
ഷാർജ: അരനൂറ്റാണ്ട് നീണ്ട സംഗീതസപര്യ തന്നെ സംബന്ധിച്ച് യാത്രയല്ല, ജീവിതംതന്നെയെന്ന് ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസ സംഗീതജ്ഞൻ ഇളയരാജ. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും സമ്പൂർണമായി സംഗീതത്തിൽ ജീവിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 43-ാം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ‘മഹാ സംഗീതജ്ഞന്റെ യാത്ര – ഇളയരാജയുടെ സംഗീതത്തിലൂടെ ഒരു സഞ്ചാരം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകമേളയിലെത്തിയ സംഗീതപ്രതിഭയ്ക്ക് വൻവരവേൽപ്പാണ് നൽകിയത്.
തമിഴ്നാട്ടിലെ വിദൂരഗ്രാമത്തിലാണ് ജനിച്ചതെങ്കിലും സംഗീതത്തോട് ബാല്യംമുതൽ താത്പര്യം ഉണ്ടായിരുന്നു. ചേട്ടൻ ഭാസ്കരൻ പ്രദേശത്തെ വിവിധ പരിപാടികളിൽ പാടുമായിരുന്നു. വീട്ടിൽ ഹാർമോണിയം ഉണ്ടായിരുന്നെങ്കിലും തൊടാൻപോലും അനുവാദമുണ്ടായിരുന്നില്ല. തൊട്ടാൽ ചുട്ടയടി കിട്ടുമായിരുന്നു. എന്നിട്ടും ചേട്ടനറിയാതെ ഹാർമോണിയം വായിക്കാൻ പഠിച്ചു. കമ്പത്ത് നടന്ന ഒരു കച്ചേരിയിൽ സ്ഥിരമായി ഹാർമോണിയം വായിച്ചിരുന്ന ആൾ വന്നില്ല. അന്നാണ് പൊതുവേദിയിൽ ആദ്യമായി ഒരു സംഗീതോപകരണം വായിക്കുന്നത്.
പിന്നീട് സ്വർണമെഡലോടെ ഗിറ്റാർ പഠനവും പൂർത്തിയാക്കി. 1976-ൽ ആദ്യ സിനിമയായ ‘അന്നക്കിളി’ക്ക് സംഗീതം നൽകുംമുൻപ് രാജ്കുമാർ നായകനായ കന്നഡ സിനിമയ്ക്കുവേണ്ടി സഹ സംഗീതസംവിധായകനായി പ്രവർത്തിച്ച അനുഭവവും ഇളയരാജ പങ്കുവെച്ചു.
വർഷത്തിൽ 58 സിനിമകൾക്കുവരെ സംഗീതം നൽകിയിട്ടുണ്ടെന്ന് ഇളയരാജ പറഞ്ഞു. മൂന്ന് റെക്കോഡിങ്തിയേറ്ററുകളിലായി ഒരേദിവസം മൂന്ന് സിനിമകൾക്ക് സംഗീതം നൽകിയ അപൂർവാനുഭവവും അദ്ദേഹം പങ്കിട്ടു. മണിരത്നം സംവിധാനം ചെയ്ത ‘ഇദയകോവിൽ’ എന്ന ചിത്രത്തിൽ പ്രണയവും ഭക്തിയും ഒരുപോലെ പാട്ടിൽ വരേണ്ട കഥാസന്ദർഭമുണ്ടായിരുന്നു.
എത്ര ശ്രമിച്ചിട്ടും ഗാനരചന ശരിയാവുന്നില്ല. അവിടെയാണ് തന്റെ ആദ്യ പാട്ടെഴുത്ത് സംഭവിച്ചതെന്ന് ഇളയരാജ വെളിപ്പെടുത്തി. ‘ഇദയം ഒരു കോവിൽ…’ എന്ന് തുടങ്ങുന്ന പാട്ടിന് മികച്ച സ്വീകാര്യത ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
സിംഫണികൾ മുഴുവൻ കേട്ടുതീർക്കാൻ നൂറ് ജന്മങ്ങൾ തികയാതെ വരും. ‘ദളപതി’ എന്ന ചിത്രത്തിലെ ‘സുന്ദരി കണ്ണാൽ ഒരു സേതി…’ എന്ന് തുടങ്ങുന്ന ഗാനത്തിൽ സിംഫണിയുടെ ചില അനുഭവതലങ്ങൾ കാണാം. വ്യത്യസ്ത ഭാഷകളിലുള്ള ഗാനങ്ങൾക്ക് ഈണം പകരുമ്പോൾ അവിടത്തെ സംസ്കാരത്തെക്കുറിച്ച് അറിയുന്നത് നല്ലതാണെന്നും എന്നാൽ, ഈണം നൈസർഗികമായാണ് മനസ്സിൽ നിറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]