ബോക്സോഫീസിൽ പുതിയ വിജയഗാഥ തീർത്ത് ശിവ കാർത്തികേയൻ നായകനായ അമരൻ. ചിത്രം ആഗോളതലത്തിൽ പത്ത് ദിവസംകൊണ്ട് ആ200 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. നിർമാതാക്കളായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
വീരചരമം വരിച്ച ഇന്ത്യൻ സൈനികൻ മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന ചിത്രം ഇക്കഴിഞ്ഞ ദീപാവലിയോടനുബന്ധിച്ചാണ് റിലീസ് ചെയ്തത്. ആദ്യദിനം 21.4 കോടി കളക്ഷൻ നേടിയ ചിത്രം രണ്ടാഴ്ച തികയുന്നതിന് മുൻപുതന്നെ 200 കോടി ക്ലബിലെത്തിയിരിക്കുകയാണ്. വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം തമിഴ്നാട്ടിൽമാത്രം 136.75 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയത്. പത്താംദിനം 14.50 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.
യുദ്ധമുഖത്തുനിന്ന് ബോക്സോഫീസിലേക്ക് എന്നാണ് ചിത്രത്തിന്റെ നേട്ടം അറിയിച്ചുകൊണ്ട് നിർമാതാക്കളായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. രാജ്കുമാർ പെരിയസാമി തിരക്കഥയെഴുതി സംവിധാനംചെയ്ത ചിത്രത്തിൽ സായി പല്ലവിയാണ് നായിക. ജി.വി.പ്രകാശാണ് സംഗീതസംവിധാനം. ചിത്രം 200 കോടി ക്ലബിലെത്തിയത് അറിയിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും നിർമാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.
ശിവ കാർത്തികേയന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയംകൂടിയാവുകയാണ് അമരൻ. കശ്മീരിലെ ഷോപ്പിയാനിൽ 2014-ലെ ഭീകരാക്രമണത്തിലാണ് മേജർ മുകുന്ദ് വരദരാജ് വീരമൃത്യു വരിച്ചത്. ജമ്മു കശ്മീരിലെ 44-ാം രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മരണാനന്തരം അശോകചക്ര നൽകി ആദരിക്കപ്പെട്ട മുകുന്ദ്, തമിഴ്നാട്ടിൽനിന്ന് അശോകചക്ര ആദരം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ്.
2014ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]