നടി ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രമായ റേച്ചലിന്റെ റിലീസ് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍. നിര്‍മ്മാതാവായ എന്‍.എം ബാദുഷയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഹണിറോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് സിനിമയുമായി ബന്ധമില്ലെന്നും ബാദുഷ വ്യക്തമാക്കി. നേരത്തെ ജനുവരി 10 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ രീതിയിലുള്ള പോസ്റ്ററുകളും പുറത്തുവന്നിരുന്നു.
സിനിമയുടെ ടെക്നിക്കല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും സെന്‍സറിങ്ങിന് സമര്‍പ്പിച്ചിട്ടില്ലെന്നും ബാദുഷ പറഞ്ഞു. സിനിമയുടെ ടെക്നിക്കല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായിട്ടില്ല. സെന്‍സറിങ് പൂര്‍ത്തിയായിട്ടില്ല. റിലീസിന് 15 ദിവസം മുന്‍പെങ്കിലും സെന്‍സറിങ്ങിന് സമര്‍പ്പിക്കണമെന്നാണ് നിയമം. ഹണി റോസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതാണ്. സിനിമയുടെ റിലീസുമായി അതിന് യാതൊരു ബന്ധവുമില്ല. സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും ബാദുഷ വ്യക്തമാക്കി.
ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങളും ദ്വയാര്‍ഥ പ്രയോഗങ്ങളും നടത്തിയതിന് വ്യവസായി ബോബി ചെമ്മണ്ണൂര്‍ അടക്കമുള്ളവര്‍ക്കെതിരെ ഹണി റോസ് പരാതി നല്കിയതും ബോബിയെ അറ്സ്റ്റ് ചെയ്തതുമെല്ലാം സിനിമയുടെ പബ്ലിസിറ്റിക്കാണെന്ന ആരോപണവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇതില്‍ വിശദീകരണവുമായി റേച്ചലിന്റെ നിര്‍മ്മാതാവ് രംഗത്തെത്തിയത്.
എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന റേച്ചല്‍ സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന് ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്, വന്ദിത മനോഹരന് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]