![](https://newskerala.net/wp-content/uploads/2025/02/Unni-Mukundan-1024x576.jpg)
മലയാളത്തിലെ ആക്ഷന്‍ സിനിമകള്‍ക്ക് പുതിയൊരു മാനം നല്‍കിയിരിക്കുകയാണ് മാര്‍ക്കോ. ഇനിയൊരു ആക്ഷന്‍ ചിത്രമിറങ്ങിയാല്‍ മാര്‍ക്കോയുടെ അത്രയുമുണ്ടോ സംഘട്ടനരംഗങ്ങള്‍ എന്ന ചോദ്യം ഉയരാനും സാധ്യത ഏറെയാണ്. കരിയറിന്റെ മറ്റൊരു തലത്തില്‍ നില്‍ക്കുമ്പോഴും വിനയാന്വിതനാവുകയാണ് ഉണ്ണി മുകുന്ദന്. മാര്‍ക്കോയുടെ വിജയം തന്നെ കൂടുതല്‍ ഉത്തരവാദിത്തബോധമുള്ളവനാക്കുന്നുവെന്നാണ് ഉണ്ണി പറയുന്നത്. തന്റെ സിനിമാ ജീവിതത്തില്‍ ഓരോ വഴിത്തിരിവുകള്‍ക്കും കാരണം പ്രേക്ഷകര്‍ തന്ന പിന്തുണയാണെന്നും താരം പറയുന്നു. മാര്‍ക്കോയുടെ വിജയത്തേക്കുറിച്ച് ഉണ്ണി മുകുന്ദന് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
അന്തര്‍ദേശീയ നിലവാരത്തിലുള്ള സിനിമയായിരുന്നു സ്വപ്നം
ഭാഷയുടെ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ചുകൊണ്ട് മാര്‍ക്കോയ്ക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്നും ഇത്രയും മികച്ച പ്രതികരണം ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ദേശീയ-അന്തര്‍ദേശീയ നിലവാരമുള്ള ഒരു സിനിമ എന്നത് എക്കാലത്തെയും സ്വപ്നവും ആഗ്രഹവും ആയിരുന്നു. വര്‍ഷങ്ങളായുള്ള പരിശ്രമം ഇതിന്റെ പിറകിലുണ്ട്. ഒരു അഭിനേതാവ് എന്ന നിലയില്‍ ഇതുവരെ എത്താന്‍ കഴിഞ്ഞതില്‍ ഹൃദയം നിറഞ്ഞ സന്തോഷവും അഭിമാനവും ഉണ്ട്. എന്റെ ഓരോ ചിത്രവും ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളും ഇപ്പോള്‍ മാര്‍ക്കോയും എല്ലാം കരിയറില്‍ വഴിത്തിരിവായത് തീര്‍ച്ചയായും പ്രേക്ഷകരില്‍ നിന്നും എനിക്ക് ലഭിച്ച പിന്തുണ കാരണമാണ്. മലയാള സിനിമയിലെ ബെഞ്ച്മാര്ക്കെന്ന വിശേഷണം തന്നെ സിനിമാലോകവും പ്രേക്ഷകരും തന്ന അംഗീകാരമായാണ് കാണുന്നത്.
കുടുംബത്തോടുള്ള അതിരില്ലാ സ്നേഹത്തിന്റെ കഥ
മാര്‍ക്കോ വെറും ഒരു ആക്ഷന്‍ ചിത്രമല്ല. മിഖായേല്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് മാര്‍ക്കോ ഒരു കൗതുകമായി ഉള്ളില്‍ കയറിയത്. അന്ന് മുതല്‍ ഇന്ന് വരെയുള്ള ഒരുപാട് പേരുടെ അധ്വാനത്തിന്റെ ഫലമാണ് ഇന്നീ കാണുന്ന അംഗീകാരങ്ങളെല്ലാം. കേന്ദ്രകഥാപാത്രമായ മാര്‍ക്കോയ്ക്ക് തന്റെ കുടുംബത്തോടുള്ള അതിരില്ലാത്ത സ്നേഹത്തിന്റെ കഥയാണത്. മാര്‍ക്കോ ഒരു ആക്ഷന്‍ റിവഞ്ച് ഡ്രാമയാണ്. ആ കഥാപാത്രം ചെയ്യുന്ന എല്ലാ വയലന്‍സും തന്റെ കുടുംബത്തിന് വേണ്ടിയാണ്. നമ്മുടെയൊക്കെ ജീവിതത്തില്‍ കുടുംബത്തിനെതിരെ എന്ത് അതിക്രമം സംഭവിച്ചാലും പ്രതികരിക്കണം എന്നുള്ള ഒരു ബേസിക് ഇൻസ്റ്റിംഗ്റ്റ് എല്ലാവരുടെയും ഉള്ളിലുണ്ട്. അങ്ങനെ ഒരു കഥാതന്തുവിനെ തികച്ചും വ്യത്യസ്തമായി, നൂതന സാങ്കേതികവിദ്യകളിലൂടെ അവതരിപ്പിക്കാനായത് ഒരു അഭിനേതാവും നിര്‍മാതാവും എന്ന നിലയില്‍ ഒരുപാട് പ്രചോദനം നല്‍കിയിട്ടുണ്ട്.
ചിത്രം കേരളത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു
വ്യത്യസ്തമായ ആശയങ്ങളെയും അവതരണ രീതികളെയും നമ്മുടെ പ്രേക്ഷകര്‍ എന്നും ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടേ ഉള്ളൂ. മലയാള സിനിമയില്‍ ആരും ഇതുവരെ പരീക്ഷിക്കാത്ത ഒരു കഥാപാത്രം ആയതുകൊണ്ട് തന്നെ, മലയാളി പ്രേക്ഷകര്‍ ഇത് ഏറ്റെടുത്തു വിജയിപ്പിക്കും എന്നതില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. കേരളത്തില്‍ ഈ ചിത്രം വിജയിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
കലൈ കിംഗ്സണ് എന്ന സംഘട്ടന സംവിധായകന്
ലോകോത്തര നിലവാരത്തിലുള്ള ഒരുപാട് ആക്ഷന്‍ ചിത്രങ്ങള്‍ കണ്ടതില്‍ നിന്നും, അതുപോലെയുള്ള വെല്ലുവിളികളുള്ള ആക്ഷന്‍ രംഗങ്ങള്‍ നമ്മുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നും എങ്ങനെ ചെയ്യാം എന്നാണ് എല്ലാവരും ചിന്തിച്ചത്. ആക്ഷന്‍ കൊറിയോഗ്രാഫറുടെയും ഫൈറ്റേഴ്സിന്റെയും പൂര്‍ണ പിന്തുണ എനിക്ക് ലഭിച്ചിട്ടുണ്ട്. സാങ്കേതിക മികവില്‍ ചിത്രീകരിക്കുന്ന ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ തരുന്ന അഡ്രിനാലിന്‍ റഷ് പ്രേക്ഷകരിലേക്ക് എത്തിക്കാനായതില്‍ ഒരുപാട് സന്തോഷമുണ്ട്.
ശാരീരികവും മാനസികവുമായ അധ്വാനം
മാര്‍ക്കോ ഒരു ആക്ഷന്‍ ചിത്രമായത് കൊണ്ടുതന്നെ ചിത്രം മികച്ചതാകാനായി എല്ലാവരും അധ്വാനിച്ചിരുന്നു. ഇന്നത്തെ തലമുറ കണ്ടാസ്വദിക്കുന്ന സിനിമകളും വിഡിയോകളും ഒക്കെ തന്നെയാണ് ഞങ്ങളുടെയും റഫറന്‍സ് പോയിന്റായി നിന്നത്. കാലാനുസൃതമായ മാറ്റങ്ങള്‍ സംഘട്ടനരംഗങ്ങളിലും വരണമെന്ന് ഞങ്ങള്‍ ഉറപ്പിച്ചിരുന്നു. പുതിയ കാലത്തിന്റെ പുതിയ സിനിമ എന്ന ഞങ്ങളുടെ ശ്രമവും പരിശ്രമവും ആണ് ഇന്ന് കാണുന്ന പോസിറ്റീവ് റിവ്യൂസ് എല്ലാം. മാസ്റ്റര്‍ വളരെ പ്രിസിഷനോടുകൂടി തന്റെ ക്രാഫ്റ്റിനെ കാണുന്ന വ്യക്തിയാണ്. ആ ഒരു കൃത്യതയും വ്യക്തതയും മാര്‍ക്കോയുടെ സംഘട്ടനരംഗങ്ങളുടെ വെല്ലുവിളികളെ നേരിടാന്‍ ഞങ്ങളെ പ്രാപ്തരാക്കി. ശാരീരികമായും മാനസികമായും കുറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നെങ്കിലും പ്രേക്ഷകര്‍ തരുന്ന സ്നേഹവും പ്രോത്സാഹനവുമൊക്കെ ഈ ഒരു ശ്രമത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.
കഥാപാത്രത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍
ഞാന്‍ നിരന്തരമായി വ്യായാമം ചെയ്യുകയും ശരിയായ ഭക്ഷണരീതികള്‍ പാലിക്കുകയും ചെയ്യുന്ന ഒരാളാണ്. മാര്‍ക്കോ ചെയുവാനായി പ്രത്യേക തയ്യാറെടുപ്പുകള്‍ ഒന്നും തന്നെ എടുത്തിരുന്നില്ല. മാര്‍ക്കോ ഒരു ആക്ഷന്‍ റിവഞ്ച് ഡ്രാമയാണ്. 2018 മുതല്‍ ഇന്നുവരെ മാര്‍ക്കോയ്ക്ക് വേണ്ടിയുള്ള മാനസികമായ തയ്യാറെടുപ്പുണ്ടായിരുന്നു.
പൂര്‍ണതയ്ക്ക് പിന്നിൽ വലിയൊരു ടീമുണ്ട്
തിരക്കഥ പൂര്‍ണതയിലേക്ക് എത്തുന്നത് അത് ചിത്രീകരിക്കുമ്പോഴാണ്. ഒരു രംഗം എങ്ങനെയായിരിക്കണം എന്നുള്ള വിവരണം മാത്രമാണ് ഒരു തിരക്കഥയില്‍ ഉണ്ടാവുക. തീര്‍ച്ചയായും ചിത്രീകരണത്തിന്റെ ഇടയില്‍ ഇംപ്രൊവൈസേഷനുകള്‍ ഉണ്ടാവാറുണ്ട്. മാര്‍ക്കോയിലെ വയലന്‍സ് പ്ലാന്‍ ചെയ്തതും അതിനെ പൂര്‍ണതയിലേക്ക് എത്തിച്ചതും കലൈ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു വലിയ ടീമിന്റെ അധ്വാനവും വേറിട്ട ആശയങ്ങളുമാണ്. എല്ലാ വേറിട്ട ചിന്തകളെയും പിന്തുണക്കുന്ന ഒരു മികച്ച പ്രൊഡക്ഷന്‍ ഹൗസിന്റെ സാന്നിധ്യം മാര്‍ക്കോയുടെ മുതല്‍ക്കൂട്ടാണ്.
മാർക്കോ എന്ന ചിത്രത്തിൽനിന്നുള്ള രംഗങ്ങൾ
മാര്ക്കോയ്ക്കുവേണ്ടി ചെയ്തതില്‍ ഏറ്റവും പ്രയാസപ്പെട്ട് ചെയ്ത ആക്ഷന്‍ രംഗം
മാര്‍കോ ആക്ഷനും വയലന്‍സ് രംഗങ്ങളുമുള്ള ഒരു ചിത്രമായതിനാല്‍ ഇതില്‍ ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ രംഗങ്ങള്‍ ഉണ്ടായിരുന്നു. ഈ ചിത്രത്തില്‍ പ്രയാസപ്പെട്ട് ചെയ്ത ആക്ഷന്‍ രംഗം തീര്‍ച്ചയായും സ്റ്റെയര്‍കേസിലെ സിംഗിള്‍ ഷോട്ടില്‍ ചിത്രീകരിച്ച രംഗം തന്നെയാണ്. ഫൈറ്റ് കൊറിയോഗ്രാഫേഴ്സിന്റെ സഹായത്തോടെ ഈ ചിത്രത്തിലെ ഒരുപാട് പ്രയാസപ്പെട്ട രംഗങ്ങള്‍ എനിക്ക് ഭംഗിയായി ചെയ്യാനായി സാധിച്ചത്.
നായ്ക്കളെ ഇഷ്ടമുള്ളൊരാള് നായുടെ വായ വലിച്ചുകീറുന്ന രംഗം ചെയ്തതെങ്ങനെ?
വ്യക്തിജീവിതത്തിലെ ഞാനും വെള്ളിത്തിരയിലെ ഞാനും തമ്മില്‍ ഒരുപാട് അന്തരം ഉണ്ട് . കഥാപാത്രം ആവശ്യപ്പെടുന്ന എല്ലാ രംഗങ്ങളും പൂര്‍ണ്ണമായ പ്രതിബദ്ധതയോടെ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ ഒരു പരിധി വരെ ഞങ്ങള്‍ വിജയിച്ചു എന്നാണ് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സില്‍ ആക്കാന്‍ ആവുന്നത്.
മാര്‍ക്കോ ഇറങ്ങിയപ്പോള്‍ ലഭിച്ച ഏറ്റവും വലിയ അഭിനന്ദനം.
അവിശ്വസനീമായ യാത്രയായിരുന്നു മാര്‍ക്കോയുടേത്. എല്ലാ ഭാഷകളില്‍ നിന്നും നിറഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചത്
മല്ലു സിംഗ്, മേപ്പടിയാന്, മാമാങ്കം, മാളികപ്പുറം, മാര്‍ക്കോ… ഉണ്ണി മുകുന്ദന്റെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളിലെല്ലാം മ എന്ന അക്ഷരത്തിന്റെ സാന്നിധ്യമുണ്ട്.
ഇക്കാര്യം ഇതുവരെ ശ്രദ്ധിച്ചിട്ടില്ല. മല്ലു സിംഗ്, മേപ്പടിയാന്, മാമാങ്കം, മാളികപ്പുറം, മാര്‍ക്കോ ഇവയെല്ലാം എനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിലുമെല്ലാം ഞാന്‍ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്.
മാര്‍ക്കോയുടെ വിജയം കൂടുതല്‍ ഉത്തരവാദിത്തബോധം ഉണ്ടാക്കുന്നുണ്ട്.
മാര്‍ക്കോ ഒരു ഡോമിനന്റ് ആക്ഷന്‍ ചിത്രമായി മാര്‍ക്കറ്റില്‍ കൊണ്ടുന്നപ്പോഴും ഞാന്‍ ഇതിനെ ഒരു കുടുംബചിത്രമായാണ് കണ്ടിരുന്നത്. ഏത് തരത്തിലുള്ള വയലന്‍സ് ചെയ്താലും അത് തന്റെ കുടുംബത്തിന് വേണ്ടിയാണ് മാര്‍ക്കോ ചെയ്തത്. ഒരുപക്ഷേ ഇനി മലയാള സിനിമയില്‍ ഈ ചിത്രത്തിനെക്കാള്‍ കൂടുതല്‍ വയലന്‍സ് ഉള്ള ചിത്രം വന്നേക്കാം. ഒരു അഭിനേതാവും നിര്‍മാതാവും എന്ന നിലയില്‍ മാര്‍ക്കോയുടെ വിജയം തീര്‍ച്ചയായും എന്നെ കൂടുതല്‍ ഉത്തരവാദിത്തബോധമുള്ളവനാക്കുന്നുണ്ട്. വേറിട്ട പാതകളില്‍ ചലിക്കുന്ന, പ്രേക്ഷകര്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന ജെനുവിനായ കഥകള്‍ എല്ലായ്പ്പോഴും വിജയം കണ്ടിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള കഥകള്‍ പ്രേക്ഷകര്‍ സ്വീകരിക്കും.
മാർക്കോ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ
ഷെരീഫ് മുഹമ്മദ് എന്ന നിര്‍മാതാവിന്റെ ആത്മാര്‍ത്ഥത.
വളരെ അച്ചടക്കമുള്ള, കമ്മിറ്റ്മെന്റ് ഉള്ള ഒരു നിര്‍മ്മാതാവാണ് ഷെരീഫ്. പ്രവര്ത്തനമേഖലയോടുള്ള തന്റെ ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും സുതാര്യതയും ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന ഗുണങ്ങളാണ്.
മാര്‍ക്കോയുടെ കൂടുതല്‍ ഭാഗങ്ങള്‍ പ്രതീക്ഷിക്കാമോ?
തീര്‍ച്ചയായും. ഇപ്പോള്‍ ഉള്ള ചില കമ്മിറ്റ്മെന്റ്സിന് ശേഷം അതിലേക്ക് ശ്രദ്ധ നല്‍കാം എന്നാണ് കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]