സുരേഷ് ഗോപിയുടെ പേരും ചേർത്ത് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വ്യാജ പ്രചരണങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ഷാജി കെെലാസ്. സുരേഷ് ഗോപിക്കെതിരെ ഷാജി കൈലാസ് നടത്തിയ പ്രസ്താവനകൾ എന്ന തരത്തിലാണ് ഇരുവരുടേയും ചിത്രങ്ങൾ ചേർത്ത് വ്യാജ വാർത്തകൾ വന്നത്. വ്യാജ പ്രചരണങ്ങൾ മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണെന്ന് ഷാജി കെെലാസ് പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.
‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയർ ചെയ്യുന്നത് കാണുവാൻ ഇടയായി. ഒന്നോർക്കുക. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം. അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃത്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അതിന് നശിപ്പിക്കുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിത്’, ഷാജി കെെലാസ് കുറിച്ചു.
‘കമ്മീഷണർ എന്ന സിനിമയോട് കൂടി അവൻ പൂർണമായും കയ്യിൽ നിന്നും പോയിരുന്നു. ശാരീരിക ഭാഷയും കൈ കൊണ്ടുള്ള പ്രയോഗങ്ങളും സംസാരവുമടക്കം മൊത്തത്തിൽ സിനിമ ഏതാ ജീവിതമേതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം സുരേഷ് മാറിപ്പോയി. ഞാനത് പലതവണ ചൂണ്ടിക്കാട്ടിയപ്പോൾ ഭരത് ചന്ദ്രനെ ഉണ്ടാക്കിയ എന്നോട് പോലും ഭരത് ചന്ദ്രൻ സ്റ്റൈലിൽ തട്ടിക്കയറി’, ഈ വ്യാജ വാർത്തയാണ് ഷാജി കെെലാസിന്റെ വാക്കുകൾ എന്ന തരത്തിൽ വ്യാപകമായി പ്രചരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]