
പ്രഭാതത്തിന്റെ വെണ്മയും വിശുദ്ധിയും എല്ലാ പ്രൗഢിയോടെയും അനുഭവിപ്പിക്കാന്‍ ഒരു കൊച്ചു പുല്ലാങ്കുഴല്‍ നാദശകലത്തിന് കഴിയുമെങ്കില്‍ അതിലൊരു മാജിക് ഇല്ലേ? മലയാളത്തിലെ എക്കാലത്തെയും ഉദാത്തമായ പ്രഭാതഗീതങ്ങളിലൊന്നിന്റെ തുടക്കം ആ ഇന്ദ്രജാലത്തില്‍ നിന്നാണ്: ‘നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ…’
തടാകവും താഴ്വരകളും വെള്ളിച്ചാമരം വീശി നില്ക്കുന്ന മേഘങ്ങളും കടന്ന് എം.എസ്.വിയുടെ പ്രിയ ഫ്ളൂട്ടിസ്റ്റ് നഞ്ചപ്പയുടെ മുരളീനാദം ഊട്ടിയുടെ തണുപ്പില്‍ അലിഞ്ഞുചേരുമ്പോള്‍ ജ്യോതിര്‍മയിയായ ഉഷസ്സിനുള്ള ആശംസപോലെ അന്തരീക്ഷത്തില്‍ ജയചന്ദ്രന്റെ മന്ദ്രമധുരമായ ‘സുപ്രഭാതം’ വന്നു നിറയുന്നു. കോരിത്തരിപ്പിക്കുന്ന തുടക്കം. ഇന്നും ലോകത്തിന്റെ ഏതുകോണില്‍ ചെന്നാലും ജനിച്ച മണ്ണിലേക്ക്, അവിടെ ചെലവഴിച്ച ബാല്യകൗമാരങ്ങളിലേക്ക് ഞൊടിയിടയില്‍ തിരിച്ചുകൊണ്ടുപോകാറുണ്ട് മാന്ത്രികമായ ആ ഇന്‍ട്രോ. പാതിരാവിനെപ്പോലും പകലാക്കാന്‍ കഴിയുന്ന ജാലവിദ്യ.
പ്രഭാതഗീതങ്ങള്‍ നിരവധിയുണ്ട് നമ്മുടെ സിനിമാ ചരിത്രത്തില്‍. പ്രണയവികാരങ്ങളുമായി ചേര്‍ന്നു നില്ക്കുന്നവയാണ് ഏറെയും. പക്ഷേ ‘പണി തീരാത്ത വീട്’ എന്ന ചിത്രത്തിന് വേണ്ടി വയലാര്‍ കുറിച്ച ഈ ഗാനത്തില്‍ കവിയുടെ പ്രണയം പ്രകൃതിയോടാണ്. പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്ത പ്രപഞ്ചമന്ദിരമാകുന്ന നാലുകെട്ടിന്റെ പടിപ്പുരമുറ്റത്ത് സ്വന്തം മുറി കൂടി പണിയിച്ചോട്ടെ എന്ന് വിശ്വശില്പിയോട് വിനയപൂര്‍വം ചോദിക്കുന്ന ഒരു കവി. വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന വനസരോവരത്തോടുമുണ്ട് ഒരു പ്രാര്‍ഥന: ‘നിന്റെ നീലവാര്‍മുടിച്ചുരുളിന്റെയറ്റത്ത് ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടെ..’
സുപ്രഭാതം എന്ന വാക്കില്‍ പാട്ടു തുടങ്ങാമെന്നത് സംഗീത സംവിധായകന് എം.എസ്. വിശ്വനാഥന്റെ ആശയമായിരുന്നു. ‘ആദ്യ വരി ഹാര്‍മോണിയം വായിച്ചു എം.എസ്.വി പാടിക്കേള്പ്പിച്ചപ്പോഴേ പ്രഭാതത്തിന്റെ വിശുദ്ധമായ അന്തരീക്ഷം നിറഞ്ഞു ഞങ്ങളിരുന്ന മുറിയില്‍.’ പണി തീരാത്ത വീടിന്റെ സംവിധായകന് കെ.എസ്. സേതുമാധവന്റെ ഓര്‍മ്മ. ‘പടത്തിന്റെ ലൊക്കേഷന്‍ ഊട്ടി ആയതിനാല്‍ നീലഗിരിയുടെ പരാമര്‍ശം പാട്ടിലുണ്ടാവുന്നത് നന്നായിരിക്കുമെന്നേ ഞാന്‍ അഭിപ്രായപ്പെട്ടുള്ളൂ. നിമിഷങ്ങള്‍ക്കകം വയലാറിന്റെ തൂലികയില്‍നിന്ന് വരികള്‍ വാര്‍ന്നുവീഴുന്നു. അതും എത്ര ഉദാത്തമായ ഭാവന. നീലഗിരിയെ എത്ര ബുദ്ധിപൂര്‍വമാണ് പ്രപഞ്ചവുമായി അദ്ദേഹം കൂട്ടിയിണക്കുന്നത്. ദാര്‍ശനിക മാനങ്ങളുള്ള പാട്ടുകളെഴുതാന്‍ വയലാര്‍ കഴിഞ്ഞേ മറ്റാരുമുള്ളൂ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ച രചന…’
എം.എസ്.വിശ്വനാഥനുമായി മലയാളത്തില്‍ ആദ്യമൊന്നിക്കുകയായിരുന്നു പാറപ്പുറത്ത് കഥയും തിരക്കഥയുമെഴുതിയ ‘പണിതീരാത്ത വീടി’ലൂടെ സേതുമാധവന്. അതിനു മുന്‍പ് അദ്ദേഹം ഒരുക്കിയ ഭൂരിഭാഗം ചിത്രങ്ങളിലും പാട്ടൊരുക്കിയത് ദേവരാജന്‍. അതുകൊണ്ടു തന്നെ പാട്ടുകള്‍ ഒന്നും മോശമാകരുതെന്ന വാശിയുണ്ടായിരുന്നു എം.എസ്.വിക്ക്. മാത്രമല്ല, സേതുമാധവന് സിനിമകളിലെ നിറസാന്നിധ്യമായ ഗാനഗന്ധര്വന് യേശുദാസ് ഈ സിനിമയില്‍ ഗായകനായി ഇല്ല താനും. പക്ഷേ സുപ്രഭാതം എല്ലാവരുടേയും പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് പറന്നുയര്‍ന്നു. ജയചന്ദ്രന് ജീവിതത്തിലെ ആദ്യ സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു ആ പാട്ട്. പക്ഷേ അതിനേക്കാള്‍ ജയചന്ദ്രന് വിലമതിക്കുന്ന ബഹുമതി, പാട്ടുകേട്ട് ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞ വാക്കുകളാണ്: ‘നീ പാടിയവയില്‍ എനിക്കിഷ്ടപ്പെട്ട നല്ലൊരു പാട്ടാണ് സുപ്രഭാതം.’
വര്‍ഷങ്ങള്‍ക്ക് ശേഷം ജയേട്ടനൊപ്പം ചെന്നൈയിലെ എം.എസ്.വിയുടെ വീട്ടില്‍ സന്ദര്‍ശകനായി ചെന്നപ്പോള്‍ ‘സുപ്രഭാത’ത്തിന്റെ പിറവിയെ കുറിച്ചു ചോദിച്ചിട്ടുണ്ട് അദ്ദേഹത്തോട്. ‘ഓരോ പാട്ടിനും ഒരു തലക്കുറിയുണ്ട്. പാട്ട് ചിട്ടപ്പെടുത്തി റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞാല്‍ അതിനെ അതിന്റെ വിധിക്ക് വിടുകയാണ് എന്റെ ശൈലി. പിന്നെ അത് ജനങ്ങളുടെ സ്വത്താണ്. തള്ളാനും കൊള്ളാനുമുള്ള സ്വാതന്ത്ര്യമുണ്ട് അവര്‍ക്ക്.’ ഒരു നിമിഷം നിര്‍ത്തി മെല്ലിശൈ മന്നന് കൂട്ടിച്ചേര്‍ത്തു: ‘ഭാഗ്യവശാല്‍ സുപ്രഭാതം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു. വരികളും ഈണവും എത്ര ഗംഭീരമായിട്ടും കാര്യമില്ല. അത് പാടാന്‍ നല്ലൊരു തൊണ്ടകൂടി വേണം. ജയന്റെ ശബ്ദമാണ് ആ പാട്ടിന്റെ സൗഭാഗ്യം എന്ന് വിശ്വസിക്കുന്നു ഞാന്‍..’
മോഹിപ്പിക്കുന്ന സൗന്ദര്യത്തോടെ മെല്ലി ഇറാനിയുടെ ക്യാമറ ഫ്രെയിമില്‍ നിത്യഹരിത നായകന് ജ്വലിച്ചുനില്ക്കുന്ന ഗാനരംഗങ്ങളിലൊന്നാണത്. ചരണത്തിലെ ‘പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്തൊരു പ്രപഞ്ച മന്ദിരമേ’ എന്ന വരി പടികൊണ്ടാണ് നസീറിന്റെ രംഗപ്രവേശം. നസീര്‍ സാര്‍ തന്നെ പങ്കുവെച്ച രസകരമായ ഒരോര്മ്മയില്ലാതെ ‘സുപ്രഭാത’ത്തിന്റെ ചിത്രീകരണകഥ പൂര്‍ണ്ണമാവില്ല. ‘ഊട്ടിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ആ ഗാനരംഗത്തില്‍ എന്റെ അഭിനയത്തെ പലരും പ്രശംസിച്ചു പറഞ്ഞിട്ടുണ്ട്. പക്ഷെ സത്യം ആര്‍ക്കെങ്കിലും അറിയുമോ? കുത്തിത്തുളയ്ക്കുന്ന തണുപ്പില്‍ വിറങ്ങലിച്ചു കൊണ്ട് അഭിനയിച്ചു തീര്‍ത്ത രംഗം ആണത്.”നസീറിന്റെ വാക്കുകള്‍.
ആ അനുഭവം പ്രേംനസീര്‍ വിവരിച്ചതിങ്ങനെ: ‘ഊട്ടിയിലെ തണുപ്പില്‍നിന്നു രക്ഷ നേടാന്‍ രണ്ടു സ്വെറ്ററും അണിഞ്ഞു കട്ടിയുള്ള കമ്പിളികൊണ്ട് മൂടിപ്പുതച്ചു കിടന്ന എന്നെ ഒരുനാള്‍ പുലര്‍ച്ചെ നാല് മണിക്ക് മേയ്ക്കപ്പ്മാന് മൂര്‍ത്തി വന്നു വിളിച്ചുണര്‍ത്തുന്നു. സൂര്യന് ഉദിക്കും മുന്‍പ് ഷൂട്ടിങ് തുടങ്ങണമെന്ന് സംവിധായകന് സേതുമാധവന് സാര്‍ പറഞ്ഞയച്ചിരിക്കയാണ്. എനിക്കാണെങ്കില്‍ തണുപ്പ് കൊണ്ട് കീഴ്ത്താടി വിറയ്ക്കുന്നു. സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. പക്ഷെ, സുപ്രഭാതം എന്ന പാട്ടുപാടി ഉദയസൂര്യനോപ്പം ഞാന്‍ ഫ്രെയിമിലേക്ക് വന്നെ പറ്റൂ. ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ആറ് മണി. അവിടെ സേതു സാറും ക്യാമറമാന് മെല്ലി ഇറാനിയും കാത്തിരിക്കുകയാണ്. ചെന്നയുടന്‍ മെല്ലി പറഞ്ഞു; നസീര്‍ സാര്‍, സൂര്യന് ഇപ്പൊ ഉദിക്കും. ഈ വെളിച്ചത്തിലാണ് ഷൂട്ട് ചെയ്യേണ്ടത്. കുന്നിന് മുകളിലേക്ക് നടന്നു കയറിക്കൊള്ളൂ. ഞാന്‍ സിഗ്നല്‍ തന്നാല്‍ ആകാശത്തിനു നേരെ വലതുകൈ ചൂണ്ടി സുപ്രഭാതം എന്ന് പാടണം. പിന്നെ കൈ താഴ്ത്തിയാലും കുഴപ്പമില്ല.”
സേതുമാധവന് ആക്ഷന്‍ പറഞ്ഞു. ആര്‍ക്ക് ലൈറ്റുകള്‍ ഓണായി. സ്വെറ്ററിന് മുകളില്‍ കറുത്ത ഓവര്‍കോട്ട് ധരിച്ച് കൈകള്‍ മാറില്‍ പിണച്ചുകെട്ടി നസീര്‍ ഷോട്ടിന് സജ്ജനായി നിന്നു. പക്ഷെ ഒരു കുഴപ്പം. എത്ര ശ്രമിച്ചിട്ടും കക്ഷത്ത് നിന്നു കൈയെടുക്കാന്‍ പറ്റുന്നില്ല. തണുത്തു മരവിച്ചിരിക്കുന്നു അവ. മെല്ലി ഇറാനിക്കായിരുന്നു കടുത്ത നിരാശ. നല്ലൊരു ഷോട്ടല്ലേ നഷ്ടമാകാന്‍ പോകുന്നത്. ‘ഉദിച്ചുയരുന്ന സൂര്യന് നേരെ കൈചൂണ്ടി എനിക്ക് പാട്ട് തുടങ്ങാന്‍ നിവൃത്തിയില്ലെന്ന് വന്നതോടെ സേതു സാര്‍ പ്ലാന്‍ മാറ്റി. പാട്ടിന്റെ പല്ലവി കഴിഞ്ഞശേഷം ഞാന്‍ രംഗത്ത് പ്രത്യക്ഷപ്പെട്ടാല്‍ മതി എന്നായി. എന്റെ ഷോട്ട് എത്തുമ്പോഴേക്കും വെയിലിനു കുറച്ച് കൂടി ശക്തി വന്നിരുന്നു. എന്നിട്ടും ശരീരത്തില്‍നിന്നു തണുപ്പ് വിട്ടൊഴിയുന്നില്ല. അല്പം കൂടി കഴിഞ്ഞു മതി ആകാശത്തെക്കുള്ള വിരല്‍ ചൂണ്ടല്‍ എന്നായി ഞാന്‍. മനസ്സില്ലാമനസ്സോടെ ആണെങ്കിലും സംവിധായകനും ക്യാമറാമാനും ഒടുവില്‍ വഴങ്ങി. അങ്ങനെ ഇടയ്ക്ക് കൈ പിന്നില്‍ കെട്ടിയും ഇടയ്ക്ക് പോക്കറ്റില്‍ തിരുകിയും എങ്ങനെയൊക്കെയോ ഞാന്‍ ആ രംഗം അഭിനയിച്ചു തീര്‍ത്തു. അല്പം പ്രയാസപ്പെട്ടാണെങ്കിലും ഒന്ന് രണ്ടു തവണ പെട്ടെന്ന് കൈ ഉയര്‍ത്തി താഴ്ത്തുകയും ചെയ്തു. കീഴ്ത്താടിയുടെ വിറയല്‍ ആയിരുന്നു മറ്റൊരു പ്രശ്നം. ജയചന്ദ്രന് അതീവഹൃദ്യമായി ആലപിച്ച വരികള്‍ ഞാന്‍ വികലമായി പാടുന്ന പോലെ തോന്നരുതല്ലോ. അന്നത്തെ ഷൂട്ടിംഗ് തീര്‍ന്നപ്പോള്‍ ഒരു യുദ്ധം ജയിച്ചുവന്ന പ്രതീതിയായിരുന്നു എനിക്ക്. ഗാനരംഗത്തിലെ എന്റെ അഭിനയത്തെ പുകഴ്ത്തുന്നവര്‍ ഇത് വല്ലതും അറിയുന്നുണ്ടാകുമോ?”നസീര്‍ പൊട്ടിച്ചിരിക്കുന്നു.
‘പണി തീരാത്ത വീടി’ലെ ആ മനോഹര ഗാനരംഗം കാണുമ്പോഴെല്ലാം നസീറിന്റെ വാക്കുകള്‍ ഓര്‍ക്കാറുണ്ട്. ‘ഭയപ്പെട്ട പോലെ എന്റെ അഭിനയം സിനിമയില്‍ അത്ര അരോചകമായി തോന്നിയില്ല എന്നതാണ് സത്യം. നന്ദി പറയേണ്ടത് സംവിധായകന് സേതു സാറിനോടാണ്. വേണമെങ്കില്‍ അദ്ദേഹത്തിന് വാശിയോടെ തന്റെ നിലപാടില്‍ ഉറച്ചു നില്ക്കാമായിരുന്നു. പക്ഷെ അതല്ല സേതു സാറിന്റെ ശൈലി. പരിമിതികള്‍ക്കുള്ളില്‍നിന്നു തന്നെ അഭിനേതാവിനു പരമാവധി സ്വാതന്ത്ര്യം അനുവദിക്കാനുള്ള മനസ്സ് അദ്ദേഹത്തിനുണ്ട്.”
ആ സ്വാതന്ത്ര്യം ഒരിക്കലും ദുരുപയോഗം ചെയ്തില്ല എന്നതാണ് നസീറിനെ എക്കാലവും സംവിധായകരുടെ പ്രിയതാരമായി നിലനിര്‍ത്തിയതെന്ന് സേതുമാധവന്. ‘അടിമുടി പ്രൊഫഷണലായിരുന്നു പ്രേംനസീര്‍. പ്രതികൂല സാഹചര്യങ്ങളുമായി പോലും പൊരുത്തപ്പെട്ടു പോകുന്ന സ്വഭാവം. ഗാനരംഗങ്ങള്‍ തന്മയത്വത്തോടെ അഭിനയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് ആ രംഗങ്ങള്‍ ടി.വിയില്‍ കാണുമ്പോഴും പാടിയത് നസീര്‍ തന്നെ ആണെന്നെ തോന്നൂ.”
യേശുദാസാണ് പ്രേംനസീറിന്റെ ബഹുഭൂരിഭാഗം ഗാനങ്ങള്‍ക്കൊത്ത് വെള്ളിത്തിരയില്‍ ചുണ്ടനക്കിയതെങ്കിലും ജയചന്ദ്രനുമായുള്ള കൂട്ടുകെട്ടിലും പിറന്നിട്ടുണ്ട് കാലാതിവര്‍ത്തിയായ പാട്ടുകള്‍. സിനിമാ ജീവിതത്തില്‍ വഴിത്തിരിവായി മാറിയ ‘കളിത്തോഴ’നിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനത്തില്‍നിന്ന് തുടങ്ങുന്നു നസീര്‍-ജയചന്ദ്രന് ടീമിന്റെ ജൈത്രയാത്ര. നിന് മണിയറയിലെ (സി.ഐ.ഡി നസീര്‍), നുണക്കുഴിക്കവിളില്‍ (താര), സ്വപ്നലേഖേ (അങ്കത്തട്ട്), റംസാനിലെ ചന്ദ്രികയോ (ആലിബാബയും 41 കള്ളന്മാരും) തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു, പഞ്ചവടിയിലെ മായാസീതയോ (ലങ്കാദഹനം), അറബിക്കടലിളകി വരുന്നു, മലരമ്പനെഴുതിയ മലയാള കവിതേ (മന്ത്രകോടി), രാജീവനയനേ നീയുറങ്ങൂ (ചന്ദ്രകാന്തം), ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു, അശ്വതി നക്ഷത്രമേ (ശാസ്ത്രം ജയിച്ചു മനുഷ്യന് തോറ്റു), കാറ്റുമൊഴുക്കും കിഴക്കോട്ട് (പണി തീരാത്ത വീട്), ഹര്‍ഷബാഷ്പം തൂകി (മുത്തശ്ശി), സന്ധ്യക്കെന്തിനു സിന്ദൂരം(മായ), മരുഭൂമിയില്‍ മലര് വിരിയുകയോ (ഭാര്യമാര്‍ സൂക്ഷിക്കുക), യദുകുലരതിദേവനെവിടെ(റസ്റ്റ് ഹൗസ്), മലരമ്പനറിഞ്ഞില്ല(രക്തപുഷ്പം), കരിമുകില്‍ കാട്ടിലെ (കള്ളിച്ചെല്ലമ്മ), മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം(മിസ് മേരി) നസീര്‍ പാട്ടിനൊത്ത് ചുണ്ടനക്കിയും അല്ലാതെയും പ്രത്യക്ഷപ്പെട്ട ഈ ഗാനരംഗങ്ങളിലെല്ലാമുണ്ട് ഭാവഗായകന്റെ ശബ്ദസാന്നിധ്യം.
1985-ലെ മികച്ച പിന്നണി ഗായകനുള്ള ദേശീയ അവാര്‍ഡ് ശ്രീനാരായണഗുരു എന്ന ചിത്രത്തിലെ ശിവശങ്കര ശര്വ ശരണ്യവിഭോ എന്ന ഗുരുദേവകൃതിയുടെ പേരില്‍ ജയചന്ദ്രന് ലഭിച്ചപ്പോള്‍ വിധിനിയോഗമെന്നോണം പ്രേംനസീറായിരുന്നു ജൂറി അധ്യക്ഷന്‍. അവാര്‍ഡ് നിര്‍ണ്ണയത്തിന് നന്ദി പറയാനൊരുങ്ങിയ ഗായകനോട് നസീര്‍ പറഞ്ഞു: ‘എന്തിന്? നിങ്ങള്‍ നന്നായി പാടിയതുകൊണ്ടാണ് അവാര്‍ഡ് ലഭിച്ചത്. മുന്‍പേ കിട്ടേണ്ടതായിരുന്നു. വൈകിയെങ്കിലും ഇത്തവണ നിങ്ങള്‍ക്ക് അത് ലഭിക്കാന്‍ ഞാനൊരു നിമിത്തമായി എന്നത് സന്തോഷമുള്ള കാര്യം.’
ചലച്ചിത്ര ഗാനവുമായുള്ള മലയാളിയുടെ ഹൃദയബന്ധം ജയചന്ദ്രനെ പോലെ തൊട്ടറിഞ്ഞവര്‍ അപൂര്‍വം. തലമുറകളേ മാറുന്നുള്ളൂ. സദസ്സിന്റെ മനഃശാസ്ത്രം അന്നും ഇന്നും ഒരുപോലെ. ആലാപനത്തിലെ ചില്ലറ പിഴവുകള്‍ പോലും സഹിക്കില്ല മലയാളികള്‍. ‘ഒരു ഗാനമേളക്കിടെ സുപ്രഭാതത്തിന്റെ അവസാന ഭാഗത്ത് നിന്റെ നീല വാര്‍മുടി ചുരുളിന്റെയറ്റത്ത് ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടേ എന്നതിന് പകരം ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ എന്ന് പാടിപ്പോയി. അറിയാതെ പറ്റിയ അബദ്ധം. പാടിക്കഴിഞ്ഞ് ബാക്ക് സ്റ്റേജില്‍ വന്നപ്പോള്‍ ഒരു അപരിചിതന് അവിടെ ക്ഷുഭിതനായി കാത്തുനില്ക്കുന്നു-തലയിലെങ്ങനാ സാറേ മുറി പണിയണത്, ആ വിദ്യയൊന്ന് കാണിച്ചുതരാമോ എന്ന ചോദ്യത്തോടെ. തെറ്റിപ്പോയി, ക്ഷമിക്കണമെന്ന് പറഞ്ഞുനോക്കിയെങ്കിലും അയാള്‍ വിടാനുള്ള ഭാവമില്ല. ഒടുവില്‍ ഭാരവാഹികള്‍ വന്ന് ബലം പ്രയോഗിച്ചു പുറത്തുകൊണ്ടുപോകേണ്ടി വന്നു അയാളെ. ക്ഷുഭിതനായ ആരാധകനെ കുറ്റപ്പെടുത്തുന്നില്ല ജയചന്ദ്രന്. ‘ഗാനത്തോടുള്ള അകമഴിഞ്ഞ സ്നേഹമാണല്ലോ അയാളെ കോപാകുലനാക്കിയത്. അത്തരക്കാരാണ് യഥാര്‍ഥ സംഗീതാസ്വാദകര്‍.’
പ്രഭാതവിശുദ്ധി നിറഞ്ഞ ഇഷ്ടഗാനങ്ങളുടെ കൂട്ടത്തില്‍ ‘ഗുരുവായൂര്‍ കേശവ’നിലെ ഉഷാകിരണങ്ങള്‍ പുല്കി പുല്കി, ‘അനാവരണ’ത്തിലെ സരസ്വതീയാമം കഴിഞ്ഞു എന്നിവക്കൊപ്പമാണ് സുപ്രഭാതത്തിന്റെ സ്ഥാനം. ആദ്യത്തേത് ഭാസ്കരന് മാസ്റ്ററുടെയും രണ്ടാമത്തേത് വയലാറിന്റെയും രചന. രണ്ടിന്റെയും സംഗീതശില്പി ഒരാള്‍ തന്നെ: ദേവരാജന്‍. പകലിന് മാറില്‍ ദിനകരകരങ്ങള്‍ പവിഴമാലികകള്‍ അണിയുകയാണ് ഭാസ്കരഗീതത്തില്. വയലാറിന്റെ രചനയിലാകട്ടെ വെണ്‍കൊറ്റക്കുട ചൂടുന്ന മലയുടെ മടിയില്‍ വെളിച്ചം ചിറകടിച്ചുയരുന്നു. ബിച്ചു തിരുമല-ദേവരാജന്‍ ടീമിന്റെ ‘യാമശംഖൊലി വാനിലുയര്‍ന്നു സോമശേഖര ബിംബമുണര്‍ന്നു’ എന്ന പാട്ടിനോടുമുണ്ട് ഏതാണ്ടതേ സ്നേഹം.’നിറുകയില്‍ തൊഴുകൈ താഴികക്കുടമേന്തി ധ്യാനിച്ചു നില്ക്കുന്ന’ ആ ദേവാലയത്തിന്റെ ചിത്രം എത്ര ദീപ്തം.
‘പണിതീരാത്ത വീട്’ പുറത്തിറങ്ങിയതിന്റെ പിറ്റേവര്‍ഷം, 1974-ലാണ് ആദ്യമായി ഊട്ടിയില്‍ ചെന്നത്. അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഒരു വിനോദയാത്ര. വയനാട്ടിലെ ഞങ്ങളുടെ കൊച്ചു ഗ്രാമത്തില്‍നിന്ന് ബസ്സില്‍ ഊട്ടിയില്‍ ചെന്നിറങ്ങിയപ്പോള്‍ അന്നത്തെ ആറാം ക്ലാസുകാരന്റെ കാതില്‍ ആദ്യം മുഴങ്ങിയത് ‘സുപ്രഭാത’ത്തിന്റെ ശീലുകള്‍. എട്ടോ പത്തോ തവണ നീലഗിരിയുടെ ‘സഖി’യെ തേടിയെത്തിയിട്ടുണ്ടാകും പിന്നെ. ഏറ്റവുമൊടുവില്‍ ചെന്നത് രണ്ടുവര്‍ഷം മുന്‍പാണ്. അന്നും തണുത്തുറഞ്ഞ ഊട്ടിയുടെ മണ്ണില്‍ കാല് കുത്തിയപ്പോള്‍ കാതുകളില്‍ ജയചന്ദ്രന്റെ ഭാവദീപ്തമായ നാദം ഒഴുകിനിറയുന്നു: ‘നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ, ജ്യോതിര്‍മയിയാം ഉഷസ്സിന് വെള്ളിച്ചാമരം വീശും മേഘങ്ങളേ സുപ്രഭാതം, സുപ്രഭാതം, സുപ്രഭാതം…..’
ഇല്ല. ഈ ശബ്ദത്തില്‍ നിന്ന്, ഈ നാദത്തില്‍ നിന്ന്, ഈ വരികളില്‍ നിന്ന് ഒരിക്കലും അടര്‍ത്തിമാറ്റാനാവില്ല എന്റെ മനസ്സിലെ ഊട്ടിയെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]