ഒരേസമയം ഹോളിവുഡിലെ സൂപ്പര്‍ഹിറ്റ്, ക്ലാസിക് പദവികള്‍ സ്വന്തമാക്കിയ ചിത്രമായിരുന്നു ജോക്കര്‍. വാക്വിന് ഫീനിക്സിനെ നായകനാക്കി ടോഡ് ഫിലിപ്പ് സംവിധാനം ചെയ്ത് 2019-ല്‍ പുറത്തിറങ്ങിയ ജോക്കറിന് രണ്ടാം ഭാഗം വരുന്നുവെന്ന് കേട്ടപ്പോള്‍ ആരാധകര്‍ക്ക് അമിതപ്രതീക്ഷയുടെ ഭാരമുണ്ടാകുന്നത് സ്വാഭാവികമായിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന് മാത്രമല്ല, കടുത്ത വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്തു ജോക്കറിന്റെ രണ്ടാം ഭാഗമായ ‘ജോക്കര്‍: ഫോളി അഡ്യൂ’.
ഇപ്പോഴിതാ, അഭിനേതാക്കളില്‍ ഒരാള്‍ തന്നെ ചിത്രത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അര്‍ഖം അസൈലത്തിലെ ഗാര്‍ഡിന്റെ വേഷം ചെയ്ത ടിം ഡിലോണ്‍ ആണ് വിമര്‍ശനം പരസ്യമായി പറഞ്ഞിരിക്കുന്നത്. എക്കാലത്തേയും മോശം ചിത്രം എന്നാണ് ജോക്കറിന്റെ രണ്ടാം ഭാഗത്തെ ടിം വിശേഷിപ്പിച്ചത്.
‘അടുത്തിടെ പുറത്തിറങ്ങിയ ജോക്കര്‍ 2-ല്‍ ഞാന്‍ അഭിനയിച്ചിരുന്നു. എക്കാലത്തേയും മോശം ചിത്രമാണ് അത്. ആദ്യ ജോക്കര്‍ ഇറങ്ങിയതിന് ശേഷം ഞാന്‍ ചില അഭിപ്രായങ്ങള്‍ കേട്ടു. സ്ത്രീകളെ ലൈംഗികമായി ആകര്‍ഷിക്കാന്‍ കഴിയാത്തവര്‍ക്ക് ഈ ചിത്രം ഇഷ്ടപ്പെടും, തെറ്റായ കൂട്ടത്തില്‍ പെട്ട ആളുകളാണ് ഇത് ഇഷ്ടപ്പെടുന്നത്, തെറ്റായ സന്ദേശമാണ് ചിത്രം നല്‍കുന്നത്, പുരുഷന്മാരുടെ കോപമാണ് ഇത് എന്നെല്ലാമുള്ള അഭിപ്രായങ്ങളാണ് ഞാന്‍ അന്ന് കേട്ടത്. ഇതാകും അണിയറക്കാരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് എനിക്ക് തോന്നുന്നു. ഇതാകും രണ്ടാം ഭാഗം മോശമാകാന്‍ കാരണമെന്ന് ഞാന്‍ കരുതുന്നു.’ -ടിം ഡിലണ്‍ പറഞ്ഞു.
ടിം ഡിലൺ | Photo: facebook.com/TimDillonComedy
പ്രശസ്ത അമേരിക്കന്‍ തിരക്കഥാകൃത്തും സംവിധായകനും നിരൂപകനുമായ പോള്‍ ഷ്റേഡര്‍ നേരത്തേ ജോക്കര്‍ 2-നെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ജോക്കര്‍ 2 അസഹനീയമാണെന്നാണ് അദ്ദേഹം തുറന്നടിച്ചത്. മാര്ട്ടിന് സ്കോസെസി സംവിധാനം ചെയ്ത ടാക്സി ഡ്രൈവര്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് പോള്‍ പാള്‍ ഷ്റേഡര്‍. വളരെ മോശം മ്യൂസിക്കല്‍ ഡ്രാമ എന്നാണ് അദ്ദേഹം ജോക്കര്‍ 2 -നെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെട്ടിത്തുറന്ന് പറഞ്ഞത്.
‘പത്ത് പതിനഞ്ച് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോന്നു. അസഹനീയമാണ്. അവര്‍ രണ്ടുപേരെയും എനിക്ക് ഇഷ്ടമല്ല. അവരെ അഭിനേതാക്കളെന്ന നിലയിലും ഇഷ്ടമല്ല. അവരെ ആ കഥാപാത്രങ്ങളായി കാണുന്നതേ എനിക്ക് ഇഷ്ടമല്ല. അവര്‍ നിങ്ങളുടെ വീട്ടിലേക്ക് വന്നാല്‍, അവര്‍ കാണാതെ നിങ്ങള്‍ ഒഴിഞ്ഞു പോകും.’ -പോള്‍ ഷ്റേഡര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]