
തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞുപോയെന്ന വിമർശനത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് നടി ജോളി ചിറയത്ത്. ഒരു വനിതാ മന്ത്രിയെപ്പോലും വേദിയുടെ മുൻനിരയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും അവർ കുറ്റപ്പെടുത്തി. അഭിപ്രായം തുറന്ന് പറയുന്നതിന് പകരം പലരും വിമർശിക്കുന്നുണ്ടെങ്കിലും അത് കാര്യമാക്കുന്നില്ലെന്നും ജോളി ചിറയത്ത് പറഞ്ഞു. ഷാർജാ പുസ്തകോത്സവത്തിനെത്തിയപ്പോൾ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അവർ.
“സ്ത്രീകളില്ലെന്നുപറഞ്ഞ് സാമുദായികാടിസ്ഥാനത്തിലുള്ള വേദികളെ നമ്മളെല്ലാവരും പരിഹസിക്കാറുണ്ട്. ഒരു ജനാധിപത്യ സർക്കാർ, ഒരിടതുപക്ഷ ഗവൺമെന്റ് നടപ്പിലാക്കുന്ന ഒരു പദ്ധതിയിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഇങ്ങനെയാണോ വേണ്ടത്. ഒരു വനിതാ മന്ത്രിക്ക് മുൻനിരയിൽ നിൽക്കാനുള്ള അർഹതയില്ലേ? ആധുനിക സമൂഹത്തിന് ചേരാത്ത ചിത്രമാണിത്. ആളുകൾക്ക് എങ്ങനെ പ്രശ്നമുണ്ടെങ്കിലും സാമാന്യ ബുദ്ധി വെച്ച് ആലോചിച്ചാൽ അത് മനസിലാവേണ്ടതാണ്.” ജോളി ചിറയത്ത് പറഞ്ഞു.
കേരളപ്പിറവിയോടനുബന്ധിച്ച് തിരുവനന്തപുരത്ത് തുടങ്ങിയ കേരളീയം 2023-ന്റെ ഉദ്ഘാടന ചടങ്ങിൽ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവിനെക്കുറിച്ച് ജോളി ചിറയത്ത് സോഷ്യൽ മീഡിയയിലൂടെയാണ് ആദ്യം വിമർശനമുന്നയിച്ചത്. ചടങ്ങിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചായിരുന്നു ജോളിയുടെ കുറിപ്പ്. ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’ എന്നായിരുന്നു ജോളി കുറിച്ചത്. ഈ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് അവർ ഇപ്പോൾ വ്യക്തമാക്കിയത്.
മന്ത്രി ആർ.ബിന്ദു, നടിയും നർത്തകിയുമായ ശോഭന, മന്ത്രിമാരായ ജെ. ചിഞ്ചുറാണി, വീണാ ജോർജ് തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകൻ. മന്ത്രിമാരായ സജി ചെറിയാൻ, കെ. കൃഷ്ണൻകുട്ടി, ജി.ആർ. അനിൽ, പി. പ്രസാദ്, വി.എൻ. വാസവൻ, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, കെ.എൻ. ബാലഗോപാൽ, എ.കെ. ശശീന്ദ്രൻ, ആന്റണി രാജു, റോഷി അഗസ്റ്റിൻ, കെ. രാജൻ, വി. അബ്ദുറഹിമാൻ, വി. ശിവൻകുട്ടി, നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ, സ്പീക്കർ എ.എൻ. ഷംസീർ, യു.എ.ഇ. അംബാസഡർ അബ്ദുൽ നാസർ ജമാൽ അൽ ശാലി, വ്യവസായി എം.എ. യൂസഫലി, വ്യവസായി ബി. രവിപിള്ള തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. ചടങ്ങിൽ സ്ത്രീപ്രാതിനിധ്യം കുറവാണെന്ന് ചൂണ്ടാക്കാട്ടി സൂമഹമാധ്യമങ്ങളിൽ വിമർശനം ഉയർന്ന സാഹചര്യത്തിലായിരുന്നു ജോളി ചിറയത്തിന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]