തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കണ്ണപ്പ. വിഷ്ണു മഞ്ചു നായകനാവുന്ന ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിവരും മുഖ്യവേഷങ്ങളിലുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസറിൽപ്പോലും രഹസ്യമാക്കിവെച്ചിരുന്ന പ്രഭാസിന്റെ ലുക്ക് ചോർന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫോട്ടോയുടെ ഉറവിടം എവിടെനിന്നാണെന്ന അന്വേഷണത്തിലാണ് അണിയറപ്രവർത്തകർ.
കാമിയോ വേഷത്തിലാണ് കണ്ണപ്പയിൽ പ്രഭാസ് എത്തുന്നത്. ഇദ്ദേഹത്തിന്റെ കഥാപാത്രമെന്തോന്നോ, എന്ത് ലുക്കിലായിരിക്കും എത്തുകയെന്നോ അണിയറക്കാർ പുറത്തുവിട്ടിരുന്നില്ല. ഇതാണ് കഴിഞ്ഞദിവസം പരസ്യമായത്. ഇതേക്കുറിച്ച് ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ ഒരു അറിയിപ്പും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. പ്രഭാസിന്റെ ലുക്ക് ചോർത്തിയയാളെ കണ്ടുപിടിക്കുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
“കഴിഞ്ഞ എട്ടുവർഷമായി കണ്ണപ്പയ്ക്കായി ഞങ്ങളുടെ ഹൃദയവും ആത്മാവും സമർപ്പിച്ചിരിക്കുകയായിരുന്നു. രണ്ടുവർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ പകരംവെയ്ക്കാനില്ലാത്ത ഗുണമേന്മയോടെയും ആത്മാർത്ഥതയോടെയുമുള്ള ഒരു ചിത്രം നിങ്ങൾക്ക് മുന്നിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങളുടെ ടീം. എന്നാലിപ്പോൾ ഞങ്ങളാരുടേയും അനുവാദമില്ലാതെ ഒരു ചിത്രീകരണദൃശ്യം മോഷ്ടിച്ച് പുറത്തെത്തിച്ചു എന്നത് അതീവദുഃഖത്തോടെ പറഞ്ഞുകൊള്ളട്ടേ.
ഇതെങ്ങനെ പുറത്തെത്തി എന്നറിയാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടുപിടിക്കാനായി പോലീസിൽ പരാതി നൽകുന്നതുൾപ്പെടെയുള്ള മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രം പങ്കുവെയ്ക്കരുതെന്നും അങ്ങനെ ചെയ്താൽ നിയമനടപടി നേരിടേണ്ടിവരുമെന്നും അറിയിക്കുകയാണ്. ആ ചിത്രം എങ്ങനെ പുറത്തുപോയെന്ന് അറിയാൻ സഹായിക്കുന്ന വിവരങ്ങൾ തരുന്നവർക്ക് അഞ്ച് ലക്ഷംരൂപ പാരിതോഷികം നൽകുന്നതായിരിക്കും.” കണ്ണപ്പ ടീം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതിങ്ങനെ.
പീരിയോഡിക്കൽ ആക്ഷൻ ചിത്രമായാണ് കണ്ണപ്പ ഒരുങ്ങുന്നത്. എവിഎ എന്റർടൈന്മെന്റ്സിന്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെ ബാനറിലും ഡോ. മോഹൻ ബാബു നിർമിക്കുന്ന ചിത്രം മുകേഷ് കുമാർ സിങ്ങ് സംവിധാനം ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]