
കൊച്ചി: ‘ജന്മദിന ആശംസകൾ മമ്മൂക്കാ… എന്റെ ഹൃദയം അങ്ങയോട് കടപ്പെട്ടിരിക്കുന്നു…’- ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് ശനിയാഴ്ച മമ്മൂട്ടിയുടെ ജന്മദിനം ആണെന്ന് മഞ്ജിമ അറിയുന്നത്. തന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവൻ ഏറ്റെടുത്ത മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേരുന്നതിനിടെ മഞ്ജിമയുടെ കണ്ണുകൾ നിറഞ്ഞു.
ജന്മനാ ഹൃദയത്തിലുണ്ടായിരുന്ന ദ്വാരംമൂലം ബുദ്ധിമുട്ടിയിരുന്ന 21-കാരി മഞ്ജിമയ്ക്ക് മമ്മൂട്ടിയുടെ നിർദേശത്തെ തുടർന്നാണ് രാജഗിരി ആശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ ചെയ്തത്. വാഗമണ്ണിൽ ബി.ബി.എ. ഒന്നാം സെമസ്റ്റർ വിദ്യാർഥിനിയായിരുന്നു പാലക്കാട് സ്വദേശിയായ മഞ്ജിമ.
കലശലായ ശ്വാസതടസ്സത്തെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഹൃദയത്തിന് തകരാറുള്ളതായി വ്യക്തമായി. തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ നടത്തിയ പരിശോധനകളിൽ ഹൃദയത്തിന്റെ മുകളിലെ അറകളെ തമ്മിൽ വേർതിരിക്കുന്ന ഭിത്തിയിൽ ദ്വാരം ഉണ്ടെന്ന് വ്യക്തമായി. അടിയന്തര ശസ്ത്രക്രിയ വേണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം.
ഓട്ടോഡ്രൈവറായ അച്ഛൻ തോമസിന്റെ വരുമാനത്തിൽ കഴിഞ്ഞിരുന്ന മഞ്ജിമയുടെ കുടുംബം ഇതോടെ പ്രതിസന്ധിയിലായി. ഈ ഘട്ടത്തിലാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും രാജഗിരി ആശുപത്രിയും ചേർന്ന് നടത്തുന്ന ‘ഹൃദ്യം’ പദ്ധതിയെ കുറിച്ച് അറിയുന്നത്.
ജോൺ ബ്രിട്ടാസ് എം.പി. മുഖേന മഞ്ജിമയുടെ രോഗവിവരമറിഞ്ഞ കെയർ ആൻഡ് ഷെയർ ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി. ‘ഹൃദ്യം’ പദ്ധതിയിൽ മഞ്ജിമയെ ഉൾപ്പെടുത്താൻ മമ്മൂട്ടി നിർദേശിക്കുകയും ചെയ്തു.
രാജഗിരി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ശിവ് കെ. നായരുടെ നേതൃത്വത്തിൽ കൺസൾട്ടന്റ് കാർഡിയാക്ക് സർജൻ ഡോ. റിജു രാജസേനൻ നായർ, അനസ്തേഷ്യവിഭാഗത്തിലെ ഡോ. മേരി സ്മിത തോമസ്, ഡോ. ഡിപിൻ, ഡോ. അക്ഷയ് നാരായൺ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.
അഞ്ചുലക്ഷത്തോളം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയാണ് ‘ഹൃദ്യം’ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുനൽകിയത്. 2022 മേയിൽ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ അൻപതോളം ശസ്ത്രക്രിയകൾ പൂർത്തിയാക്കിയെന്ന് കെയർ ആൻഡ് ഷെയർ ഭാരവാഹികൾ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]