്സ് എത്തിച്ച് നിറം കൊടുക്കുകയാണ് ചെയ്യുന്നത്. ഇന്ന് അതൊരു നല്ല ബിസിനസായി വളർന്നിരിക്കുന്നു. ശശി തരൂരിനെപ്പോലുള്ളവർ ഇത് വാങ്ങിയത് പല സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും വന്നതോടെ ഡിസൈൻ സോക്സിന് നല്ല കാലം വന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]