കൂത്തുപറമ്പ് (കണ്ണൂർ): അധ്യാപികയുടെ പ്രോത്സാഹനവും ചങ്കുകളുടെ കട്ടസപ്പോർട്ടും കിട്ടിയപ്പോൾ മുഹമ്മദ് യാസീൻ സിനോജ് തകർത്തങ്ങ് പാടി. ആറാം ക്ലാസുകാരന്റെ 45 സെക്കൻഡ് നീളുന്ന റാപ് സംഗീതം മൂന്നുദിവസംകൊണ്ട് കണ്ടത് ആറ് മില്യനിലേറെ (60 ലക്ഷത്തിലധികം) ആസ്വാദകർ. മെരുവമ്പായി എം.യു.പി. സ്കൂളിലെ വിദ്യാർഥികളുടെ ‘പഠിക്കുന്നത് വല്യേതോ സ്ഥലത്താണ്’ എന്ന ബീവി റാപ് സോങ്ങാണ് സാമൂഹികമാധ്യമത്തിൽ തരംഗമായത്.
സ്കൂളിലെ സർഗവേളയിൽ മുഹമ്മദ് യാസീൻ സിനോജ് പാടിയത് ക്ലാസ് അധ്യാപിക എം. ദൃശ്യ ഫോണിൽ പകർത്തുകയും സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. കെ.കെ. മുഹമ്മദ് സെയ്ൻ, സി. നിസാമുദ്ദീൻ എന്നിവരാണ് ബെഞ്ചിൽ താളംകൊട്ടി സിനോജിന് പിന്തുണ നൽകിയത്. മണിക്കൂറുകൾകൊണ്ട് തന്നെ പാട്ട് വൈറലായി. അഭിനന്ദനങ്ങളുമായി നിരവധി പേരെത്തി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പാട്ട് ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്യുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ഈ പാട്ട് പാടിയ എൻ.കെ. റിഷും വിദ്യാർഥികൾക്ക് പിന്തുണയും ആശംസയുമായെത്തി.
സ്കൂളിലെ വിദ്യാർഥികളായ കെ. മുഹമ്മദ് സ്വാലിഹ്, എം.പി. മുഹമ്മദ് സഹീദ്, മുഹമ്മദ് അഫ്ലഹ് എന്നിവർ ചേർന്ന് പാടിയ ഹിന്ദി സോങ് സ്കൂളിലെ ഇൻസ്റ്റാഗ്രാം പേജിലൂടെ നേരത്തേ വൈറലായിരുന്നു. നാല് കോടിയിലേറെ പേരാണ് വീഡിയോ കണ്ടത്. ദൃശ്യ ആയിരുന്നു ആ വീഡിയോയും പകർത്തിയത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിദ്യാർഥികൾ പാടിയ രണ്ട് പാട്ടുകളും സമൂഹം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]