കാറിന്റെ ഡോര്‍ തുറന്നുപിടിച്ച് തലതാഴ്ത്തി അകത്തേക്ക് നോക്കി പോലീസുകാരന്റെ ചോദ്യം: ‘അറിയില്ലേ ചേട്ടാ എന്നെ? ഷിജുവാണ്.’
അത്ഭുതം തോന്നി. തൊട്ടു മുന്‍പ് കാര്‍ കൈകാട്ടി നിര്‍ത്തി ‘എവിടേക്കാ ഇത്ര തിടുക്കത്തില്‍? വായുഗുളിക വാങ്ങാനുണ്ടോ?’ എന്ന് അതിരൂക്ഷമായി ചോദിച്ച് ഡ്രൈവറെ വിരട്ടിയ ആളാണ്. പാതിരാത്രിക്ക് ഓവര്‍സ്പീഡില്‍ കാറോടിച്ചുപോകുന്നവനോട് ആരും ചോദിച്ചു പോകാവുന്ന ചോദ്യം. അതേ വ്യക്തിയാണ് ഞൊടിയിടയില്‍ വിനയത്തിന്റെ ആള്‍രൂപമായി മാറി മുന്നില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്നത്.
ഷിജു. എങ്ങോ കേട്ടു മറന്ന പേര്. എവിടെയാകാം ഈ നിയമപാലകനെ കണ്ടുമുട്ടിയിരിക്കുക — ഫേസ്ബുക്കിലോ, അതോ ഏതെങ്കിലും ചടങ്ങിലോ? പോലീസ് സ്റ്റേഷനില്‍ കയറേണ്ടി വന്നിട്ടില്ലാത്തതിനാല്‍ അവിടെ വെച്ചാകാന്‍ വഴിയില്ല.
പരിചിതമല്ലാത്ത ആ മുഖത്തിനു വേണ്ടി ഓര്‍മ്മയില്‍ പരതവേ കാറിന്റെ ബോണറ്റില്‍ കയ്യൂന്നിനിന്ന് പോലീസുകാരന് പാടുന്നു: ‘ജീവന് സേ ഭരീ തേരി ആംഖേം മജ്ബൂര് കരേ ജീനേ കേലിയേ….’ ഏറെ പ്രിയപ്പെട്ട ഒരു കിഷോര്‍ കുമാര്‍ ഗാനം. നിലാവും പാതിരാക്കാറ്റും നക്ഷത്രാങ്കിതമായ ആകാശവും ചേര്‍ന്ന് ഷിജുവിന്റെ ഭാവാര്‍ദ്രമായ ആലാപനത്തിന് അനുയോജ്യമായ അന്തരീക്ഷം തീര്‍ത്ത പോലെ…..
എവിടെയോ കേട്ടിട്ടില്ലേ ഈ ശബ്ദം? പല്ലവി കടന്ന് പാട്ട് ‘സാഗര്‍ ഭി തരസ്തേ രഹത്തേ ഹേ തേരേ രൂപ് കാ രസ് പീനേ കേലിയേ’ എന്ന രണ്ടാം വരിയിലെത്തിയപ്പോഴാണ് പൊടുന്നനെ ഓര്‍മ്മയുടെ അറകള്‍ തുറന്നത്.
ഈശ്വരാ.. രാത്രികളില്‍ ഫോണ്‍ വിളിച്ച് ലോലമായ ശബ്ദത്തില്‍ കിഷോറിന്റെ അപൂര്‍വ്വസുന്ദര ഗാനങ്ങള്‍ പാടിക്കേള്‍പ്പിക്കാറുള്ള ഷിജുവല്ലേ ഇത്? വാഗമണ്കാരന്. പക്ഷേ ഈ പോലീസ് വേഷം?
അവസാനം വിളിച്ചത് നാലോ അഞ്ചോ വര്‍ഷം മുന്‍പാകണം. അന്ന് നാട്ടിലൊരു കമ്പ്യൂട്ടര്‍ സെന്ററില്‍ ജോലിയായിരുന്നു ഷിജുവിന് എന്നാണ് ഓര്‍മ്മ. ‘മൂലധന’ത്തിലെ കെ പി ഉമ്മറിന്റെ കഥാപാത്രത്തെപ്പോലെ ‘ഞാനൊരു വികാരജീവിയാണ്, എന്നെ വേദനിപ്പിക്കരുതേ’ എന്ന് കൂടെക്കൂടെ പറയുകയും ചില പാട്ടുകള്‍ പാടുമ്പോള്‍ അറിയാതെ വിതുമ്പിപ്പോകുകയും ചെയ്യാറുള്ള പാവം ഷിജു എങ്ങനെ പോലീസ് വേഷത്തിലേക്ക് മാറി? വിശ്വസിക്കാനായില്ല എനിക്ക്.
എന്റെ മനസ്സ് വായിച്ചെടുത്തിരിക്കണം ഷിജു. ‘ജീവിക്കാന്‍ വേണ്ടി കെട്ടിയ വേഷമാണ് ചേട്ടാ. ഇഷ്ടമുണ്ടായിട്ടല്ല. പക്ഷേ ഇപ്പോള്‍ ശീലമായി. ആളെ വിരട്ടാനൊക്കെ പഠിച്ചു…’ ഷിജു ചിരിക്കുന്നു; ഫോണില്‍ കേട്ടു മറന്ന, പതിഞ്ഞ താളത്തിലുള്ള ചിരി.
ഓര്‍മ്മയുണ്ട്; പരിഹാസത്തിന്റേയും കുത്തുവാക്കുകളുടേയും വേദന പങ്കുവെക്കാന്‍ വേണ്ടിയായിരുന്നു ഷിജുവിന്റെ ആദ്യത്തെ വിളി. സ്വന്തം വീട്ടുപരിസരത്തുള്ള കൂട്ടുകാരൊക്കെ മുഹമ്മദ് റഫിയുടെയും യേശുദാസിന്റേയും ആരാധകര്‍. ഷിജുവാകട്ടെ ചെറുപ്പം മുതല്‍ കിഷോര്‍ കുമാറിന്റെയും. പാടുന്നതും കേള്‍ക്കുന്നതും കിഷോറിന്റെ പാട്ടുകള്‍ മാത്രം. റഫിയോടും യേശുദാസിനോടും ഇഷ്ടമില്ലാഞ്ഞിട്ടല്ല. കൂടുതല്‍ സ്നേഹം കിഷോറിനോടായതുകൊണ്ട് മാത്രം. ആ സ്നേഹത്തിന് കൊടുക്കേണ്ടി വന്ന വിലയാകട്ടെ കഠിനവും.
‘കിഷോര്‍ കുമാറിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയാല്‍ അവന്മാര് എന്നെ കൂട്ടം കൂടി കളിയാക്കും. കിഷോറിന്റെ പാട്ട് നിറയെ അപശ്രുതി ആണത്രേ. ചേട്ടന് ഇയ്യിടെ മാതൃഭൂമിയില്‍ കിഷോര്‍ദായെ കുറിച്ചെഴുതിയ കോളം വായിച്ചപ്പോഴാണ് അവരോട് ഒന്ന് പൊരുതി നോക്കാന്‍ ധൈര്യം കിട്ടിയത്. ലേഖനത്തിലെ കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു വാദിച്ചപ്പോള്‍ അവര്‍ പറയുകയാണ് ചേട്ടന് വലിയ വിവരമൊന്നുമില്ല എന്ന്. എനിക്ക് സഹിച്ചില്ല. എന്താ ചെയ്യുക. അവരോട് പറഞ്ഞു ജയിക്കാന്‍ പാടാണ്. ഒരു ലോജിക്കും ഇല്ലാത്ത വര്‍ത്തമാനമാണ് പറയുക. നമുക്ക് കരച്ചില് വന്നുപോകും…..’
ഇടറുന്നുണ്ടായിരുന്നു ഷിജുവിന്റെ ശബ്ദം. കിഷോറിന്റെ പാട്ടുകള്‍ മോശമല്ല എന്ന് സ്ഥാപിക്കാന്‍ കുറച്ചു പോയിന്റുകള്‍ പറഞ്ഞുകൊടുക്കണം. അതാണ് ഷിജുവിന്റെ അടിയന്തിര ആവശ്യം. ഇഷ്ട വിഷയം ആയതുകൊണ്ട് കിഷോറിനെ കുറിച്ച് സംസാരിക്കാന്‍ എനിക്കും ഉത്സാഹം. അങ്ങനെ കിഷോറിലൂടെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാകുന്നു.
‘അവരോട് വാദിച്ചു ജയിക്കാന്‍ ശ്രമിക്കരുത്.’ — ഷിജുവിനെ ഉപദേശിച്ചു അന്ന്. ‘ഓരോരുത്തര്‍ക്കും ഇഷ്ട ഗായകരും പാട്ടുകാരും ഉണ്ടാകും. മറ്റുള്ളവരും ആ വഴി പിന്തുടരണം എന്ന് ഒരിക്കലും നമുക്ക് ശഠിക്കാന്‍ പറ്റില്ല. ഇഷ്ടമുള്ള ഗായകന്റെ പാട്ട് കേട്ട് സന്തോഷിച്ചുകൊള്ളുക. അതിനാരുടെയും സമ്മതം വേണ്ടല്ലോ. വളരെ ആത്മനിഷ്ഠമാണ് ഇത്തരം ഇഷ്ടങ്ങളൊക്കെ. അവര്‍ക്ക് അവരുടെ വഴി. നമുക്ക് നമ്മുടേയും.’
ആദ്യമാദ്യം ആ ഉപദേശം ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു ഷിജുവിന്. ബോധ്യം വന്നപ്പോള്‍ പ്രായോഗികതലത്തിലേക്ക് ഇറങ്ങിവന്നു അയാള്‍. അമിതവൈകാരികതയോട് വിടപറഞ്ഞു. കിഷോറിനെ മഹാഗായകനായി അംഗീകരിക്കാന്‍ തയ്യാറുള്ള ഒരാളെ കണ്ടുമുട്ടിയതിന്റെ ആഹ്ളാദത്തിലായിരുന്നു ഷിജു. എന്നെപ്പോലെ കിഷോറിന്റെ വിഷാദ ഗീതങ്ങളോടാണ് ഷിജുവിനും ആഭിമുഖ്യം — മേരാ ജീവന് കോറാ കാഗസ്, ഗുംഗ്രൂ കീ തരഹ്, ദില്‍ ഐസേ കിസി നേ മേരാ തോഡാ, കോയി ഹംദം നാ രഹാ, ചിങ്കാരി കോയീ ബഡ്കെ, തേരി ദുനിയാ സേ ഹോക്കെ മജ്ബൂര്, മേരെ മെഹബൂബ് ഖയാമത് ഹോഗി…… എല്ലാ പാട്ടിന്റേയും വരികളും അര്‍ത്ഥവും ഷിജുവിന് മനഃപാഠം.
കംപ്യൂട്ടര്‍ സെന്റര്‍ ജോലിയുമായി ജീവിതം മുന്നോട്ട് പോകുമ്പോഴാണ് അച്ഛന്റെ അകാലമരണം. സൂപ്പര്‍ മാര്‍ക്കറ്റില്‍ മാനേജരായിരുന്നു അച്ഛന്. കുടുംബത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അടഞ്ഞതോടെ ഷിജുവിന്റെ ചുമതലകള്‍ കൂടി; മൂന്ന് സഹോദരിമാര്‍ കൂടി ഉണ്ടായിരുന്നതുകൊണ്ട് പ്രത്യേകിച്ചും. സ്വാഭാവികമായും ഫോണ്‍ വിളികള്‍ കുറഞ്ഞു. ഒരു നാള് അവ പൂര്‍ണ്ണമായി നിലക്കുകയും ചെയ്തു. ജീവിത പ്രാരാബ്ദങ്ങളുമായി ഒതുങ്ങിക്കൂടുകയായിരിക്കും ഷിജു എന്നേ കരുതിയുള്ളൂ. അതിനിടക്ക് പാട്ടു പാടി നടക്കാന്‍ ആര്‍ക്കുണ്ട് സമയം?
‘ഈ വേഷത്തില്‍ എന്നെ കാണുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടാകും അല്ലേ? എനിക്ക് ഊഹിക്കാം.’ — ഷിജുവിന്റെ വാക്കുകള്‍ എന്നെ ചിന്തയില്‍ നിന്നുണര്‍ത്തുന്നു. ‘പോലീസില്‍ ചേരണമെന്ന് മോഹിച്ചിട്ടേയില്ല. ആരോടും ഒന്നു തര്‍ക്കിക്കാന്‍ പോലും അറിയാത്ത ആളാണ് ഞാന്‍. വികാരജീവിയാണ്. സ്റ്റണ്ട് സിനിമ കണ്ടാല്‍ പോലും കരയും. ചേട്ടനറിയാമല്ലോ…’
അറിയാം. നന്നായി അറിയാം. വെള്ളിത്തിരയില്‍ നായകനെ വില്ലന്‍ ഉപദ്രവിച്ചാലും നായികയെ ആരെങ്കിലും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചാലും സഹിക്കാനാവില്ല ഷിജുവിന്. ദുഃഖഗാനങ്ങള്‍ കേട്ടാലും കരഞ്ഞുകളയും. അതീവലോലമാണ് ഹൃദയം. ഇടക്കിടെയുള്ള കരച്ചിലും ഉച്ചത്തിലുള്ള പൊട്ടിച്ചിരിയും കാരണം തന്റെ ഒപ്പമിരുന്ന് സിനിമ കാണാന്‍ പോലും മടിയാണ് കൂട്ടുകാര്‍ക്ക് എന്ന് ഷിജു പറഞ്ഞതോര്‍മ്മയുണ്ട്.
പോലീസില്‍ സെലക്ഷനും ട്രെയിനിംഗിനുമൊക്കെ പോയത് അമ്മയുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണത്രേ. എങ്ങനെയും സര്‍ക്കാര്‍ ജോലി സംഘടിപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ അന്ന്. കുടുംബം പോറ്റണമല്ലോ. ജോലി കിട്ടിയപ്പോള്‍ ചേരാന്‍ മടിച്ചു. താന്‍ പറഞ്ഞാല്‍ ആരും വകവെക്കില്ല എന്നൊരു അപകര്‍ഷബോധം ഉണ്ടായിരുന്നു ഉള്ളില്‍. ലാത്തിയൊക്കെ വീശി നടക്കുക, അക്രമികളെ ശാരീരികമായി കൈകാര്യം ചെയ്യുക… ഇതൊന്നും ചിന്തിക്കാന്‍ പോലും വയ്യ. ഒരാളെ അടിക്കേണ്ടി വന്നാല്‍ അന്ന് കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും പറ്റില്ല എന്നതാണ് അവസ്ഥ. അങ്ങനെയൊരാള്‍ക്ക് എങ്ങനെ നിയമം നടപ്പാക്കാന്‍ പറ്റും?
പിന്നെപ്പിന്നെ ഷിജു മാറി. സ്വയം മാറ്റിയെടുത്തു എന്നു പറയുകയാവും സത്യം. ‘കൂടെയുള്ളവരൊക്കെ റഫ് ആന്‍ഡ് ടഫ് ആകുമ്പോള്‍ നമുക്ക് മാത്രം ലോലനാകാന് പറ്റില്ലല്ലോ. ഇപ്പോള്‍ ഒരു ഉശിരൊക്കെ വന്നപോലെ തോന്നുന്നുണ്ട്. ചേട്ടന് കണ്ടില്ലേ ഞാന്‍ നമ്മുടെ ഡ്രൈവറെ വിരട്ടിയത്? എങ്ങനെയുണ്ട് എന്റെ ഷോ?’ മൂക്കിന് കീഴെയുള്ള കട്ടിമീശയില്‍ തിരുപ്പിടിച്ചുകൊണ്ട് പൊട്ടിച്ചിരിയോടെ ഷിജു പറയുന്നു: ‘ഈ മീശയൊക്കെ അതിന്റെ ഭാഗമാണ് കേട്ടോ. കൊള്ളാമോ?’
അത്ഭുതത്തോടെ ഷിജുവിനെ നോക്കിയിരുന്നു ഞാന്‍. ചിരിച്ചുകൊണ്ടാണ് പറയുന്നതെങ്കിലും കുട്ടിത്തം മായാത്ത ആ കണ്ണുകളില്‍ നേര്‍ത്ത നനവ് പടര്ന്നപോലെ. ‘എന്റെ ഏറ്റവും വലിയ സങ്കടം എന്തെന്നോ? പാട്ടുകേള്‍ക്കാന്‍ ഒട്ടും സമയം കിട്ടുന്നില്ല. കിഷോറിനെയൊക്കെ കേട്ട കാലം മറന്നു. ദിവസവും ജോലിയാണ്. രാവും പകലുമെന്ന വ്യത്യാസമില്ലാത്ത ജോലി. അടിപിടിയും കൊലപാതകവും സ്ത്രീകളെ ഉപദ്രവിക്കലും ഒന്നും ഇല്ലാത്ത ഒരു ദിവസം പോലുമില്ല. പിന്നെ ലഹരി കൊണ്ടുള്ള പ്രശ്നങ്ങള്‍ വേറെ.’
ഒരു നിമിഷം നിര്‍ത്തി ഷിജു കൂട്ടിച്ചേര്‍ക്കുന്നു: ‘എത്ര ഉറക്കമിളച്ചു ജോലി ചെയ്തിട്ടും എന്താണ് നമുക്ക് കിട്ടുക എന്നോര്‍ക്കുമ്പോഴാണ് സങ്കടം. ഇതൊരു വല്ലാത്ത ജോലിയാണ് ചേട്ടാ. എത്ര അദ്ധ്വാനിച്ചാലും ഉറക്കമിളച്ചാലും ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഒക്കെ കിട്ടും കണക്കിന് തെറി. കല്യാണം വേണ്ട എന്ന് തീരുമാനിച്ചതു കൊണ്ട് ഭാര്യയുടെയും മക്കളുടെയും തെറി കേള്‍ക്കേണ്ട. അത്രയും ആശ്വാസം….’
ഇത്രയും മാനസിക സമ്മര്‍ദ്ദം ഉണ്ടായിട്ടും മദ്യത്തില്‍ അഭയം തേടിയില്ല ഷിജു എന്നത് അത്ഭുതകരമായിരുന്നു. ഒപ്പം ജോലി ചെയ്യുന്നവര്‍ പലരും നല്ല മദ്യപാനികള്‍. ‘ചേട്ടന് ഇയ്യിടെ പത്രത്തില്‍ വായിച്ചുകാണും, കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ ആത്മഹത്യയെ പറ്റി. ആരായാലും ആത്മഹത്യ ചെയ്തുപോകും. അത്രയും വലിയ മെന്റല്‍ പ്രഷര്‍ ആണ്. ചിലപ്പോള്‍ തോന്നും എല്ലാം വലിച്ചെറിഞ്ഞു എങ്ങോട്ടെങ്കിലും പോകണമെന്ന്. പെങ്ങമ്മാരുടെ മുഖം മനസ്സില്‍ തെളിയുമ്പോള്‍ ആ ചിന്തയും പോകും….. ‘ നിശബ്ദമായ ഒരു വിങ്ങല്‍ ഉള്ളിലൊതുക്കി ഷിജു ചോദിക്കുന്നു: ‘പോലീസാണെങ്കിലും ഞങ്ങളൊക്കെ മനുഷ്യരല്ലേ ചേട്ടാ?’
നിശബ്ദനായിരുന്നു ഞാന്‍. ഒരു ആശ്വാസവാക്ക് പോലും തോന്നുണ്ടായിരുന്നില്ല മനസ്സില്‍. എന്തുപദേശിക്കാന്‍? കിഷോര്‍ — റഫി ആരാധകരുടെ യുദ്ധമല്ലല്ലോ ഇത്. പച്ചയായ ജീവിതമല്ലേ? സംഗീതം പോലും ഇവിടെ അപ്രസക്തം. ‘ ജീവിതത്തില്‍ നിന്ന് പാട്ട് ഭയങ്കരമായിട്ട് അകന്നുപോയി. അതൊരു വലിയ സങ്കടമാണ്. എത്ര കാലത്തിന് ശേഷമാണെന്നോ ഞാന്‍ മനസ്സറിഞ്ഞ് കിഷോറിന്റെ ഒരു പാട്ട് പാടുന്നത്. ചേട്ടനോടാണ് അതിനെനിക്ക് കടപ്പാട്.’
യാത്ര പറഞ്ഞു പിരിയാനൊരുങ്ങവേ കാറിന്റെ ഡോര്‍ ഒരിക്കല്‍ കൂടി തുറന്ന് ഷിജു തെല്ലൊരു സങ്കോചത്തോടെ ചോദിച്ചു: ‘ചേട്ടാ, ഒരു പാട്ട് കൂടി പാടിക്കോട്ടെ? ഒരൊറ്റ പാട്ട്….’
ചിരിച്ചുകൊണ്ട് തലയാട്ടിയപ്പോള്‍ ഷിജു പാടി; വിഷാദമധുരമായ ശബ്ദത്തില്‍: ‘മേരാ ജീവന് കോറാ കാഗസ് കോറാ ഹി രഹ് ഗയാ, ജോ ലിഖാ ദാ ആംസുവോ സംഗ് ബഹ് ഗയാ…’ എഴുതാത്ത കടലാസു പോലെ ശൂന്യമായ ജീവിതത്തെ കുറിച്ചുള്ള എം ജി ഹാഷ്മത്തിന്റെ, കല്യാണ്ജി ആനന്ദ്ജിയുടെ, കിഷോറിന്റെ പാട്ട്.
ഇരുട്ടിനെ വകഞ്ഞുമാറ്റി കാര്‍ കുതിക്കവേ, എല്ലാം കണ്ടും കേട്ടും അന്തം വിട്ടിരുന്ന ഡ്രൈവറുടെ ചോദ്യം: ‘സാര്‍, അയാള്‍ക്ക് വട്ടാണ് അല്ലേ? പാവം..’
‘അതെ.’ — ഞാന്‍ പറഞ്ഞു. ‘എനിക്കും. ഒരേയൊരു വ്യത്യാസം മാത്രം. ഈ വട്ട് എനിക്കൊരു സുഖമാണ്. അയാള്‍ക്ക് ദുഃഖവും.’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]