കോഴിക്കോട് : ”വാക്കുകളെ വെണ്ണക്കല്ലുകളാക്കുന്ന അപൂര്‍വ ആലാപനം” -ഭാവഗായകന് ജയചന്ദ്രന്റെ പാട്ടുകളെ അങ്ങനെയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി വിശേഷിപ്പിക്കുന്നത്.
”വളരെ ലളിതമായ, നിലംതൊടുന്ന എന്നു വിശേഷിപ്പിക്കാവുന്ന പാട്ടുകളെ ഭാവതീവ്രമായ ആലാപനത്തിലൂടെ വല്ലാത്തൊരു അനുഭൂതിയിലേക്ക് എത്തിക്കുന്ന പ്രതിഭ. അതാണ് എനിക്ക് ജയേട്ടന്…” -ആര്‍ദ്രമായ ശബ്ദത്തില്‍ കൈതപ്രം പറയുന്നു. ”ഞാനെഴുതി എന്റെ അന്തരിച്ച സഹോദരന് കൈതപ്രം വിശ്വനാഥന് ഈണമിട്ട ‘തിളക്കം’ എന്ന ചിത്രത്തിലെ നീയൊരു പുഴയായ് തഴുകുമ്പോള്‍… എന്ന ഗാനം ഒരു ഉദാഹരണം മാത്രം. സാധാരണ വാക്കുകള്‍ മാത്രമാണ് ഞാനതില്‍ ഉപയോഗിച്ചത്. പക്ഷേ, ജയേട്ടന് ലയിച്ച് പാടിയപ്പോള്‍ ആ വാക്കുകള്‍ വെണ്ണക്കല്ലുകളായി, ഭാവസാന്ദ്രമായി. 2003-ല്‍ ജയേട്ടന് മികച്ചഗായകനുള്ള സംസ്ഥാനപുരസ്കാരവും ഈ ഗാനം നേടിക്കൊടുത്തു. തമ്മില്‍ കാണുമ്പോഴൊക്കെ ഈ കാര്യം ജയേട്ടന് അയവിറക്കാറുണ്ട്. എന്റെ 15-ഓളം ഗാനങ്ങള്‍ അദ്ദേഹം അലപിച്ചിട്ടുണ്ട്…”
ജയചന്ദ്രന് കൈതപ്രം തിരുമേനിയാണ്. കൈതപ്രത്തിന് ജയചന്ദ്രന് ജയേട്ടനും. അപൂര്‍വാസരങ്ങളില്‍ അദ്ദേഹം കൈതപ്രം എന്നും വിളിക്കും.
”എല്ലാ ദിവസവും ഫോണില്‍ സംസാരിക്കുന്ന അടുത്ത ബന്ധമൊന്നുമില്ലെങ്കിലും ഇതുവരെ ഒരിക്കല്‍പ്പോലും തമ്മില്‍ പിണങ്ങിയിട്ടില്ല…” -കൈതപ്രം ഓര്‍ക്കുന്നു.
തമ്മില്‍ കാണുമ്പോള്‍ മുഖ്യസംസാരവിഷയം സംഗീതമായിരിക്കും. നല്ല രസികനും സംഭാഷണപ്രിയനുമായിരുന്നു ജയേട്ടന്. ഒന്നിച്ചുനടത്തിയ ചില യാത്രകള്‍ ഇപ്പോഴും മനസ്സിലുണ്ട്. 15 വര്‍ഷം മുന്‍പാണെന്നാണ് ഓര്‍മ്മ. പയ്യന്നൂരിലെ സംഗീതസഹൃദയനായ സ്വാമി കൃഷ്ണാനന്ദ ഭാരതിയെ കാണാന്‍ ഞങ്ങള്‍ ഒന്നിച്ചാണ് പോയത്. യാത്ര രസകരമായിരുന്നു. തമാശപറഞ്ഞ് സംഗീതത്തെ വിലയിരുത്തിയൊരു യാത്ര. നല്ലൊരു മൃദംഗവാദകന്കൂടിയായ ജയേട്ടന്റെ താളബോധത്തെയും സംഗീതാവബോധത്തെയുംകുറിച്ച് ആഴത്തിലറിഞ്ഞത് ഈ യാത്രയിലാണ്. ”ഞാന്‍ ആരംഭിച്ച കോഴിക്കോട് തിരുവണ്ണൂരിലെ സ്വാതി കലാകേന്ദ്രത്തില്‍ സംഗീതചികിത്സ തുടങ്ങുന്നകാര്യം ചര്‍ച്ചചെയ്യുന്നതുമായി ബന്ധപ്പെട്ട് ബാലമുരളീകൃഷ്ണയെ കാണാന്‍ ചെന്നൈയിലേക്ക് പോയതാണ് ഓര്‍മ്മയിലുള്ള മറ്റൊരു യാത്ര. കാല്‍നൂറ്റാണ്ടു മുന്‍പാണത്. പതിവുപോലെ വെടിവെട്ടവും തമാശയുമൊക്കെയായി നല്ലൊരു യാത്ര… ജയചന്ദ്രന്റെ ഗുരുവാണ് ബാലമുരളീകൃഷ്ണ. അതുകൊണ്ടുതന്നെ അദ്ദേഹത്തിനൊപ്പം ഇരിക്കാതെ നിലത്താണ് ജയേട്ടന് ഇരുന്നത്. വിനയത്തിന്റെ, ഗുരുഭക്തിയുടെ ആള്‍രൂപമായ ഭാവഗായകനെയായിരുന്നു ഞാനവിടെക്കണ്ടത്…” -കൈതപ്രം ഓര്‍ക്കുന്നു.
തമിഴില്‍ അനേകം ആരാധകരുള്ള ഗായകനാണ് ജയചന്ദ്രനെന്ന് കൈതപ്രം പറയുന്നു. നാലു സംസ്ഥാന പുരസ്കാരങ്ങള്‍ തമിഴ് ഗാനങ്ങളിലൂടെ അദ്ദേഹം നേടി. വല്ലാത്തൊരു ഭംഗിയുണ്ട് അദ്ദേഹത്തിന്റെ തമിഴ് ഉച്ചാരണത്തിനെന്നു തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഹിറ്റുഗാനങ്ങളടങ്ങിയ ‘വൈദേഹി കാത്തിരുന്താള്‍’ എന്ന ചിത്രത്തിലെ രാസാത്തി ഉന്നെ… എന്ന ഗാനത്തെക്കുറിച്ച് ഇളയരാജ എന്നോട് ഒരിക്കല്‍ നേരിട്ടുപറഞ്ഞ ഒരു കാര്യമുണ്ട്. തമിഴ്നാട്ടിലെ തേനിയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ ഒരാന സ്ഥിരമായി വരാറുണ്ടെന്നും രാസാത്തി ഉന്നെ എന്ന ഗാനം കേട്ടുകഴിഞ്ഞാല്‍ തുമ്പിക്കൈ ഉയര്‍ത്തി തിരിച്ചുപോകാറുണ്ടെന്നുമാണ് രാജാസാര്‍ പറഞ്ഞ്ത്…”
ജയേട്ടന് ഒരുതവണ തിരുവണ്ണൂരിലെ വീട്ടില്‍ വന്നതായി കൈതപ്രം ഓര്‍ത്തെടുത്തു. എന്നാല്‍, അദ്ദേഹത്തിന്റെ തറവാടായ പാലിയത്തെ പല ഉന്നതരുമായി ഉറ്റബന്ധമുള്ള തനിക്ക് ഇതുവരെ തൃശ്ശൂരിലെ വീട്ടില്‍ പോകാനായിട്ടില്ല. പലതവണ അതിന് മുതിര്‍ന്നതാണെങ്കിലും തിരക്കുകാരണം നടന്നില്ല. ”അത് എന്റെ തെറ്റുതന്നെയാണ്. ഇനിയൊരിക്കലും അത്തരമൊരു കാര്യത്തിന് തൃശ്ശൂരില്‍ പോകാനാകില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ നഷ്ടബോധം…” -കൈതപ്രത്തിന്റെ വാക്കുകളില്‍ വിഷാദത്തിന്റെ പുഴയൊഴുകുന്നു.
ഗായകന് ജയചന്ദ്രനുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തിന്റെ ഓര്‍മ്മകളില്‍ കൈതപ്രം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]