തിരുവനന്തപുരം: സ്വന്തം കുടുംബത്തിൽനിന്ന് ലഭിച്ച അംഗീകാരമെന്നനിലയിൽ സംതൃപ്തിയും സന്തോഷവുമുണ്ടെന്ന് ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചതിൽ ഷാജി എൻ. കരുൺ പ്രതികരിച്ചു. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടപ്പോൾ സംസ്ഥാനസർക്കാരിൽനിന്ന് അംഗീകാരം ലഭിച്ചില്ലെന്ന വിഷമം ഇപ്പോൾ മാറി -അദ്ദേഹം പറഞ്ഞു.
സംവിധായകൻ ടി.വി. ചന്ദ്രൻ ചെയർമാനും, ഗായിക കെ.എസ്. ചിത്ര, നടൻ വിജയരാഘവൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്. ദേശീയ-അന്തർദേശീയ തലങ്ങളിൽ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എൻ. കരുൺ എന്ന് ജൂറി വിലയിരുത്തിയതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. നാല്പതോളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അദ്ദേഹം ജി. അരവിന്ദന്റെ ക്യാമറാമാൻ എന്നനിലയിൽ മലയാളത്തിലെ നവതരംഗസിനിമയ്ക്ക് സർഗാത്മകമായ ഊർജംപകർന്നതായി ജൂറി വിലയിരുത്തി.
എഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും 31 പുരസ്കാരങ്ങൾ നേടുകയുംചെയ്ത ‘പിറവി’, കാൻ ചലച്ചിത്രമേളയിൽ പാംദോറിന് നാമനിർദേശംചെയ്യപ്പെട്ട ‘സ്വം’, കാനിൽ ഔദ്യോഗികവിഭാഗത്തിൽ പ്രദർശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തർദേശീയതലത്തിൽ മലയാളസിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങൾ നേടിത്തരാനായി. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി. കലാസാംസ്കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്’, പത്മശ്രീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
1952-ൽ കൊല്ലം ജില്ലയിൽ ജനിച്ച ഷാജി എൻ. കരുൺ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദവും 1974-ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമയും നേടി. 1975-ൽ കേരള സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷന്റെ രൂപവത്കരണവേളയിൽ ആസൂത്രണത്തിൽ മുഖ്യപങ്കുവഹിച്ചു. 1998-ൽ രൂപംകൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനായിരുന്നു. നിലവിൽ കെ.എസ്.എഫ്.ഡി.സി. ചെയർമാനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]